കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ കെ. സുധാകരന് എംപി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്നു പറഞ്ഞാല്‍ സോണിയ ഗാന്ധിയോ രാഹുലോ അല്ല. കെ.സി. വേണുഗോപാലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അദ്ദേഹത്തിന്റെ കുറേ ആളുകളെ പട്ടികയില്‍ തിരുകി കയറ്റിയെന്നും അേേദ്ദഹം രൂക്ഷമായി വിമര്‍ശിച്ചു.
കാര്യക്ഷമതയും വിജയ സാധ്യതയും നോക്കി നിഷ്പക്ഷമായ സ്ഥാനാര്‍ത്ഥി പട്ടിക താന്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം തള്ളിപ്പോയി. പാര്‍ട്ടിയുടെ വിജയസാധ്യതയേക്കാള്‍ വേണുഗോപാലിന് വേണ്ടപ്പെട്ടവര്‍എന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ നല്കിയ പട്ടിക എന്തുകൊണ്ടു തള്ളിയെന്നു ബോധ്യപ്പെടുത്തിയില്ല. വേറെ പേര് വന്നപ്പോള്‍ മാത്രമാണു തള്ളിപ്പോയ കാര്യം അറിഞ്ഞത്. എഐസിസി നേതൃത്വത്തെ നേര്‍വഴി കാണിക്കാന്‍ സ്ക്രീനിങ് കമ്മിറ്റിയില്‍ അംഗങ്ങളാക്കിയ കേരളത്തിലെ നേതാക്കള്‍ അവരെ വഴി തെറ്റിക്കുകയാണുണ്ടായതെന്നും കെ. സുധാകരന് പറഞ്ഞു.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണ്. കെപിസിസി പ്രസിഡന്റും കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ഈ നേതാക്കള്‍ പറയുന്നതു കേട്ട് ശാന്തമായി മാറിനില്‍ക്കുന്നയാളാണു മുല്ലപ്പള്ളി. ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ടാക്കിയ സ്ഥാനാര്‍ഥിപ്പട്ടികയാണിത്. പട്ടിക വന്നതിനുശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടു. വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി തനിക്ക് ആവശ്യമില്ല. ഇപ്പോള്‍ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്ക്കാന് കാരണക്കാരനാകരുത് എന്നു കരുതിയാണ്. തൃപ്തികൊണ്ടല്ല തുടരുന്നത് ചാനല്‍ അഭിമുഖത്തില്‍ സുധാകരന് തുറന്നടിച്ചു.
രാവും പകലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ലതികാ സുഭാഷിന്റെ വികാരവും പ്രതിഷേധവും ന്യായമാണ്. അവര്‍ക്കു സീറ്റ് നല്‍കാത്തതിനു കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷിയെ പഴിക്കുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിന്റെ തീരുമാനം ഘടകകക്ഷിയെ അംഗീകരിപ്പിക്കുന്നതിലാണു നേതൃ ഗുണം. മട്ടന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയെ തിരുകിവച്ചത് താന്‍ ഉള്‍പ്പെടെ ജില്ലയിലെ ഒരു നേതാവിനോടും ആലോചിച്ചിട്ടല്ല. ആ മണ്ഡലത്തില്‍ ആര്‍എസ്പിക്ക് ആരുമില്ല.
പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. സിപിഎം കോട്ടകളിലെ പാര്‍ട്ടി ഘടകങ്ങള്‍ ദുര്‍ബലമാവുകയാണ്. തളിപ്പറമ്പില്‍ കഴിഞ്ഞ തവണ സംഭവിച്ചത് ഇത്തവണ മട്ടന്നൂരില്‍ സംഭവിക്കും. തിരുവിതാംകൂറിലെ ആളുകളെ കൊണ്ടുവന്ന് മലബാറില്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്. താന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്നാണു പറയുന്നത്. എന്നാല്‍ സ്വന്തം ജില്ലയിലെ കാര്യം പോലും ചര്‍ച്ച ചെയ്യുന്നില്ല. ദുഃഖപൂര്ണമാണ്. ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ. ബാക്കി വോട്ടടുപ്പിനുശേഷം പറയുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: