ആലപ്പുഴ: കാര്‍ഷിക മേഖലകളിലെ ചുവപ്പ് കോട്ടകള്‍ തകര്‍ത്ത് ദേശീയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന് മുന്നേറ്റം. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ സിപിഎം പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു നിലനിന്നിരുന്നത്. നിരന്തരമായുള്ള പോരാട്ടത്തിന്റെ ഫലമായി പതിറ്റാണ്ടുകളായി സിപിഎം സംഘടന കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്ന കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം ലഭിച്ചു.
ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ബിഎംഎസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ എല്ലാ അടവുകളും കെഎസ്‌കെടിയു പ്രയോഗിച്ചു. എന്നാല്‍, ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ ബിഎംഎസ് നേതൃത്വത്തിലുള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തില്‍ അംഗങ്ങളായ തൊഴിലാളികള്‍ തയാറായില്ല. മാര്‍ത്താണ്ഡം കായല്‍ നിലങ്ങളില്‍ നെല്ല് ചുമടെടുപ്പ് കെഎസ്‌കെടിയുവിന്റെ ധാര്‍ഷ്ട്യം കാരണം മുടങ്ങി. ഒടുവില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു.
ബിഎംഎസുകാരായ കൈനകരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്ക് പ്രാഥമികമായി തൊഴിലെടുക്കാന്‍ അനുമതി നല്‍കി. ഇനിയുള്ള കൃഷിപ്പണികളില്‍ ബിഎംഎസിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന് തുടര്‍ യോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയി, ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജശേഖരന്‍, ജില്ലാ ജോ. സെക്രട്ടറി മനോജ്, കെഎസ്‌കെടിയു നേതാക്കളായ എ.ഡി. കുഞ്ഞച്ചന്‍, ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നലെ വീണ്ടും സംഘര്‍ഷത്തിന് സിപിഎം ശ്രമമുണ്ടായി. ബിഎംഎസ് തൊഴിലാളികള്‍ അവരുടെ യൂണിഫോം ധരിച്ച് പണിയെടുക്കരുതെന്നും, കെഎസ്‌കെടിയുവിന്റെ ബുക്കില്‍ ഒപ്പിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഒടുവില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. കാലങ്ങളായി നെല്ല് ചുമട് അടക്കമുള്ള മേഖലകളിലെ തൊഴിലാളി ചൂഷണത്തിന് അറുതി വരുത്താന്‍ ബിഎംഎസിന്റെ കടന്നു വരവ് സഹായിക്കുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: