ചാത്തന്നൂര്‍: വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. കണ്‍മുന്നില്‍ പൊതുകിണറുകള്‍ ഉണ്ടായിട്ടും ഉപയോഗിക്കാനാകാത്ത അവസ്ഥ. വര്‍ഷങ്ങളായി അവഗണിക്കപ്പെടുന്ന പൊതുകിണറുകളുടെ സംരക്ഷണം ഏറ്റെടുക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍.
ഗ്രാമീണമേഖലകളില്‍ ഒരുകാലത്ത് ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതുകിണറുകള്‍ ഇന്ന് മാലിന്യംതള്ളല്‍ കേന്ദ്രങ്ങളാണ്. കാലങ്ങളോളം തുടര്‍ച്ചയായി മാലിന്യംനിറച്ച് കിണറുകള്‍ മൂടിയശേഷം ഇതടക്കമുള്ള പൊതുസ്ഥലം സമീപവാസികള്‍ കൈയേറുകയുമാണ്. വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഇത്തരം പൊതുകിണറുകള്‍ വീണ്ടെടുത്ത് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതരും തയ്യാറാകുന്നില്ല.
എണ്‍പതുകളിലാണ് കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, പഞ്ചായത്തുകളും വ്യാപകമായി കിണറുകള്‍ നിര്‍മിച്ചത്. ഇത്തരത്തില്‍ നിര്‍മിച്ച പൊതുകിണറുകളാണ് കുടിവെള്ള പ്രശ്‌നം പരിഹരിച്ചിരുന്നത്. വീടുകളില്‍ സ്വന്തമായി കിണറുകള്‍ കുഴിക്കുകയും ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ വീടുകളില്‍ ലഭിക്കുകയും ചെയ്തതോടെ പൊതുകിണറുകളെ ജനങ്ങള്‍ ഉപേക്ഷിച്ചു. അടുത്തിടെ കല്ലുവാതുക്കലില്‍ ഒരു പൊതുകിണര്‍ ശുചീകരിച്ചപ്പോള്‍ ഒരുമിനി ലോറിയില്‍ നിറയാനുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കിട്ടിയത്.
ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പാതയോടുചേര്‍ന്ന് സ്ഥിതിചെയ്തിരുന്ന പൊതുകിണറുകള്‍ പഞ്ചായത്ത് അധികൃതരുടെ അറിവോടുകൂടി സ്വകാര്യ വ്യക്തികള്‍ മതില്‍കെട്ടി കയ്യേറിയിട്ടുണ്ട്. ഓരോ പഞ്ചായത്ത് പ്രദേശത്തും എത്ര പൊതുകിണറുകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പോലും വെളുപ്പെടുത്താറില്ല. 60 വര്‍ഷം പഴക്കമുള്ളതാണ് ചാത്തന്നൂര്‍ ഊറാംവിള ജംഗഷനിലെ പൊതുകിണര്‍. മുന്‍കാലങ്ങളില്‍ വേനല്‍സമയത്ത് വിദൂരങ്ങളില്‍നിന്നുപോലും ആളുകളെത്തി പാളകൊണ്ട് വെള്ളംകോരുന്നത് ഇന്നും പഴയ തലമുറ ഓര്‍ക്കുന്നു. ഇപ്പോള്‍ ഈ കിണര്‍ കാട് മൂടി മാലിന്യക്കുഴിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: