എം. ശ്രീഹര്ഷന്
എഴുന്നേല്ക്കാന് വൈകിപ്പോയിരുന്നു. ഒമ്പതി മണിക്കാണ് വണ്ടി. ഒരുവിധത്തില്‍ കുളിയും മറ്റും കഴിച്ചു. ലഗേജെടുത്ത് പുറത്തിറങ്ങി. റൂം ചെക്കൗട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങി. തൊട്ടടുത്താണ് റെയില്‍വേ സ്റ്റേഷന്.
”സാബ്, ഏക് ഘണ്ടേ മേം സഹര്‍ മേം ഘൂം സക്തേ ഹൈം. ചാലീസ് രൂപയേ കാഫി ഹൈ.”
ഗെയിറ്റില്‍ ഒരു സൈക്കിള്‍ റിക്ഷാക്കാരന്. വൃദ്ധന്. അവശന്. കൈകൂപ്പി വണങ്ങി നില്ക്കുന്നു.
ഭുവനേശ്വര്‍ നഗരത്തിലൂടെ സൈക്കിള്‍ റിക്ഷയില്‍ ഒന്ന് കറങ്ങണമെന്ന് കരുതിയിരുന്നു. ഇന്നലെ ചില്‍ക്കയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ രാത്രിയായി. അയാളെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്ത് വേഗത്തില്‍ സ്റ്റേഷനിലേക്ക് നടന്നു.
സ്റ്റേഷനില്‍ വലിയ തിരിക്കാണ്. ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍, തൊഴിലില്ലാത്തവര്‍, കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, യുവാക്കള്‍, കുടുംബങ്ങള്‍, യാത്രാസംഘങ്ങള്‍. വടക്കോട്ടും തെക്കോട്ടും പോവേണ്ടവര്‍. ഇടയില്‍ വകഞ്ഞ് പുളഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന കൂലികള്‍, വില്‍പ്പനക്കാര്‍. അലഞ്ഞുതിരിയുന്ന യാചകര്‍. ആ പുരുഷാരത്തിലിലൊരാളായി തിക്കിത്തിരക്കി ഇന്‍ഫര്‍മേഷന്‍ കൗണ്ടറിനു മുന്നിലെത്തി.
ടിക്കറ്റ് കണ്‍ഫേം ചെയ്യണം. ആര്.എ.സി ആയിരുന്നു. ബോഗിയും സീറ്റുമറിയണം. കൗണ്ടറിന്റെ ചില്ലു തുളയിലൂടെ ഒരുപാടു കൈകളും വായകളും അകത്തേക്ക് കടന്നിട്ടുണ്ട്. ഇരിക്കുന്ന ഉദ്യോഗസ്ഥന് ശാന്തനായി ഓരോന്നിനും മറുപടി പറയുന്നു.
ഒരുവിധത്തില്‍ എന്റെ ടിക്കറ്റ് അയാളുടെ കൈയില്‍ എത്തി. പരിശോധിച്ച് ബോഗിയും സീറ്റും പുറത്ത് കുറിച്ചിട്ടുതന്നു. ഭാഗ്യം, ബര്‍ത്ത് അലോട്ട് ആയിരിക്കുന്നു.
കൗണ്ടറില്‍നിന്ന് പുറത്തു കടക്കുമ്പോള്‍ ഡിസ്പ്ലെ ബോര്‍ഡിലേക്കൊന്നു നോക്കി. വണ്ടി വരാറായോ. ഗോഹോട്ടി-കൊച്ചിന് എക്സ്പ്രസ്സാണ്. രണ്ട് മണിക്കൂര്‍ ലേറ്റ് എന്ന് എഴുതിക്കാണിക്കുന്നു. ശരിയോ എന്നറിയാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് തിരിഞ്ഞു.
കടന്നല്ക്കൂടിന്റെ തിരക്കു കണ്ട് പിന്‍വലിഞ്ഞു. എക്സിറ്റിനരികില്‍ നില്ക്കുന്ന ഒരു പോലീസുകാരനോട് തിരക്കി. ആ വണ്ടി ഇത് സ്ഥിരം പതിവാണത്രേ. വൈകുമെന്ന് ഉറപ്പാണ്.
പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. രണ്ടു മണിക്കൂര്‍ ഇനി എന്തുചെയ്യും. പെട്ടെന്ന് സൈക്കിള്‍റിക്ഷക്കാരനെ ഓര്‍മ്മ വന്നു. ലഗേജ് ക്ലോക്ക് റൂമില്‍ വച്ച് പുറത്തിറങ്ങി അങ്ങോട്ടു നടന്നു. ആള് അവിടെത്തന്നെയുണ്ട്.
കണ്ടപാടെ നിറഞ്ഞ ചിരിയുമായി അയാള്‍ തൊഴുതു. റിക്ഷയില്‍ കയറുമ്പോള്‍ വീണ്ടും തൊഴുതു. അനിഷേധ്യമായ ഒരു നിയോഗത്തിനായി കാത്തുനില്ക്കയായിരുന്നു എന്ന മട്ടില്‍.
റിക്ഷ പതുക്കെ ഉന്തിയുരുട്ടി മുന്നോട്ടുനീക്കി. നീങ്ങിക്കൊണ്ടിരിക്കേ ഒറ്റച്ചാട്ടത്തിന് അതില്‍ കയറിയിരുന്നു.
മുഖം നിറയെ വളര്‍ന്നുമുറ്റിയ നരച്ച താടി. മുറുക്കാന്‍കറപിടിച്ച ചുണ്ടുകള്‍. മുഷിഞ്ഞ തലപ്പാവ്. അവിടവിടെ കീറി നിറം മങ്ങിയ ചാരനിറത്തിലുള്ള നീളന്‍കുപ്പായം. അതേനിറത്തിലുള്ള കാല്‍സറായിയും. മെലിഞ്ഞുണങ്ങിയ ശരീരം.
”ഹരെ ചാച്ചാ, ആപ് കാ നാം ക്യാ ഹൈ?”
”ഗംഗാധര്‍ മൊഹന്തി.” റിക്ഷയുടെ ഹാന്‍ഡിലില്‍നിന്ന് പിടിവിട്ട് പിറകോട്ടു തിരിഞ്ഞ് അയാള്‍ കൈകൂപ്പി പുഞ്ചിരിച്ചു.
”ആപ് കാ ദേശ്?”
”സാഹിദ്നഗര്‍.” നേരത്തെപ്പോലെ പിറകോട്ട് തിരിഞ്ഞ് കൈകൂപ്പി പുഞ്ചിരിച്ചു.
പാവം മനുഷ്യന്. വളരെ പ്രായമായിരിക്കുന്നു. ഒന്നുകില്‍ ദാരിദ്ര്യം. അല്ലെങ്കില്‍ അറിയാവുന്ന തൊഴില്‍ നിര്‍ത്താനുള്ള വൈമനസ്യം. തളര്‍ന്നു വീഴുന്നതുവരെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കാനുള്ള ത്വര. പഴകിയ ഈ ചവിട്ടുവണ്ടി ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കയാവണം.
അയാള്‍ റിക്ഷ ആഞ്ഞു ചവിട്ടുകയാണ്. ശാന്തനായി, നിസ്വനായി. റിക്ഷക്കിരുവശവും ചെറുമണികള്‍ കോര്‍ത്തുകെട്ടിയ മാലകളുടെ കിലുകിലാ ശബ്ദം.
മനോഹരമായ നഗരം. വിശാലമായ വൃത്തിയുള്ള വീഥികള്‍. ഇരുവശങ്ങളിലും തണല്‍മരങ്ങള്‍. വീതിയുള്ള നടപ്പാതകള്‍. അവയോടു ചേര്‍ന്ന മതിലുകളില്‍ പടചിത്രയോട് സാമ്യമുള്ള പരമ്പരാഗതമായ ചിത്രപ്പണികള്‍.
മതിലുകള്‍ക്കപ്പുറത്ത് ഒതുങ്ങിയ കെട്ടിടങ്ങള്‍. വളപ്പുകളില്‍ നിറയെ ചെടികളും മരങ്ങളും പുല്‍മേടുകളും ഉദ്യാനങ്ങളും. ഇടയ്ക്കിടെ വൃത്തിയും ഭംഗിയും സൗകര്യവുമുള്ള ഒതുങ്ങിയ ബസ് സ്റ്റോപ്പുകള്‍.
ഗംഗാധര്‍ മൊഹന്തി ഒന്നും സംസാരിക്കുന്നില്ല. ചോദിച്ചാല്‍ ഒന്നോ രണ്ടോ വാക്കില്‍ മറുപടി. അത്രമാത്രം. അപ്പോഴൊക്കെ ഹാന്‍ഡില്‍ പിടിവിട്ട് തല തിരിച്ച് കൈകൂപ്പും. അതൊഴിവാക്കാന് പിന്നീട് അയാളോട് ഒന്നും ചോദിക്കാന്‍ മെനക്കെട്ടില്ല.
ആരോടും സംസാരിക്കാനില്ലാതാവുമ്പോള്‍ പിന്നെ നമുക്ക് സ്വയം സംസാരിക്കാം. അതാവുമ്പോള്‍ ശബ്ദം പുറത്തുവരേണ്ടതില്ല. ഭുവനേശ്വറിനെക്കുറിച്ച് കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും പറഞ്ഞറിഞ്ഞതും മനസ്സിലേക്ക് പൊങ്ങിവരാന്‍ തുടങ്ങി.
ജംഷഡ്പൂറിനും ചണ്ഡിഗഡിനും ഒപ്പം ആധുനിക ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരങ്ങളിലൊന്ന്. ജര്‍മ്മന്‍ ആര്‍ക്കിടെക്റ്ററായ ഓട്ടോ കോണിസ്ബര്‍ഗറാണ് ആധുനിക ഭുവനേശ്വര്‍ രൂപകല്‍പ്പന ചെയ്തത്- 1946ല്‍. ഭുവനേശ്വറും കട്ടക്കും ഇരട്ടനഗരങ്ങളായി കണക്കാക്കാറുണ്ട്.
നഗരത്തെ പല യൂണിറ്റുകളായി തിരിച്ചിരിക്കുന്നു. ഓരോന്നിലും സ്കൂളുകള്‍, ആശുപത്രികള്‍, ഷോപ്പിങ്സെന്ററുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നുണ്ട്. അഞ്ചാമത്തെ യൂണിറ്റില്‍ ഭരണകേന്ദ്രങ്ങളാണ്. സാഹിദ് നഗര്‍, സത്യനഗര്‍ എന്നിവ പാര്‍പ്പിട പ്രദേശങ്ങളാണ്.
ദേശീയപാത അഞ്ചിന്റെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളാണ് നായപള്ളി, ജയദേവ് വിഹാര്‍, ചന്ദ്രശേഖര്‍പൂര്‍, ശൈലശ്രീ വിഹാര്‍, നീലദ്രി വിഹാര്‍ എന്നിവ. വടക്ക്, വടക്കുകിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണ് നഗരത്തിന്റെ വളര്‍ച്ച. വന്യജീവി സങ്കേതവും കുവായ്നദിയും കാരണം കിഴക്കോട്ട് നഗരത്തിന് വളരാനാവില്ല.
ഈ പുതിയ നഗരത്തിനപ്പുറത്ത് പഴയനഗരം ഒളിഞ്ഞിരിപ്പുണ്ട്. പഴമയും പുതുമയും കൈകോര്‍ത്തുനില്‍ക്കുകയാണ് ഭുവനേശ്വറില്‍. കഴിഞ്ഞ ദിവസം ശ്യാമിനൊപ്പം പോയ വഴികള്‍ ഒഴിവാക്കാന്‍ ഞാന്‍ റിക്ഷക്കാരനോട് പറഞ്ഞു.
മനോവിചാരങ്ങളോടൊപ്പം ചുറ്റിലുള്ളതൊക്കെ കണ്ണുതുറന്നു കണ്ടുകൊണ്ടേയിരുന്നു. സെക്രട്ടേറിയറ്റ്, അസംബ്ലി, രാജ്ഭവന്. ആടയാഭരണങ്ങളില്ലാത്ത ലളിതമായ കെട്ടിടസമുച്ചയങ്ങള്‍. റോഡില്‍ വലിയ തിരിക്കില്ല.
പ്രധാന റോഡില്‍നിന്ന് ഉള്ളിലേക്കു കടന്ന് മറ്റൊരു റോഡിലെത്തി. ചെറിയ ചെറിയ ഫഌറ്റുകളാണ്. അവിടെനിന്ന് തിരിഞ്ഞു കറങ്ങി കയറിച്ചെന്നത് മാര്‍ക്കറ്റുകളില്‍. ചെറുതും വലുതുമായ പലവിധകടകള്‍. താല്ക്കാലികവും സ്ഥിരവുമായ കച്ചവടപ്പുരകള്‍. ഇത്തിരി തിരക്കുണ്ട്. വാങ്ങാന്‍ വരുന്നവരും വില്ക്കാന് വരുന്നവരും.
ചുറ്റിത്തിരിഞ്ഞ് ചുറ്റിത്തിരിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞു. ഗംഗാധര്‍ മൊഹന്തിയുടെ മനോഘടികാരം കൃത്യമായിരുന്നു. സ്റ്റേഷനു മുന്നില്‍ റിക്ഷ നിര്‍ത്തി. താഴെയിറങ്ങി കൈകൂപ്പി നിന്നു. ഞാനയാള്‍ക്ക് അമ്പതു രൂപ കൊടുത്തു. പണം വാങ്ങി ഇരുകണ്ണുകളിലും ചേര്‍ത്ത് തൊഴുതു. പത്തുരൂപ എനിക്ക് തിരിച്ചുനീട്ടി. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ അതെന്നെ പിടിപ്പിച്ചു. വീണ്ടും തൊഴുത് റിക്ഷയുന്തി തിരിച്ചുനീങ്ങി.
ഏതോ കര്‍മ്മബന്ധത്തിന്റെ നൂലിഴ പൊട്ടുകയാണ്. ഇനി ജീവിതത്തില്‍ ഒരിക്കലും അയാളെ കാണാനിടയുണ്ടാവില്ല. ഒരു മണിക്കൂര്‍ നേരത്തെ സഹവര്‍ത്തിത്വം അതാ ഉരുണ്ടുനീങ്ങിപ്പോവുന്നു.
സ്റ്റേഷനില്‍ രാവിലത്തെ അത്ര തിരക്കില്ല. ഇന്‍ഫര്‍മേഷനില്‍ ചെന്ന് വണ്ടിയുടെ കാര്യം തിരക്കി. വീണ്ടും ലേറ്റാണത്രേ. രണ്ടു മണിക്കൂര്‍ കൂടി. വലഞ്ഞോ! ഇനി എന്തു ചെയ്യും. ഒന്നും ചെയ്യാനില്ല. പ്ലാറ്റ്ഫോമിലൂടെ അല്‍പ്പം അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഓരോ ഭാഗത്ത് ഓരോ സംഘങ്ങള്‍ കൂടിയിരിക്കുന്നു. ഏതൊക്കെയോ വണ്ടികളില്‍ എങ്ങോട്ടൊക്കെയോ പോകേണ്ടവര്‍. ചിലര്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ സ്റ്റാളുകളില്‍നിന്ന് ഓരോന്ന് വാങ്ങി തിന്നുകൊണ്ടിരിക്കുന്നു. ചിലര്‍ ബഞ്ചുകളില്‍ കിടന്ന് ഉറങ്ങുന്നു. ചിലര്‍ ആസനത്തില്‍ തീ കൊളുത്തിയപോലെ ധൃതിയില്‍ എങ്ങോട്ടോക്കെയോ നടക്കുന്നു.
നിലത്ത് വലിയ വിരി വിരിച്ച് അതിനു നടുവില്‍ ബാഗുസാമാനങ്ങള്‍ കൂട്ടിവച്ച് ചുറ്റിലുമായി ഇരിക്കുക. മിക്കവാറും വലിയ റെയില്‍വേ സ്റ്റേഷനുകളിലെ ഒരു പൊതുകാഴ്ചയാണിത്. അവിടെയിരുന്ന് അതുമിതും പറഞ്ഞും ഭക്ഷണം കഴിച്ചും കിടന്നുറങ്ങിയും ആളുകള്‍ മണിക്കൂറുകള്‍ കാത്തിരിക്കും. വണ്ടി എപ്പോള്‍ വേണമെങ്കിലും വരട്ടെ. അതുവരെ ഇവിടം തങ്ങളുടെ പാര്‍പ്പിടം.
ഒരിടത്ത് ഒരു പുരുഷനും സ്ത്രീയും രണ്ടു കുട്ടികളും ബാഗും ഭാണ്ഡങ്ങളും തലയ്ക്കുവച്ച് മൂടിപ്പുതച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു. വിരിയില്‍ അവരുടെ നടുക്ക് ഉറങ്ങണോ വേണ്ടയോ എന്ന മട്ടില്‍ ഒരു നായയും തലയുര്‍ത്തിപ്പിടിച്ച് കിടപ്പുണ്ട്.
വേറൊരിടത്ത് ഒരു വിരിയിലിരുന്ന് പ്രായം ചെന്ന മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും വലിയ വഴക്കാണ്. എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു പറയുന്നു. ബാഗെടുത്ത് പരസ്പരം എറിയുന്നു. ഒരു പോലീസുകാരന് അലറിവിളിച്ചു വന്നപ്പോള്‍ എല്ലാവരും ശാന്തരായി. പാവങ്ങളായി മുഖത്തോടുമുഖം നോക്കി മൗനികളായി കൂനിക്കൂടി ഇരുന്നു.
തലയില്‍ വലിയ ഭാണ്ഡക്കെട്ടുകളും തോളില്‍ മാറാപ്പുമായി വണ്ടിയിറങ്ങിപ്പോവുന്ന നാല് സ്ത്രീകളും ഒരു പയ്യനും. നാട്ടുല്‍പ്പന്നങ്ങളുമായി നഗരത്തില്‍ വില്‍പ്പനക്കു വന്നവരാണെന്നു തോന്നുന്നു.
പ്ലാറ്റ്ഫോമില്‍ ആളൊഴിഞ്ഞ ഒരിടത്ത് പോയി ഇരുന്നു. കാലുകള്‍ നീട്ടിവച്ച് ഇരുകൈകളും തലക്കു പിറകില്‍ ചേര്‍ത്ത് ഒന്ന് മൂരിനിവര്ന്നു.
മേല്‍ക്കൂരയിലെ കമ്പികളില്‍ പ്രാവുകള്‍ നിരന്നിരുന്ന് കുറുകിക്കൊണ്ടിരിക്കുന്നു. തൂണുകാലുകളിലും ചില കസേരകളിലും താഴെ നിലത്തും നിറയെ പ്രാവിന്‍കാഷ്ടത്തിന്റെ കുറിയടയാളങ്ങള്‍. ഇരിക്കുന്നതിനുമീതെ കമ്പിയില്ല എന്നുറപ്പു വരുത്തി. ഏതെങ്കിലും പ്ലാറ്റ്ഫോമിലൂടെ വണ്ടികള്‍ കടന്നുപോവുമ്പോള്‍ അവ കൂട്ടമായി പറന്നുപോകും. ഒച്ചയടങ്ങുമ്പോള്‍ അവിടെനിന്നും ഇവിടെനിന്നുമായി വീണ്ടും പുതുക്കെ പറന്നെത്തും.
തെക്കുഭാഗത്തുനിന്ന് നല്ല തണുപ്പുള്ള ഇളംകാറ്റ്. മുഖം മുകളിലേക്കുയര്‍ത്തി കണ്ണുകളടച്ച് ചാരിക്കിടന്നു. ഒരു യാത്ര കഴിഞ്ഞുള്ള മടക്കം. കണ്ടതെന്തെല്ലാം. കേട്ടതെന്തെല്ലാം. അനുഭവിച്ചതെന്തെല്ലാം. ഓരോന്നായി മിന്നിമറയുന്നു. മാറിമറയുന്നു.
ചില യാദൃശ്ചികതകള്‍, ജീവിതം, ചരിത്രം, കലകള്‍, സംസ്കാരം, പ്രകൃതി, വഴികള്‍, വ്യക്തികള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: