തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളുടെ(യുഎഫ്ബിയു) നേതൃത്വത്തില്‍ തിങ്കളാഴ്ച ആരംഭിച്ച സമരം പൂര്‍ണ്ണം.
യുഎഫ്ബിയുവിന്റെ കീഴിലുള്ള ഒമ്പത് ബാങ്ക് യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എ ഐബിഇഎ, ബെഫി, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്ഒബി ഡ്ബ്ള്യു, എന്‍ഒബിഒ എന്നീ യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
ഏകദേശം 10 ലക്ഷത്തോളം പേര് പണിമുടക്കില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയന് ഭാരവാഹികള്‍ പറഞ്ഞു. രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎമ്മുകളില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ പണക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.
പണിമുടക്ക് ചൊവ്വാഴ്ചയും തുടരും. എടിഎം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിവിധാ ബാങ്കുകളുടെ മാനേജ്മെന്റുകള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്ന് പണിമുടക്കില്‍ പങ്കെടുക്കുന്ന യൂണിയനുകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് പലര്‍ക്കും ഭാഗികമായി പണമിടപാട് നടത്തുന്നതില്‍ ആശ്വാസമായി. അതേ സമയം ഡെപ്പോസിറ്റുകള്‍, പണം പിന്‍വലിക്കല്‍, ചെക്ക് ക്ലിയറന്‍സ്, വായ്പ അംഗീകരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തടസ്സപ്പെട്ടു. അതേ സമയം സമരത്തില്‍ പങ്കെടുക്കാത്ത ഐസി ഐസി ഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവ സാധാരണപോലെ പ്രവര്‍ത്തിച്ചു.
ഓഹരി വിപണിയും പണവിപണിയും ഭാഗികമായി തടസ്സപ്പെട്ടു. ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും സമരത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
മാര്‍ച്ച് 13ന് രണ്ടാം ശനിയാഴ്ച മൂലം ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. മാര്‍ച്ച് 14 ഞായറാഴ്ചയായിരുന്നു. മാര്‍ച്ച് 15 തിങ്കളും മാര്‍ച്ച് 16 ചൊവ്വയും പണിമുടക്കും കൂടി ആയതോടെ സാധാരണക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: