Categories: Samskriti

തുടക്കക്കാരന്റെ ഭാവം പുലര്‍ത്തുക

മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അര്‍ജ്ജുനനും കര്‍ണ്ണനും ഏറ്റുമുട്ടി. അര്‍ജ്ജുനന്റെ രഥം നയിച്ചിരുന്നത് ഭഗവാനായിരുന്നു. കര്‍ണ്ണന്റെ തേര് തെളിച്ചിരുന്നതു ശല്യരും. അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം ശരവര്‍ഷം ചൊരിഞ്ഞു.

മക്കളേ,  

നമുക്ക് എപ്പോഴും ഒരു തുടക്കക്കാരന്റെ ഭാവം വേണം. തുടക്കക്കാരന്റെ ഭാവം എന്നാല്‍ തുറന്ന മനസ്സാണ്, വിനയമാണ്, ജിജ്ഞാസയാണ്. എവിടെ നിന്നായാലും നല്ലത് ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയാണത്. തനിക്കൊന്നും അറിയില്ല, മറ്റുള്ളവരില്‍നിന്ന് അറിവു നേടണം, അവരുടെ സഹായം ആവശ്യമാണ്, തന്റെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്, ഇതൊക്കെയാണ് തുടക്കക്കാരന്റെ ഭാവം. തനിക്കു വേണ്ടത്ര അറിവില്ല എന്ന ഭാവം എപ്പോഴും ഉള്ളതിനാല്‍ സ്ഥിരോത്സാഹവും ഉണ്ടാവും. ജീവിതത്തിലെ ഓരോ സാഹചര്യത്തെയും തുറന്ന മനസ്സോടെ സമീപിക്കുവാന്‍ കഴിഞ്ഞാല്‍, അതു നമ്മളില്‍ ക്ഷമയും ശ്രദ്ധയും ഉത്സാഹവും ഉണര്‍ത്തും. അപ്പോള്‍ ഏതില്‍നിന്നും പാഠങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളോടു ശരിയായി പ്രതികരിക്കുവാനും നമുക്കു കഴിയും. തുറന്ന മനസ്സില്ലാത്തതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും അഹങ്കാരത്തിനും പിടിവാശിക്കും അടിമകളായി, നല്ലത് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പോകുന്നതും തെറ്റുചെയ്യുന്നതും. അത്തരം ഒരു മനോഭാവം നമ്മളെ ഒടുവില്‍ എത്തിക്കുന്നത് ആത്മനാശത്തിലേയ്‌ക്കായിരിക്കും.

മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അര്‍ജ്ജുനനും കര്‍ണ്ണനും ഏറ്റുമുട്ടി. അര്‍ജ്ജുനന്റെ രഥം നയിച്ചിരുന്നത് ഭഗവാനായിരുന്നു. കര്‍ണ്ണന്റെ തേര് തെളിച്ചിരുന്നതു ശല്യരും. അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം ശരവര്‍ഷം ചൊരിഞ്ഞു. ഒടുവില്‍ അര്‍ജ്ജുനനെ വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ണ്ണന്‍ അര്‍ജ്ജുനന്റെ ശിരസ്സു ലക്ഷ്യമാക്കി ഒരമ്പ് തൊടുത്തു. അതുകണ്ട് ശല്യര്‍ ഉപദേശിച്ചു, “”കര്‍ണ്ണാ, അര്‍ജ്ജുനനെ വധിക്കണമെന്നുണ്ടെങ്കില്‍ അവന്റെ ശിരസ്സിലേയ്‌ക്ക് ഉന്നം വെയ്‌ക്കരുത്. കഴുത്ത് ലക്ഷ്യമാക്കി അമ്പെയ്യൂ.’’ അപ്പോള്‍ കര്‍ണ്ണന്‍ അഹങ്കാരത്തോടെ മറുപടി നല്കി, “”ഞാന്‍  എടുത്ത അമ്പ്, തൊടുത്ത അമ്പ് വിടുകതന്നെ ചെയ്യും. ഞാന്‍ ഒരിക്കല്‍ ഒരമ്പ് തൊടുത്താല്‍ പിന്നെ അതിന്റെ ലക്ഷ്യം മാറ്റാറില്ല. ഈ അമ്പ് അര്‍ജ്ജുനന്റെ ശിരസ്സിലേയ്‌ക്കു തന്നെ ലക്ഷ്യമാക്കി അയയ്‌ക്കും.’’ ഇത്രയും പറഞ്ഞ് കര്‍ണ്ണന്‍ അമ്പയയ്ച്ചു. കര്‍ണ്ണനെയ്ത അമ്പ് അര്‍ജ്ജുനന്റെ ശിരസ്സിനുനേരെ വരുന്നത് അര്‍ജ്ജുനന്റെ സാരഥിയായ ഭഗവാന്‍ കണ്ടു. അവിടുന്ന് തന്റെ തൃക്കാല്‍കൊണ്ട് രഥം മണ്ണിലേയ്‌ക്ക് ചവിട്ടി അമര്‍ത്തി. രഥത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടു. അര്‍ജ്ജുനന്റെ ശിരസ്സില്‍ ഏല്‌ക്കേണ്ടതായിരുന്ന കര്‍ണ്ണന്റെ ശരം അര്‍ജ്ജുനന്റെ കിരീടത്തില്‍ ചെന്നുകൊണ്ടു. കിരീടം തെറിച്ചുപോയെങ്കിലും അര്‍ജ്ജുനന്‍ രക്ഷപെട്ടു. തുടര്‍ന്നുള്ള യുദ്ധത്തില്‍ അധികം താമസിയാതെതന്നെ അര്‍ജ്ജുനന്‍ കര്‍ണ്ണനെ വധിക്കുകയും ചെയ്തു. ശല്യര്‍ പറഞ്ഞതുപോലെ അര്‍ജ്ജുനന്റെ കഴുത്തിനെ ലക്ഷ്യമാക്കി അമ്പയച്ചിരുന്നുവെങ്കില്‍ അത് അര്‍ജ്ജുനന്റെ ശിരസ്സില്‍ കൊള്ളുമായിരുന്നു. അര്‍ജ്ജുനന്‍ മരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ശല്യരുടെ വാക്കുകള്‍ തുറന്ന മനസ്സോടെ കേള്‍ക്കുവാനോ സ്വീകരിക്കുവാനോ കര്‍ണ്ണന്റെ അഹങ്കാരം അനുവദിച്ചില്ല. അങ്ങനെ അത് കര്‍ണ്ണന്റെ നാശത്തിനുതന്നെ കാരണമായി. എന്നാല്‍ അര്‍ജ്ജുനനാകട്ടെ ഭഗവാന്റെ മുന്നില്‍ സമര്‍പ്പണഭാവത്തോടെയും തുറന്ന മനസ്സോടെയും നിന്നതിനാല്‍ ഭഗവാന്റെ ഓരോ നിര്‍ദേശവും അനുസരിക്കുകയും യുദ്ധത്തില്‍ ജയിക്കുകയും ചെയ്തു. ചുരുക്കത്തില്‍ അര്‍ജ്ജുനന് ഒരു തുടക്കക്കാരന്റെ ഭാവമുണ്ടായിരുന്നു.

ഇന്ന്, നമ്മുടെ ശരീരം വളര്‍ന്നു. എന്നാല്‍ ശരീരം വളര്‍ന്നതനുസരിച്ച് നമ്മുടെ മനസ്സ് വളര്‍ന്നിട്ടില്ല. മനസ്സ് വളരണമെങ്കില്‍ കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ പറ്റൂ. കുഞ്ഞുങ്ങള്‍ക്ക് തുറന്ന മനസ്സാണുള്ളത്, തുടക്കക്കാരന്റെ ഭാവമാണ് അവര്‍ക്കുള്ളത്. ഏതു കാര്യവും പെട്ടെന്നു പഠിച്ചെടുക്കാന്‍ കുഞ്ഞുങ്ങള്‍ക്കു പ്രത്യേക കഴിവുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് വളരാന്‍ കഴിയുന്നത്. എനിക്കെല്ലാം അറിയാം എന്ന ഭാവം വെച്ചുകൊണ്ടിരുന്നാല്‍ ഒന്നും പഠിക്കാന്‍ കഴിയില്ല. നിറഞ്ഞ പാത്രത്തില്‍  എന്തു പകരാന്‍ കഴിയും! വെള്ളത്തിലേക്കു ബക്കറ്റു താഴുമ്പോഴാണ് അതു നിറയുന്നത്. അതുപോലെ ശിരസ്സ് കുനിയ്‌ക്കാന്‍ തയ്യാറായാലേ നമുക്ക് എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയു.  നോബല്‍സമ്മാനം നേടിയ ശാസ്ര്തജ്ഞനാണെങ്കിലും ഓടക്കുഴല്‍ വായിക്കാന്‍ പഠിക്കണമെങ്കില്‍ ഒരു തുടക്കക്കാരനായി ഒരു ഗുരുവിന്റെ മുന്നില്‍ ശിഷ്യപ്പെടണം.  

തുടക്കക്കാരന്റെ ഭാവം വിദ്യയുടെയും വിശാലതയുടെയും ലോകത്തിലേക്ക് നമ്മളെ കടത്തിവിടുന്ന കവാടമാണ്. “എനിക്ക് ഒന്നും അറിഞ്ഞുകൂടാ, അവിടുന്ന് പറഞ്ഞുതരൂ’ എന്ന ഭാവമാണത്. അപ്പോള്‍ വിനയവും സ്വീകരിക്കാനുള്ള മനസ്സുമുണ്ടാകും. അതുണ്ടായാല്‍ എവിടെനിന്നും കൃപ ലഭിക്കും. ഏതു വിദ്യയും നേടാനാവും. ജീവിതത്തില്‍ അവര്‍ക്കു വിജയം വരിക്കാനും കഴിയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക