ന്യൂദല്‍ഹി: പതിനഞ്ച് വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് 2022 ഏപ്രില്‍ ഒന്നു മുതല്‍ റദ്ദാക്കും. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കല്‍ ഏപ്രില്‍ ഒന്നിന് അവസാനിക്കുമെന്നും അതിന് ശേഷം രജിസ്ട്രേഷന് പുതുക്കാന്‍ കഴിയില്ലെന്നും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം. ഇതില്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളുടെ അഭിപ്രായവും മന്ത്രാലയം തേടിയിട്ടുണ്ട്.
കേന്ദ്രം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, പൊതുമേഖലാ-തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഇത്തവണത്തെ ബജറ്റില്‍ വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും ഉപയോഗിക്കാമെന്നുള്ള നിര്‍ദേശമുണ്ടായിരുന്നു.
വെള്ളിയാഴ്ചയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. മുപ്പത് ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങളറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പൊളിക്കല്‍ നയത്തിന്റെ ആദ്യഘട്ടമായാണ് ഈ നടപടി. മലിനീകരണമൊഴിവാക്കുന്നതിനായി പൊളിക്കല്‍ നയം നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.
നിയമം നടപ്പാകുന്നതോടെ ആദ്യ ഘട്ടത്തില്‍ ഒരുകോടിയോളം വാഹനങ്ങളാണ് സ്ക്രാപേജ് നയത്തിന്റെ ഭാഗമാകുന്നത്. വാഹന വിപണിയില്‍ 10,000 കോടിയുടെ പുതിയ നിക്ഷേപങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. 50,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും അദ്ദേഹം പറഞ്ഞു. കരട് നിയമ പ്രകാരം എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്തും. റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെയാകും ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: