പ്രാസാദത്തിന്റെ തറ എന്ന പോലെ തന്നെ വിവിധ അലങ്കാരങ്ങളാല്‍ സമ്പുഷ്ടമാണ് ക്ഷേത്രഭിത്തികളും. കൃഷ്ണശിലാ നിര്‍മിത ഭിത്തി അലങ്കാരങ്ങളും ചുവര് ചിത്രകലകളും പുരാതനകാലം മുതല്‍ ക്ഷേത്രസൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു.
സാധാരണ വലിയ ദേവാലയങ്ങള്‍ക്ക് ഗര്‍ഭഗൃഹം എന്ന് പേരായ പ്രതിഷ്ഠാ സ്ഥാനത്തിന് പുറമെ പുറം ഭാഗത്തായി ശ്രീകോവില്‍ പ്രത്യേകം നിര്‍മ്മിക്കാറുണ്ട്. ഇവകള്ക്കിടയിലുള്ള ഭാഗം ഇടനാഴിയായോ അതല്ലെങ്കില്‍ ഗര്‍ഭഗൃഹ പുറംഭിത്തി ശ്രീകോവില്‍ അകംഭിത്തിയോട് ചേര്‍ത്തോ പണിയുകയോ യാവാം പതിവ്. എന്നാല്‍ ചെറിയ ക്ഷേത്രങ്ങള്‍ക്ക് ഗര്‍ഭഗൃഹം തന്നെ ശ്രീകോവിലായും വരാം. പല ആകൃതിയിലും, വലുപ്പത്തിലും, നിലകളിലും ഉള്ള ക്ഷേത്ര നിര്മിതികളുണ്ട്. ക്ഷേത്രങ്ങളുടെ ഭിത്തി പല നിലകളില്‍ പല അലങ്കാരങ്ങള്‍ കൊണ്ടു സമൃദ്ധവുമാണ്. പല നിലകളില്‍ ഓരോ നിലയും സംഭാരപ്പടി എന്ന അവയവം കൊണ്ടു വേര്‍തിരിക്കും. സംഭാരപ്പടി എന്ന മടമ്പ് പലക കല്ലുകൊണ്ട് തന്നെയോ മരം കൊണ്ടോ നിര്മിക്കാവുന്നതാണ്. മുകള്‍ നിലയുടെ ഉയരം ഇതിന് മുകളിലേക്കാണ് കണക്കാക്കേണ്ടത്.
വേദിക, ഭിത്തിക്കാലുകള്‍, പഞ്ജരം, ഘനദ്വാരം, തോരണം എന്നിവയാണ് സാധാരണയായി കാണുന്ന ഭിത്തി അലങ്കാരങ്ങള്‍. വേദിക തറയ്ക്ക് മുകളില്‍ പണിയുന്ന അലങ്കാരമാണ്. വേദിക ഉയരത്തെ ആറായി അംശിച്ചു പട്ടം, ഗളം, അബ്ജം എന്നീ അവയവ സഹിതമായി നിര്‍മിക്കണം.
ഭിത്തി സാധാരണയായി ചെങ്കല്ല് കൊണ്ടോ കൃഷ്ണശില കൊണ്ടോ പണിയാം. ഇപ്രകാരം ഭിത്തിക്കാലുകളായ തൂണുകളും. പ്രാസാദത്തിന്റെ നാലുകോണുകളിലും ഓരോന്നും ദിക്കുകളില്‍ ഈരണ്ടുമായി പന്ത്രണ്ടു കാലുകളായാണ് ഭിത്തിക്കാലുകളുടെ വിന്യാസം. ഇതു കൂടാതെ
പ്രാസാദവിസ്താര ഭേദം അനുസരിച്ചു പതിനാറു കാലുകളോ ഇരുപതു കാലുകളോ ആയും പണിയുവാനുള്ള വിധികളുണ്ട്. തൂണിനു ചതുരം, അഷ്ടകോണ്‍, പതിനാറു കോണ്‍, വൃത്തം എന്നിങ്ങനെ പല ആകൃതിയും പതിവുണ്ട്. ഇവകള്‍ ചേര്‍ത്തും ചെയ്യാവുന്നതാണ്. മുകളില്‍ പോതിക, വീരകാണ്ഡം, മണ്ഡിക്കുടം, ലശുനം, മാലാസ്ഥാനം എന്നിവയും താഴെ ഓമയും അലങ്കാരമായി വേണം.
പോതിക തന്നെ മുഷ്ടിബന്ധം, ഛായാ തുടങ്ങി അലങ്കാരസഹിതമാണ്. മുഷ്ടി ഭദ്രത്തിന്റെ അഗ്രത്തില്‍ സിംഹം, സര്‍പ്പം, സിംഹവ്യാളി എന്നീ അലങ്കാരങ്ങളുമാകാം. (സിംഹ വ്യാളീ എന്നത് ചിത്രവാസ്തുപരമായ ഭാവനാത്മകമായ ജന്തു വിശേഷമാണ്. ഇപ്രകാരം തന്നെ വ്യാഘ്രവ്യാളിയുമുണ്ട്.
ഈ ഭിത്തിക്കാലുകള്‍ അലങ്കാരമായി മാത്രം നല്കുന്നുവെങ്കില് ചുവരില്‍ നിന്ന് പുറത്തേക്ക് തള്ളിയാണ് നല്‍കേണ്ടത്. കാലുകള്‍ക്ക് അഗ്രവിസ്താരം കുറഞ്ഞു വേണം പണിയാന്‍. പോതിക ഓമ തുടങ്ങിയ അലങ്കാരങ്ങള്‍ കൊണ്ട് മനോഹരമാക്കുകയും ചെയ്യാം. ഭിത്തിക്കാലുകളുടെ ഇടകളില്‍ ഓരോന്നൊ ഈരണ്ടോ പഞ്ജരങ്ങള്‍ നിര്‍മ്മിക്കാം. ശാലാകൂടങ്ങളുടെ ഇടയിലുള്ള മഹാനാസികയുടെ ഇരു ഭാഗത്തുമായും
നിര്‍മ്മിക്കാവുന്നതാണ്. പതിനെട്ട്, മുപ്പത്താറ്, നാല്പത്തിനാല്, നാല്പത്തിയെട്ട് അംശ ക്രമങ്ങളില്‍ പഞ്ജരങ്ങള്‍ നിര്‍മ്മിക്കാം. ഇവകളില്‍ തന്നെ ശിഖര ഭേദം അനുസരിച്ചു തിലക, ഗരുഡ, കപി, സിംഹ, പഞ്ജരം തുടങ്ങി വ്യത്യസ്ത നാമധേയത്താല്‍ വ്യത്യസ്ത പഞ്ജരങ്ങളുണ്ട്. ചതുരാകൃതിയായാണ് നിര്മിക്കാറുള്ളവത്. ഭിത്തിഭാഗം ഒഴിച്ചുള്ള മൂന്നു മുഖമായാണ് അതുണ്ടാക്കേണ്ടത്.
ഇതു കൂടാതെ മറ്റൊരു പ്രധാന അലങ്കാരമാണ് ഘന ദ്വാരം. പ്രധാന ദ്വാരവിസ്താരത്തിന്റെ എട്ടില്‍ അഞ്ചംശം ആണ് ഘന ദ്വാരത്തിന്റെ വിസ്താരം. അതിന്റെ രണ്ടോ രണ്ടരയോ ഇരട്ടി ഉയരവുമാകാം. പ്രധാന ദ്വാരത്തിനു പറയപ്പെട്ട എല്ലാ അവയവങ്ങളും ഇതിനും വേണം. അപ്രധാന നടകളില്‍ അലങ്കാരമായി പണിയുന്ന ഈ ദ്വാരങ്ങള്‍ തുറക്കേണ്ടുന്ന വിധമല്ല പണിയുന്നത്. അത് കൊണ്ട് തന്നെ ഭിത്തി നിര്‍മിക്കുന്ന വസ്തു കൊണ്ട് തന്നെ ഘനദ്വാരവും നിര്‍മിക്കാം. ചുരുക്കം ചില ക്ഷേത്രങ്ങളില്‍ പിന്നടയിലോ വശങ്ങളിലൊ പ്രതിഷ്ഠ ഉണ്ടെങ്കില്‍ നട തുറക്കാവുന്ന വിധം പണിയണം.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: