2005 മുതല്‍ വയനാട് കല്‍പ്പറ്റ ആസ്ഥാനമാക്കി ‘പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എജ്യൂക്കേഷണല്‍ ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫ് ട്രൈബല്‍ പീപ്പിള്‍’ എന്ന സംഘടന പണിയ ഗോത്ര ജനതയ്ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മുതിര്‍ന്ന സംഘപ്രചാരകന് എസ്. രാമനുണ്ണിയാണ് സംഘടനയുടെ ഡയറക്ടര്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പണിയ ഗോത്ര ജനതയ്ക്കിടയിലാണ് പ്രവര്‍ത്തനം. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്കി പ്രവര്‍ത്തിച്ചുവരുന്നു. 2010 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച്മാസം രണ്ടാം ഞായറാഴ്ച കരിന്തണ്ടന് സ്മൃതിയാത്ര നടന്നുവരുന്നു. ഗോത്ര ആചാരപ്രകാരം അടിവാരത്ത് നിന്ന് ചിപ്പിലത്തോട് (വട്ടച്ചിറ) ഗ്രാമത്തിലെ മൂപ്പന് വെളിച്ചപ്പാട് കാണല്‍ ചടങ്ങുകള്‍ക്ക് ശേഷം സ്മൃതിയാത്ര ആരംഭിക്കും. തുടര്‍ന്ന് ചുരത്തിലൂടെ കാല്‍നടയായി വിവിധ ജില്ലകളില്‍നിന്ന് എത്തുന്ന സഹോദരീ സഹോദരന്മാരും അമ്മമാരും കരിന്തണ്ടന് സ്മൃതിയാത്രയില്‍ പങ്കാളികളാകും. വൈകിട്ട് 5 മണിക്ക് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്ച്ചവനക്കുശേഷം പണിയ ഗോത്രവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടന്നുവരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികള്‍ സ്മൃതിയാത്രയിലും പരിപാടികളിലും സംബന്ധിക്കും. ഈ വര്‍ഷം കൊറോണ മഹാമാരിയെ നേരിടുന്നതിനോടൊപ്പംതന്നെ എല്ലാവര്‍ഷവും നടത്തപ്പെടുന്ന സ്മൃതിയാത്ര വ്യവസ്ഥാപിതമായി നടത്തപ്പെടും. മാര്‍ച്ച് 14 ന് രാവിലെ ഗോത്ര ആചാര ചടങ്ങുകളോടെ സ്മൃതിയാത്ര ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് പുഷ്പാര്‍ച്ചന, 5.30 മുതല്‍ 6.30 വരെ പൊതുപരിപാടിയും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്മൃതിയാത്രയിലും തുടര്‍ന്ന് നടക്കുന്ന പരിപാടിയിലും എല്ലാവര്ക്കും പങ്കെടുക്കാവുന്നതാണ്.
കേരളത്തില്‍ ജനസംഖ്യയുടെ 1.28 ശതമാനം മാത്രമാണ് ഗോത്രജനതയുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ 37 ഗോത്രവിഭാഗങ്ങളുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ആദിവാസികളുണ്ട്. ഏറ്റവും അധികം വയനാട് ജില്ലയില്‍- 2011 ല്‍ 151443 (18.5). കരിന്തണ്ടന്റെ സമുദായമായ പണിയ ഗോത്രമാണ് കേരളത്തില്‍ ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്- 88450. ഇന്ന് ഏകദേശം 12500 ജനസംഖ്യയുണ്ടാവാം. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകൡലായാണ് അധിവസിക്കുന്നത്. ഗോത്രവിഭാഗങ്ങളില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്നതും ഈ ഗോത്രവിഭാഗമാണ്. വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും പണിയ ഗോത്രജനതയുണ്ട്. ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ വീടുകളിലായി താമസിക്കുന്ന ഗ്രാമങ്ങള്‍ കാണാം. ഇന്നും ബാത്ത്റൂം ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ വയനാട്ടിലുണ്ട്. സ്വന്തമായി കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ, വീട് വയ്ക്കാന്‍ സ്ഥലമില്ലാതെ മരിച്ചാല്‍ അടക്കം ചെയ്യാന്‍ സ്ഥലമില്ലാതെ ദുരിതമനുഭവിക്കുന്ന എത്രയോ ഗ്രാമങ്ങള്‍ വയനാട്ടിലും മറ്റു ജില്ലകൡലും നമുക്ക് കാണാന്‍ കഴിയും. ഭൂമി എന്ന അടിസ്ഥാന ആവശ്യം നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. 1970 കാലഘട്ടത്തില്‍ വയനാട്ടില്‍ ആദിമവാസി സംഘം എന്ന സംഘടന നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്നും നൂറുകണക്കിന് ആളുകള്‍ സമരഭൂമിയില്‍ കഴിയുന്നുണ്ട്. ഇതിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കുന്നില്ല. ചാപ്പന് മാഷ് ആനേരി, കാക്കറോട്ട് ചാപ്പന്, എളയത്തില്‍ ആണ്ടി, ആനപ്പാറ കോമന്, പാലേരി രാമന്, വീട്ടിപ്പൂര ഗോപാലന്, ആലന്മൂല ഗോപാലന്, നെടിയഞ്ചേരി വാസു തുടങ്ങിയ നിരവധി നേതാക്കളാണ് സമരം നയിച്ചിരുന്നത്.
പിന്നീട് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ വയനാട് മുത്തങ്ങയില്‍ കുടില്‍ കെട്ടി നടത്തിയ സമരവും സെക്രട്ടേറിയറ്റില്‍ നി ല്പ്പുസമരവും കുടില്‍ കെട്ടി സമരവും നടന്നു. ചെങ്ങറയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ അരിപ്പ ഭൂസമരവും ശ്രദ്ധേയമാണ്.
ബ്രിട്ടീഷുകാരാലും കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളാലും വഞ്ചിതരായി ആദിമവാസിജനത ‘കേരള പട്ടികവര്‍ഗ്ഗക്കാര്‍ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെടുത്തിയ ഭൂമി തിരിച്ച് കൊടുക്കലും) ആക്ട് 1975’ പ്രകാരം കേരളത്തില്‍ എല്ലാ ജില്ലകളിലും സബ് കളക്ടര്‍മാര്‍ പരാതി സ്വീകരിച്ചിരുന്നു. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന സബ് കളക്ടര്‍ കാര്യാലയത്തില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ ഞെട്ടിക്കുന്നതാണ്. നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ ഗോത്രജനത സബ്കളക്ടര്‍ക്ക് 2135 അപേക്ഷകള്‍ നല്കി. അപേക്ഷകള്‍ പരിശോധിച്ച് സബ് കളക്ടര്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ ആദിമവാസികളുടെ ഭൂമി തട്ടിയെടുത്ത കുടിയേറ്റക്കാരും തോട്ടം ഉടമകളും വന്‍കിടക്കാരും സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയല്‍ചെയ്തു.
പിന്നീട് ആദിവാസികളുടെ ഭൂമി 1975 ന് ശേഷം കയ്യേറുന്ന പരാതികള്‍ വിവിധ സംഘടനകളും വ്യക്തികളും പരാതിയായി സര്‍ക്കാരിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു ആക്ടുകൂടി സര്‍ക്കാര്‍ കൊണ്ടുവന്നു. കേരള പട്ടികവര്‍ഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും, പുനരവകാശ സ്ഥാപനവും ആക്ട് 1999. കേരളത്തില്‍ 2 ഹെക്ടറില്‍ താഴെ കൈമാറ്റം നടന്നതും കയ്യേറിയതുമായ കേസുകളിലെ ഭൂമി തിരികെ കൊടുക്കേണ്ട എന്ന് സര്‍ക്കാര്‍ നിയമസഭയില്‍ നിലപാട് എടുത്തതോടെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാതെയായി. ഇതനുസരിച്ച് നഷ്ടപ്പെട്ട ഭൂമിക്ക് വേണ്ടി ആദിവാസിക നല്കിയ 2132 പരാതികളില്‍നിന്ന് 32 കേസുകള്‍ ഒഴികെ 2100 പരാതികള്‍ സുപ്രീംകോടതിയുടെ സിഎ 10എ ആന്റ് 105/2001, 899/2001 ആന്റ് 7079/01, തീയതി 21-7-2009 ഉത്തരവ് പ്രകാരം ഒഴിവാക്കുകയുണ്ടായി. 2 ഹെക്ടറില്‍ കൂടുതല്‍ ഭൂമി ഉണ്ടായിരുന്ന 32 കേസുകളില്‍ പിന്നീട് 12 കേസുകളില്‍ മുകളില്‍ സൂചിപ്പിച്ച സുപ്രീംകോടതി വിധിപ്രകാരം അനുകൂലമായ ഉത്തരവ് സബ്കളകളടര് പുറപ്പെടുവിച്ചു. എന്നാല്‍ നാളിതുവരെ ലഭിക്കേണ്ട ഭൂമി ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല.
സുപ്രീംകോടതി 21-7-2009 ലെ ഉത്തരവ് പ്രകാരം 659 ഭൂരഹിതരായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട് എന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. അതില്‍തന്നെ ഏറ്റവുമധികം കൊടുത്തിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പദ്ധതി എന്ന് അവകാശപ്പെടുന്ന ആറളം പുനരധിവാസ പദ്ധതിക്കാണ്. ഇതിന് തുക കണ്ടെത്തിയത് ടിഎസ്പി ഫണ്ട് ഉപയോഗിച്ചാണ്. കേന്ദ്രം നല്കിയ തുകകൊണ്ട് വാങ്ങിയതാണ്. ആറളം ഫാമിനെ സംരക്ഷിക്കാന്‍ ഒരു വേലി നിര്‍മിക്കാന്‍ ആയിരുന്നു ഈ പദ്ധതി എന്നത് പിന്നീടാണ് ആദിവാസി ജനത തിരിച്ചറിഞ്ഞത്.
ആദിമവാസികള്‍ക്ക് അര്‍ഹതപ്പെട്ടതും നിലനില്‍പ്പിന് അത്യാവശ്യവുമായ ഭൂമി തിരിച്ച് കൊടുക്കാതെ എന്ത് നവോത്ഥാനമാണ് കേരളത്തിന് അവകാശപ്പെടാനുള്ളത്. 1.28 ശതമാനം ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാരുകള്‍ പരാജയമായിരുന്നു എന്നതിന് മറ്റെന്ത് തെളിവ് വേണം.
വനവാസി മക്കള്‍ക്ക് തൊഴില്‍ അസാധ്യമോ?
കേരളത്തില്‍ ഒരു വരുമാനവും ഇല്ലാത്ത 177910 (46.21%) ആദിമവാസികളായ യുവതീയുവാക്കളുണ്ട്. 1972 ല്‍ സ്ഥാപിതമായ കേരള സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ വികസന കോര്പ്പറേഷന് പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമായും സ്വയം തൊഴില്‍ വായ്പ, സംരംഭകത്വത്തിനുള്ള വായ്പ, മറ്റ് ആവശ്യങ്ങള്‍ക്കായുള്ള വായ്പാ പദ്ധതികളും ഈ കോര്‍പ്പറേഷനിലുണ്ട്. ഇത്തരം ലോണ്‍ ആദിവാസികള്‍ക്ക് എടുക്കണമെങ്കില്‍ വസ്തുജാമ്യവും അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യവും വേണം. കേരളത്തിലെ ഗോത്രജനതക്ക് ഈ ജാമ്യവ്യവസ്ഥ സ്വീകാര്യമല്ല.
കേരളത്തിലെ യുവതി യുവാക്കള്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ 2013 വരെ എസ്ജിഎസ്വൈ (സ്വര്‍ണ്ണജയന്തി ഗ്രാമ സ്വരാര്‍ക്കാര്‍ പദ്ധതി) ഉണ്ടായിരുന്നു. 50000 രൂപ ജാമ്യരഹിത വായ്പ 2013 നുശേഷം നിര്‍ത്തലാക്കിയ ഈ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി വന്നില്ല. പിഎസ്സി വഴി സര്‍ക്കാര്‍ ജോലിയില്‍ 2% സംവരണത്തിലൂടെ കുറച്ച് യുവതീയുവാക്കള്‍ക്ക് മാത്രമേ തൊഴില്‍ കണ്ടെത്താന്‍ സാധിക്കൂ. കേരളത്തിലെ മറ്റ് ഇതര വിഭാഗത്തിലെ ജനങ്ങള്‍ ചെയ്യുന്ന എല്ലാ തൊഴിലുകളിലും ആദിവാസി ജനതയ്ക്കും പ്രാപ്തരാകുമ്പോഴേ തൊഴില്‍ക്ഷാമം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ ആദിവാസികള്‍ക്കായി പാസാക്കുന്ന പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സികള്‍ ആരുടെയൊക്കെ കൈകൡലാണ് എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നമ്മുടെ സംസ്ഥാനത്ത് നിരവധി അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണ അടിസ്ഥാനത്തില്‍ അല്ല നിയമനം നടത്തുന്നത്. കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ നിയമനം നടത്തുന്നത്. മാനേജ്മെന്റാണ് ശമ്പളം നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം നല്കപ്പെടണം. കേരളത്തില്‍ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഷോപ്പിംഗ്കോംപ്ലക്സിലെ കച്ചവടമുറി എന്നിവിടങ്ങളില്‍ സംവരണത്തിന് അര്‍ഹതപ്പെട്ട ആദിവാസികളുടെത് കേരളത്തില്‍ ആരുടെയൊക്കെ കൈകളിലാണ് എന്ന് അറിയാന്‍ ഒരു കമ്മീഷനെ നിയോഗിക്കണം.
ആദിവാസികളോടുള്ള അതിക്രമം അവസാനിക്കുന്നില്ല കേരളത്തിലെ ആദിവാസി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. കൊറോണ മഹാമാരിയെ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാത്രം നിരവധി പീഡനങ്ങളുടെയും അക്രമങ്ങളുടെയും വാര്‍ത്തകള്‍ വന്നു.
ഇത്തരം നീറുന്ന പ്രശ്നങ്ങള്‍ കേരളത്തില്‍ ആദിവാസി ജനത അഭിമുഖീകരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ അത്യാവശ്യമാണ്. 2018-19 വര്‍ഷം കേന്ദ്രത്തിന്റെ സഹായത്തോടെ വകയിരുത്തിയ 58712.00 ലക്ഷം രൂപയില്‍ നിന്ന് പ്രളയത്തിന്റെ കാര്യം പറഞ്ഞ് 10022 ലക്ഷം രൂപ കട്ടുചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ആവശ്യത്തിന് വകയിരുത്തിയ ഫണ്ട് വകമാറ്റി ചെലവഴിക്കരുത് എന്ന് ഈയിടെ കേരള ഹൈക്കോടതി സൂചിപ്പിച്ചതുമാണ്. കേരളത്തില്‍ ശിശുമരണം, ഭൂരഹിതരായ ആദിവാസി പ്രശ്നം, തൊഴില്‍ ലഭിക്കാത്ത യുവതീയുവാക്കളുടെ പ്രശ്നം, വര്‍ധിച്ചുവരുന്ന പട്ടികവര്‍ഗ അതിക്രമം, കേരളത്തില്‍ വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കാത്ത പ്രശ്നം ഇത്തരത്തില്‍ കേരളത്തിലെ ആദിവാസികള്‍ അവഗണനകള്‍ നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷനില്‍ കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍നിന്ന് ഒരു അംഗത്തെ നിയോഗിക്കണമെന്നത് കേരളത്തിലെ ആദിവാസികളുടെ ആവശ്യമാണ്.
(കേരള വനവാസി അവകാശ സംരക്ഷണ സമിതിയുടെ പ്രാന്ത ഹിതരക്ഷ പ്രമുഖും വയനാട് ജില്ലാ സംഘടനാ സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: