മഹാവീര്‍ എന്നറിയപ്പെടുന്നതിനുള്ള അഞ്ച് വീരതകളില് നാലാമത്തേത് ദാനവീര്. ദാനം ചെയ്യുന്നതില്‍ വീരനാകുക. ദീനന്, ശരണം പ്രാപിക്കുന്നവന്, അനാഥന് എന്നിവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നതിക്കു വേണ്ടത് നല്‍കണം. ദാനം ചെയ്യുമ്പോള്‍ പാത്രം അറിഞ്ഞു ദാനം ചെയ്യണമെന്ന് പറയാറുണ്ട്. ആവശ്യക്കാരനല്ലാത്തവര്ക്ക് കൊടുക്കുന്നത് ദാനമല്ല. ധര്‍മ്മവുമല്ല. ദാനം ചെയ്യല്‍ നമ്മിലെ സ്വാര്‍ഥത കുറച്ച് ചിത്തശുദ്ധി കൂട്ടും. വീരതകളില് അവസാനത്തേത് രണവീര്‍. യുദ്ധമുഖത്തെ വീരതയാണത്. സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധം മാത്രമല്ല, ഏത് ജീവിത യുദ്ധത്തിലും ഏത് വിഷമഘട്ടത്തിലും പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യം സ്വരൂപിക്കണം. ഭീതിയെ മറികടന്ന് നേര്‍ക്കു നേര് നേരിടണം.
ഹനുമാന്റെ ജീവിതത്തില്‍ ഈ വീരതകളെല്ലാം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ മഹാവീര്‍ അല്ലെങ്കില്‍ പരംവീര്‍ എന്നു പറയുന്നത്. ജീവിതത്തില്‍ ഇതില്‍ പല ഗുണങ്ങളും പലരിലും കാണാം. എന്നാല്‍ ഹനുമാനില്‍ ഇതെല്ലാം സമന്വയിച്ചിരുന്നു എന്നതാണ് പ്രത്യേകത.
മഹാവീരന് മാത്രമല്ല, വിക്രമന് കൂടിയായിരുന്നു ഹനുമാന്. വിക്രമന് എന്നാല്‍ വീരതയുടെ പ്രകടനം നടത്തിയവന് എന്നര്‍ഥം. ഈശ്വരനെപ്പോലും സഹായിച്ചിരുന്നു എന്നതു തന്നെ വീരത. അതിലുപരി ശ്രീരാമന്റെ കഥയാണ് രാമായണം എന്നു പറയുമ്പോഴും ഹനുമാന്റെ വീരചരിതങ്ങളാണ് പലപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങി നില്ക്കുക. ‘എനിക്ക് വീട്ടാന്‍ പറ്റാത്ത അത്ര കടക്കാരനാക്കി’ എന്ന് ഒരിക്കല്‍ ശ്രീരാമദേവന് തന്നെ ഹനുമാനോട് പറഞ്ഞിട്ടുണ്ടത്രേ. ബജരംഗിയാണ് ഹനുമാന്. സംസ്കൃതത്തില്‍ വജ്ര അംഗി. വജ്രം പോലെയുള്ള അംഗത്തോടു കൂടിയവന് എന്നതാണ് ബജരംഗിക്ക് അവധിഭാഷയിലെ അര്‍ഥം. ഇന്ദ്രന്റെ വജ്രായുധത്തിന്റെ പ്രഹരമേറ്റിട്ടും ജീവനോടെ ശേഷിച്ചത് ഹനുമാന് മാത്രമാണ്.
സ്വാമി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: