രാജസ്ഥാനിന്റെ മഹാരാജാവ് ദില്ലി ബാദശാഹയുടെ പാദസേവകനായിരുന്നു. ദില്ലിയിലെയും ദേവഗിരിയിലെയും കനോജിലേയും വിജയനഗരത്തിലേയും ഹിന്ദു സാമ്രാജ്യങ്ങള്‍ തകര്‍ന്നുതരിപ്പണമായിരുന്നു. അവ ചെറുചെറു രാജ്യങ്ങളായി പരിണമിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രതാപികളായ വീരന്മാര് ഏതെങ്കിലും മുസ്ലിം രാജ്യങ്ങളുടെ സേവകരായി (സര്‍ദാര്‍)മാറിയിട്ടുണ്ടായിരുന്നു. ഹിന്ദുക്കളുടെ സ്വതന്ത്രരാജ്യം അസംഭവം, അങ്ങനെയൊന്നു സങ്കല്പ്പിക്കാന് പോലും സാധിക്കുമായിരുന്നില്ല. സമസ്ത ഹിന്ദുക്കളുടെയും ശ്രദ്ധാ കേന്ദ്രമായി, സര്‍വതന്ത്ര സ്വതന്ത്ര രാഷ്ട്രീയ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി, സാര്‍വഭൗമ ഹിന്ദു ഭരണകൂടം ഒന്നുപോലുമുണ്ടായിരുന്നില്ല.
ഹിന്ദുസ്ഥാനത്തിന്റെ ഓരോ ഇഞ്ചു ഭൂമിയും തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നായിരുന്നു ബാദശാഹയുടെ ഭാവം. നമ്മുടെ ദേശത്തിലെ ജനങ്ങളാകട്ടെ തങ്ങളുടെ ഭരണം ദില്ലിയില്‍നിന്നാണ് നടക്കുന്നത് എന്നാണ് കരുതിയിരുന്നത്. ദില്ലീശ്വരോ വാ ജഗദീശ്വരോ വ എന്ന് ഉരുവിട്ടുകൊണ്ട് അന്ധമായി അവരെ അനുകരിക്കുകയായിരുന്നു. ഹിന്ദുക്കള്‍ വിധര്‍മികളും വിദേശികളും ആക്രമണകാരികളുമായ ഇവരിലാണ് നിഷ്ഠ പുലര്‍ത്തിയിരുന്നത്. സ്വതന്ത്ര സ്വരാജ്യ നിഷ്ഠ പുലര്‍ത്താവുന്ന ഒരു കേന്ദ്രം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് ഈ ഏകച്ഛത്രാധിപത്യത്തെ തകര്‍ത്ത്, സ്വരാജ്യത്തിന്റെ ഉറച്ച ആധാരശില സ്ഥാപിക്കതന്നെ വേണം. വ്യക്തമോ അവ്യക്ത രൂപത്തിലൊ രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ ശമനം ശിവാജിയല്ലാതെ മറ്റാര് ശമിപ്പിക്കാന്‍? എപ്രകാരമാണൊ ശത്രുക്കളെ സംഹരിക്കുന്നതില്‍ അദ്വിതീയ പരാക്രമം അദ്ദേഹം കാണിച്ചത് അതുപോലെ രോഗഗ്രസ്ഥമായ രാഷ്ട്രത്തിന്റെ അന്തഃകരണങ്ങളെ ചികിത്സിക്കുന്നതിലും അദ്ദേഹം പ്രതിഭാവാനായിരുന്നു. അതുകൊണ്ട് സ്വതന്ത്രവും ഭൂമിയിലെ സര്‍വ്വശ്രേഷ്ഠവുമായ ഹിന്ദുസാമ്രാജ്യം സ്ഥാപിക്കണം എന്ന് ശിവാജി നിശ്ചയിച്ചു.
വിദേശികളും വിധര്മികളുമായ ഭരണാധികാരികളുടെ സ്ഥാനത്ത്, സ്വയംഭൂവായ ഛത്രപതി ആകുമെന്നദ്ദേഹം തീരുമാനമെടുത്തു. ഈ സിംഹാസനം വ്യക്തിപരമായ പ്രതിഷ്ഠക്കു വേണ്ടിയല്ല മറിച്ച് ഹിന്ദവീ സ്വരാജ് എന്ന ലക്ഷ്യപൂര്ത്തിക്കുവേണ്ടിയായിരുന്നു. വ്യക്തിഗതമായ പേര് പെരുമ എന്നിവയ്ക്ക് ശിവാജിയുടെ ജീവിതത്തില്‍ എള്ളോളം സ്ഥാനമുണ്ടായിരുന്നില്ല. മുഴുവന്‍ രാജ്യവും സമര്‍ത്ഥ രാമദാസ സ്വാമികളുടെ തൃച്ചേവടികളില്‍ സമര്പ്പിച്ചിരിക്കയായിരുന്നു അദ്ദേഹം. വിരക്തനായ ഒരു രാജര്‍ഷിയായിരുന്നു അദ്ദേഹം. എന്നിരുന്നാലും, ഐതിഹാസികവും അനിവാര്യവുമായ രാഷ്ട്രത്തിന്റെ ആവശ്യകതകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനായി പുതിയ ശ്രദ്ധാപീഠത്തിന്റെ (സിംഹാസനത്തിന്റെ) സ്ഥാപനം നടത്താന്‍ നിശ്ചയിച്ചു.
ശിവാജിയുടെ രാജ്യാഭിഷേകം നടത്താനുള്ള തീരുമാനമായി. പ്രമുഖരായ ഭരണാധികാരിമാരെല്ലാം ഒരുമിച്ചിരുന്നു. സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. അതില്‍ പ്രധാനമായ ഒരു വിഷയമായിരുന്നു രാജധാനി എവിടെയായിരിക്കണമെന്നത്. രാജധാനിക്ക് യോഗ്യമായ എല്ലാ ലക്ഷണങ്ങളോടും കൂടിയതായിരുന്നു റായഗഢ്. മറ്റുള്ള കോട്ടകളുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതും ചുറ്റുപാടും ഇടതൂര്‍ന്ന വനത്തോടുകൂടിയതും ദുര്‍ഗമങ്ങളായ പര്വതമാലകളോടുകൂടിയതുമായ റായഗഢിന്റെ ഒരു ഭാഗം സമുദ്രവും മറുഭാഗം ഭൂപ്രദേശവും ആയിരുന്നു. എല്ലാ ഭാഗത്തും നോട്ടം കിട്ടുന്ന രീതിയിലായിരുന്നു കോട്ടയുടെ കിടപ്പ്.
ശത്രുസൈന്യത്തിന് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്തതും അജയ്യവുമായിരുന്നു റായഗഢ്. മുഴുവന്‍ ഹിന്ദുസമാജത്തിന്റെയും അംഗീകാരം കിട്ടത്തക്കവിധം, ശാസ്ത്രവിധിയനുസരിച്ച് രാജ്യാഭിഷേകം നടത്താന്‍ സമര്‍ത്ഥനായ യോഗ്യപുരോഹിതന് ആരായിരിക്കണം എന്നതായിരുന്നു രണ്ടാമത്തെ വിഷയം. അതും പരിഹൃതമായി. സമസ്ത ഹിന്ദു സമാജത്തിന്റെയും അഗ്രപൂജയ്ക്ക് പാത്രീഭൂതനായ, വേദവേദാംഗ പ്രഖരപണ്ഡിതനായ ഗംഗാഭട്ട് കാശിയില്‍നിന്ന് വന്നുചേര്‍ന്നു. ദേശത്തിന്റെ നാനാഭാഗത്തുനിന്നുമായി ശാസ്ത്രവിശാരദന്മാരായ ആയിരം ബ്രാഹ്മണന്മാര് റായഗഢില്‍ എത്തിച്ചേര്‍ന്നു. അഖിലഭാരതീയമായ കാഴ്ചപ്പാടോടുകൂടി സമസ്ത ഹിന്ദു സമാജത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട് സഗൗരവം നടത്തപ്പെട്ട രാജതിലകകാര്യക്രമത്തില് ക്ഷണിക്കപ്പെട്ട അതിഥികളുടെ സംഖ്യ ഇരുപതിനായിരത്തിലേറെയായിരുന്നു.
നൂറ്റാണ്ടുകളായി ഹിന്ദുവീരന്മാരും ത്യാഗശീലരും തപസ്വികളും ആര്‍ജിച്ച തപസ്സിന്റെ പുണ്യഫലമായാണ് ഈ അവസരം സംജാതമായിരിക്കുന്നത്. ഈ അവസരത്തില്‍ സ്വരാജ്യത്തിന്റെ ഏതെങ്കിലും കോണില്‍ ഒരു തരത്തിലുമുള്ള അനര്‍ത്ഥമോ അസ്വാരസ്യമോ ഇല്ലാതിരിക്കാന്‍, സ്വരാജ്യത്തിന്റെ നിരീക്ഷണത്തിനായി ശിവാജി പുറപ്പെട്ടു.
എല്ലാ കോട്ടകള്‍ക്കും ശത്രുവിന്റെ എല്ലാ ഗതിവിധികളും നിരീക്ഷണം ചെയ്യാനും ജാഗരൂകരായിരിക്കാനും സൂചനകളയച്ചു. മുതിര്‍ന്ന അധികാരിമാര്‍ പൂര്വസൂചനയില്ലാതെ പല കോട്ടകളും നിരീക്ഷണത്തിന് വിധേയമാക്കി. അവിടുത്തെ രക്ഷണ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തി. കോട്ടകളുടെ സുരക്ഷാ വ്യവസ്ഥയും ഭരണവ്യവസ്ഥയും സുദൃഢമാണെന്ന് ഉറപ്പുവരുത്തി.
മുഹൂര്‍ത്തം നിശ്ചയിച്ചു. യുഗാബ്ദം 4776, വിക്രംസംവത് 1731, പൊതുവര്‍ഷം 1674 ജൂണ്‍ 5 ശകവര്‍ഷം 1596, ജേഷ്ഠശുക്ല ത്രയോദശി.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: