ഡാളസ്: മെക്‌സിക്കൊ അതിര്‍ത്തി കടന്ന് ടെക്‌സസ്സില്‍ പ്രവേശിക്കുന്ന ആയിരക്കണക്കിന് കുട്ടികളെ ഉള്‍ക്കൊള്ളുവാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അഭയ കേന്ദ്രങ്ങള്‍ക്ക് ശേഷിയില്ലാത്ത അവസ്ഥയില്‍ മൂവായിരത്തിലധികം കുട്ടികളെ ഡാളസ്സിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് അയക്കുമെന്ന് ബൈഡന്‍ ഡാളസ് അധികൃതരെ അറിയിച്ചു. മാര്‍ച്ച് മൂന്നാംവാരത്തിന്റെ അവസാനം ഇവിടേക്ക് അയക്കുന്ന കുട്ടികള്‍ക്ക് തൊണ്ണൂറു ദിവസം അഭയം നല്‍കാൻ ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഡാളസ് ഡൗണ്‍ ടൗണിലുള്ള കെ ബെയ്‌ലി ഹച്ചിന്‍സണ്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ചുമതല ഡാളസ് സിറ്റി കൗണ്‍സിലിനാണ്. 15 മുതല്‍ 17 വരെയുള്ള കുട്ടികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്.
അതിര്‍ത്തികടന്നെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടികാട്ടി ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രൊ മേയര്‍ക്കസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് ശനിയാഴ്ച സന്ദേശമയച്ചിരുന്നു. ട്രംപ് ഭരണത്തിന്റെ അവസാനം അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും കര്‍ശന നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ട്രമ്പ് സ്വീകരിച്ച എല്ലാ നടപടികളും പിന്‍വലിച്ചു എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി.
ജനുവരി മുതല്‍ മാര്‍ച്ച് പകുതിവരെ അമേരിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ്. ഇവരെ ഉള്‍ക്കൊള്ളുവാനാവാതെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം ഗ്രാമത്തിന്റെ അധികാരികള്‍ക്ക് ഇല്ലാ എന്നതാണ് ഇവരെ അലട്ടുന്ന പ്രശ്‌നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: