”തടാകവും ലഗൂണും തമ്മിലെന്താണ് വ്യത്യാസം?” ഞാന്‍ പ്രഫസറോട് ചോദിച്ചു. ആ മുഖം വിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി.
”വിവിധ കാരണങ്ങളാല്‍ ഭൂതലത്തില്‍ രൂപപ്പെടുന്ന ഗര്‍ത്തങ്ങളില്‍ ജലസംഭരണം നടന്നാണ് തടാകങ്ങള്‍ രൂപം കൊള്ളുന്നത്. ഉയരമുള്ള കരയുടെയോ ഹിമാനിനിരയുടെയോ സാന്നിധ്യം അവയ്ക്കു ചുറ്റിലുമുണ്ടായിരിക്കും. അഗണ്യമായ ജലസ്രോതസ്സുകളാണിവ.”
ഇരയെക്കിട്ടിയ പുലിയുടെ ഭാവം. മുഖം വെട്ടിച്ച് തലകുടഞ്ഞ് പ്രഫസര്‍ അരുളപ്പാട് പറയുകയാണ്.
”തടാകങ്ങള്‍ക്ക് നാശം വരാം. മണല്‍, മണ്ണ്, സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ വന്നടിഞ്ഞോ തടാകത്തില്‍നിന്ന് പുറപ്പെടുന്ന നദികളിലൂടെ വെള്ളമൊഴുകി നഷ്ടപ്പെട്ടോ ആയിരിക്കാം നശിച്ചു പോവുന്നത്.”
കൂടെ വന്നവരുടെ മുഖത്തുനോക്കി മനസ്സിലായോ എന്നു കൈയാംഗ്യം കാട്ടുന്നുണ്ടദ്ദേഹം. അവര്‍ തലയാട്ടി മൂളുന്നു.
”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വിഖ്യാതതടാകങ്ങളുണ്ട്. ഇന്ത്യയില്‍ വന്‍തടാകങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.”
അദ്ദേഹം കഴുത്തു ചെരിച്ച് ടീച്ചറെയൊന്നു നോക്കി. ടീച്ചര്‍ ശ്രദ്ധിക്കാതെ ജലപ്പരപ്പിലേക്ക് കണ്ണും നട്ടിരിപ്പാണ്.
”സമുദ്രസമാനമായ ജലാശയത്തില്‍നിന്ന് ബാരിയര്‍ ദ്വീപുകളാലോ കടല്പ്പാറകളാലോ വേര്‍തിരിക്കപ്പെട്ട ആഴം കുറഞ്ഞ ജലാശയമാണ് ലഗൂണ്‍.”
മതിയോ എന്ന മട്ടില്‍ എന്റെ നേരെയൊരു നോട്ടം.
ബോട്ട് വേറൊരു തുരുത്തിനരികിലൂടെ തിരിഞ്ഞുനീങ്ങുകയാണ്.
”സൊമോളൊ-ദുംകുടി ദ്വീപുകളാണത്. ലഗൂണിന്റെ മധ്യ-ദക്ഷിണഭാഗത്താണ് നാമിപ്പോള്‍.” പ്രഫസര്‍ ചൂണ്ടിപ്പറഞ്ഞു.
”നിരവധി ദ്വീപുകള്‍ ഇതിലുണ്ട്. പരികുഡ്, ഫുള്‍ബാരി, ബെറാപുര, നുവാപാര, നല്‍ബാന, തമ്പാറ…”
അപകടം മണത്ത ടീച്ചര്‍ രണ്ടുമൂന്ന് ഓറഞ്ച് അദ്ദേഹത്തിന്റെ കൈയില്‍ വച്ചുകൊടുത്തു. ശാന്തനായ കൊച്ചുകുട്ടിയെപ്പോലെ ഓറഞ്ച് തൊലികളഞ്ഞ് അല്ലികള്‍ നുണഞ്ഞ് വിദൂരതയിലേക്ക് കണ്ണയച്ച് അദ്ദേഹം ഒതുങ്ങിയിരുന്നു.
തടാകത്തിന്റെ നടുത്തടത്തിലെത്തി. അതിരുകള്‍ കാണാത്ത ഓളങ്ങളില്ലാത്ത പയോരാശി. ബോട്ടുവരയ്ക്കുന്ന നീര്‍ച്ചാലു മാത്രം. തണുത്ത പളുങ്കുപോലുള്ള വെള്ളം.
അപ്പുറത്ത് ദൂരെയെവിടയോ ഇളകി മറയുന്ന ബംഗാളുള്‍ക്കടല്‍. മറുഭാഗത്തെവിടയോ തലയുയര്ത്തിനില്ക്കുന്ന പൂര്വഘട്ടനിരകള്. കാണാപ്പുറങ്ങള്‍.
ഒരുഭാഗത്ത് നിതാന്തചലനം. മറുഭാഗത്ത് നിത്യമായ അചഞ്ചലത. നടുവില്‍ നീട്ടിവിരിച്ചിട്ട നീലക്കമ്പളം പോലെ വിശാലമായ ജലപ്പരപ്പ്.
ആഴങ്ങളില്‍ അനവധിയായ മത്സ്യജാലങ്ങളെയും ഡോള്‍ഫിനുകളെയും മുത്തുച്ചിപ്പികളെയും അപരിമേയമായ ജലജീവികളെയും ഗര്ഭംപൂണ്ട് ആകാശോന്മുഖിയായി കിടക്കുന്ന തടാകഗരിമ.
ചുറ്റിലും വാനസീമയുടെ വൃത്തപരിധി. ഒരു കൊച്ചുവഞ്ചിയില്‍ ഞങ്ങള്‍ ഏഴുപേര്‍ മാത്രം. കത്തുന്ന വെയിലില്‍ തണുത്തകാറ്റിന്റെ തലോടല്‍.
മണിക്കൂര്‍ രണ്ടു കഴിഞ്ഞു. വെള്ളം കുടിച്ചും, ബിസ്ക്കറ്റു തിന്നും വെടിപറഞ്ഞിരിപ്പാണ് തമിഴന്മാര്. ടീച്ചര്‍ എന്നോട് ഓരോ കുശലങ്ങള്‍ പറയുന്നു. പ്രഫസര്‍ ഓറഞ്ചു തിന്നുകഴിഞ്ഞിട്ടില്ല.
”മുന്നില്‍ കാണുന്നത് ആരോടെന്നില്ല ചറപറാ പറഞ്ഞുകൊണ്ടിരിക്കും. കിട്ടുന്നവരെ കത്തിവച്ചുകൊല്ലും. സൂര്യനു കീഴിലുള്ള എന്തും തനിക്കറിയാമെന്ന ഭാവമാണ്. ഇത്തിരി പൊങ്ങച്ചമുണ്ടെന്നേയുള്ളൂ. പാവമാണ്. ഒന്നും വിചാരിക്കരുത്.”
ടീച്ചര്‍ അദ്ദേഹത്തെ നോക്കി എന്നോട് ശബ്ദം താഴ്ത്തിപ്പറഞ്ഞു.
ബിഷ്ണോയ് ബോട്ടിനു സ്പീഡുകൂട്ടി. വെള്ളത്തില്‍ ചില അനക്കങ്ങള്‍.
”ദേഖിയേ, ദേഖിയേ”
അതിലേക്ക് ചൂണ്ടി അവന് വിളിച്ചു കൂവി. ജലപ്പരപ്പിലൂടെ എന്തോ നീങ്ങുന്നു. നേര്‍രേഖയില്‍ ഒരു നീരിളക്കം. തലപൊക്കി അതാ ഒറ്റച്ചാട്ടം.
ഡോള്‍ഫിന്‍!
ബിഷ്ണോയ് ബോട്ട് ഒന്നു വട്ടംകറക്കി. അപ്പുറത്തും ഇപ്പുറത്തുമായി ഡോള്‍ഫിന്‍ തലകള്‍ ആകാശത്തേക്ക് ഉയര്‍ന്നുചാടുന്നു. വളഞ്ഞു പൊങ്ങി വെള്ളത്തില്‍ വീണുമുങ്ങുന്നു. ചുറ്റിലും നിരവധിയെണ്ണം.
തലങ്ങും വിലങ്ങും. കുതികുതിച്ച്. ചാടിയമര്‍ന്ന്. ഊളിയിട്ടും ഉയര്ന്നുതുള്ളിയും. വെള്ളത്തില്‍ പൊങ്ങിത്താഴുന്ന വെള്ളിയുരുളികള്. വെയിലിന്റെ ചില്ലുപാളിയെ ഭേദിച്ച് തലവെട്ടിച്ച് മേലോട്ടുചാടിയും വാലിന്കൊമ്പുയര്ത്തി മുങ്ങിത്താണുമുള്ള ജലനടനം.
വായുവില്‍ കുതിച്ചുയരുമ്പോള്‍ ചീറ്റിത്തെറിക്കുന്ന വെള്ളത്തിന്റെ സ്ഫടികത്തരികള്‍. ക്യാമറക്കണ്ണിനു പിടികൊടുക്കാതെ അതിദ്രുതമായ ചലനങ്ങള്‍.
ചില്‍ക്കയുടെ ദൃശ്യവിരുന്ന്. തടാകസഞ്ചാരത്തിന്റെ സാഫല്യം.
ഇറാവാഡി വിഭാഗത്തില്‍പ്പെട്ട ഡോള്‍ഫിനുകളാണ് ചില്‍ക്കയുടെ നിധി. ഓര്ക്കെല്ല ബ്രെവിറോസ്ട്രിസ് എന്ന് ശാസ്ത്രനാമം. ഏതാണ്ട് നൂറ്റിമുപ്പതെണ്ണം. വംശനാശഭീഷണി നേരിടുന്നവ.
കടലില്‍നിന്ന് ലഗൂണിലേക്ക് കുടിയേറുന്ന ബോട്ടില്‍നോസ് ഡോള്‍ഫിനുകളും ചിലപ്പോള്‍ കാണാറുണ്ടെന്ന് ബിഷ്ണോയ് പറഞ്ഞു. ഇറാവാഡി ഡോള്‍ഫിനുകള്‍ ഇവയെ കാണുമ്പോള്‍ പേടിച്ച് ഉള്ളിലോട്ടു മാറിക്കളയുമത്രേ.
സമീപത്തുള്ള മറ്റ് നാലഞ്ച് ബോട്ടുകളും പറന്നെത്തുന്നു. ബോട്ടുകളുടെ എണ്ണം കൂടിയതോടെ അവ കുതിക്കാന്‍ തുടങ്ങി. ജലനിരപ്പില്‍ ഓളച്ചാലുകള് കീറി തടാകക്കയത്തിലേക്കു രക്ഷപ്പെട്ടു.
സഞ്ചാരികളുടെ വിരുന്നുവരല് ഡോള്‍ഫിനുകള്‍ നശിക്കുന്നതിന് കാരണമാവാറുണ്ടത്രേ. നമ്മുടെ കൗതുകം അവയുടെ വിനാശമാവുമെന്നോര്ത്തപ്പോള് മനസ്സിലൊരു കൊളുത്തിപ്പിടുത്തം.
ബിഷ്ണോയ് ബോട്ടുതിരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സുനിറച്ചത് മനുഷ്യകരങ്ങളുടെ കലാവിസ്മയങ്ങളായിരുന്നു. ഇന്നിതാ കണ്മുന്നില് ദൈവത്തിന്റെ കരകൗശലം.
അന്തമറ്റ സൗന്ദര്യത്തികവോടെ ചില അദ്ഭുതങ്ങള്‍ പ്രകൃതി നമുക്കായി കാത്തുവച്ചിരിക്കയാണ്. ചിലയിടങ്ങളില്‍ കാഴ്ചയുടെ കൊച്ചുകൗതുകങ്ങള്‍. മറ്റിടങ്ങളില്‍ സ്വപ്നസദൃശമായ ഇന്ദ്രിയാനുഭവങ്ങള്‍.
പര്‍വതങ്ങളിലും നദികളിലും. താഴ്വരകളിലും മരുഭൂമികളിലും. സമുദ്രത്തിലും തടാകത്തിലും. വനാന്തരങ്ങളില്‍. കുന്നിന്ചെരിവുകളില്. ഗ്രാമവീഥികളില്‍. ജീവവൈവിധ്യങ്ങളില് മനുഷ്യജീവിതങ്ങളില്‍…
ഓരോ ദേശത്തും ഓരോ ഭാവങ്ങളില്‍. ഓരോ താളത്തില്‍. ഓരോ ലയത്തില്‍. ഓരോ തലങ്ങളില്‍.
പ്രകൃതിയുടെ പ്രദര്‍ശനശാലകള്‍. പ്രകൃതിയുടെ സാലഭഞ്ജികമാര്‍. പ്രകൃതിയുടെ പ്രാസാദങ്ങള്‍. പ്രകൃതിയുടെ വര്‍ണച്ചേലകള്‍. പ്രകൃതിയുടെ ആടയാഭരണങ്ങള്‍. കൈമുദ്രകള്‍. കാല്ച്ചിലങ്കകള്. ഗാനവീചികള്‍.
പഞ്ചേന്ദ്രിയങ്ങളില്‍ അകതാരില്‍ അന്തരാത്മാവില്‍ അനുഭൂതിയുടെ പ്രപഞ്ചനടനം.
ഓരോ യാത്രയും ഓരോ പുനര്‍ജനിയാണ്.
ലഗൂണും കടല്‍ത്തീരവും ചേരുന്ന ബാരിയര്‍ ബീച്ച്. ബിഷ്ണോയ് ബോട്ട് കരയില്‍ മണല്‍ത്തിട്ടയിലേക്ക് വലിച്ചുകയറ്റി.
”റെജാന്സ എന്നാണ് ഈ ബാരിയര്ബീച്ചിനു പേര്. 60 കിലോമീറ്റര്‍ നീളം.”
പ്രഫസര്‍ കര്‍ത്തവ്യം നിര്‍വഹിച്ചു.
”സാബ്, ആധാ ഘണ്ടേ.”
ബിഷ്ണോയ് വിളിച്ചുപറഞ്ഞു.
എല്ലാവരും ഇറങ്ങി. പ്രഫസര്‍ വായ തുറക്കുംമുമ്പ് വേഗത്തില്‍ മുന്നോട്ടു നടന്നു. അഞ്ചാറ് കടകള്‍. ഒന്നിലേക്കു കയറി. ഇളനീരും ചായയും ലഘുഭക്ഷണവുമുണ്ട്. വിശക്കുന്നു. രാവിലെ കാര്യമായി ഒന്നും കഴിച്ചിട്ടില്ല. ഒരു ഇളനീരിനു പറഞ്ഞു.
കൂടെയുള്ളവരെ കച്ചവടക്കാര്‍ പൊതിഞ്ഞതുകണ്ടു. ചിലര്‍ രക്ഷപ്പെട്ട് കടകളില്‍ കയറി. മറ്റു ചിലര്‍ മുന്നോട്ടു നടന്നു.
ഇന്നലെ അത്താഴം. ചില്ക്കക്കവലയില് രണ്ടുമൂന്നു ചായക്കടകള്‍. ഇതേപോലെ ചുറ്റിമറച്ച തട്ടുപന്തല്‍.
മുന്നില്‍ത്തന്നെ ചില്ലിട്ട തട്ടലമാരയില് മധുരപലഹാരങ്ങള്‍ നിറച്ചുവച്ചിരിക്കുന്നു. അകത്തും പുറത്തുമുള്ള ബഞ്ചുകളില്‍ അപ്പുറവുമിപ്പുറവുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുറച്ച് ഗ്രാമീണര്‍.
നടുക്ക് പ്ലേറ്റില്‍ ചപ്പാത്തി. ഇടത്തെ ബൗളില്‍ സബ്ജി. വലത്തെ ബൗളില്‍ രസഗുള. അല്ലെങ്കില്‍ ഗുലാബ്ജാം. നീളന്മുളകില് ചപ്പാത്തിചുറ്റി ഓരോ കടി. ഇടത്തെകൈകൊണ്ട് സബ്ജിയും വലത്തെക്കൈകൊണ്ട് രസഗുളയും മാറിമാറി കോരിക്കുടിക്കുന്നു.
അവസാനം തേന്കുഴലോ പേഡയോ വാങ്ങിത്തിന്നും. പിന്നെ നേരെ മുറുക്കാന്‍കടയിലേക്ക്.
ഇളനീരും കാമ്പും കഴിച്ചു. ഒരു ബണ്ണും രണ്ടും പഴവും. വിശപ്പൊന്നകന്നു. കൂട്ടരെല്ലാം കടലു കാണാന്‍ പോയോ. തിരിച്ച് ബോട്ടിലേക്കു പോയോ. ആവോ.
കടയ്ക്കുപിറകില് വളര്ന്നുനില്ക്കുന്ന നീളന്പുല്ലുകളുടെയും കുറ്റിച്ചെടികളുടെയും നീണ്ടനിര. അതിനെ മുറിച്ചുകൊണ്ട് അവിടവിടെ ചില നടവഴികള്‍. ഒന്നിലൂടെ നടന്ന് അപ്പുറത്തെത്തി.
മുന്നില്‍ കടലിരമ്പം. മണല്‍ത്തരികളിലേക്ക് നുരച്ചുകയറുന്ന വേലിയേറ്റത്തിരകള്‍. ബംഗാള്‍ ഉള്‍ക്കടല്‍. പുരിയിലും കൊണാറക്കിലും കണ്ട അതേ കടല്‍. തണുത്ത കടല്‍ക്കാറ്റ്. ഉച്ചിയില്‍ സൂര്യന്.
തിരിഞ്ഞുനോക്കി. അപ്പുറത്ത് ഒരു ലഗൂണ്‍ ഉള്ളതിന്റെ ലക്ഷണമേയില്ല. കടലിന്റെ കാഴ്ചയും ശബ്ദവും ലഗൂണില്‍നിന്ന് മറയ്ക്കുന്നു നടുവിലെ കുറ്റിക്കാട്.
അല്‍പ്പനേരം ആ മണലിലിരുന്നു. യാത്രികരില്‍ ചിലര്‍ അവടവിടെ ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടമായും നടക്കുന്നു. കടലിലിറങ്ങാന്‍ ശ്രമിക്കുന്നവരെ ഗാര്‍ഡുകള്‍ വിലക്കുന്നുണ്ട്.
പടമെടുപ്പ്. മണല്വാരിയെറിയല്. വെള്ളം തേവല്‍. തിരതട്ടിത്തെറിപ്പില്. ഇറങ്ങിയും കയറിയുമുള്ള പാച്ചിലുകള്‍. കടല്ത്തീരകേളികള് പലവിധം. വെയിലിന്റെ ചൂടിന് കാഠിന്യമില്ല. ഉപ്പുകാറ്റിന് കരുത്തുമില്ല.
ലഗൂണിനെയും കടലിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത മണല്‍വരമ്പ്. ശരാശരി വീതി നൂറ്റമ്പത് മീറ്ററത്രേ. ചിലയിടങ്ങളില്‍ അവിടവിടെ സമാന്തരശ്രേണികളുണ്ട്.
മുനമ്പിന്റെ തെക്കുഭാഗത്താണ് വലുപ്പവും ഉയരവുമുള്ള മണല്‍ത്തിട്ടയുള്ളത്. വടക്കുഭാഗത്തെ് ഉയരം കുറഞ്ഞ ഒറ്റമണല്ത്തിട്ടമാത്രം. രണ്ടിനുമിടയിലുള്ള ചെറിയൊരു വിടവാണ് കടലിനെയും തടാകത്തെയും ബന്ധിപ്പിക്കുന്നത്.
മണല്‍ത്തിട്ട. നടുവില്‍ വരയിട്ടതുപോല ഇടതിങ്ങിയ കുറ്റിക്കാട്. കടലും ലഗൂണും മണല്‍ത്തിട്ടയും കുറ്റിക്കാടും ചേര്‍ന്ന വിചിത്രമായ ഭൂഭാഗം.
മണല്‍ത്തിട്ടയിലൂടെ ഇത്തിരി തെക്കുവടക്കു നടന്നു. വേലിയിറക്കമായെന്നു തോന്നുന്നു. തിരകളുടെ കയറ്റം കുറഞ്ഞു തുടങ്ങി.
പ്രഫസറും സംഘവും എന്നെയും കാത്ത് ബോട്ടില്‍ വന്നിരിപ്പാണ്. തിരിച്ചു കരയിലേക്ക്.
മണിക്കൂറുകളായുള്ള ജലയാനം. തിരത്തേക്കു മടങ്ങുന്ന ബോട്ടുകളുടെ നിര. ബോട്ടോടിക്കുന്ന പയ്യന്മാരുടെ കൂവിവിളികള്‍. പരസ്പരം കൈവീശി അഭിവാദ്യം ചെയ്യുന്ന സഞ്ചാരികള്‍.
കരയുടെ കാഴ്ച അടുത്തടുത്തു വരുന്നു. പിറകില്‍ തടാകഗരിമ വലുതായിക്കൊണ്ടിരിക്കുന്നു.
തൊപ്പിയഴിച്ച് മടിയില്‍വച്ച് കണ്ണടയൂരി പോക്കറ്റിലിട്ട് കണ്ണടച്ചിരിപ്പാണ് പ്രഫസര്‍. നീണ്ടുനിവര്‍ന്ന് കൈകള്‍കെട്ടി അറ്റത്തെ ബഞ്ചില്‍ ഏകനായി.
കാറ്റത്തു പാറുന്ന ചുരുളന്‍മുടിയുടെ വെള്ളിനാരുകള്‍. പറക്കുന്ന ജൂബത്തുമ്പുകള്. വരമ്പത്ത് ധ്യാനത്തിലിരുക്കുന്ന വെള്ളക്കൊക്കുപോലെ.
മടക്കത്തിന്റെ വിഷാദമോ. യാത്രയുടെ സാഫല്യമോ. ദൗത്യനിര്‍വഹണത്തിന്റെ സംതൃപ്തിയോ തിരച്ചറിവിന്റെ ശാന്തിയോ.
മൗനം കുടിച്ചിരിക്കുന്ന വാചാലത. നരവന്നുമൂടിയ വളുത്തു മെലിഞ്ഞ മുഖത്ത് കൊച്ചുകുഞ്ഞിന്റെ നൈര്‍മ്മല്യം. ഓമനത്തം. അടഞ്ഞ കണ്പീലികളില് നനവ്.
പെയ്തൊഴിഞ്ഞ മഴയുടെ ആര്‍ദ്രത.
ബിഷ്ണോയ് ബോട്ട് കരയ്ക്കടുപ്പിച്ചു. വെറ്റിലക്കറപിടിച്ച പല്ലുകാട്ടി ചിരിച്ചുകൊണ്ട് എല്ലാവരോടും കൈകൂപ്പി.
മഴ എനിക്കുമുമ്പേ തിരിച്ചുപോയോ…
എം.ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: