ഡോ.കെ.എസ്. രാധാകൃഷ്ണന് എഴുതിയ മഹാഭാരത വിചാരങ്ങള്‍ എന്ന പ്രബന്ധസമാഹാരം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സമ്പാദിച്ച് വായിച്ചുതീര്‍ത്തു. അവയില്‍ പലതും മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായിച്ച്, പുസ്തകമാക്കുമ്പോള്‍ സമ്പാദിക്കണമെന്നു നിശ്ചയിച്ചിരുന്നു. മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ പണ്ഡിതവരേണ്യനും പരിണതപ്രജ്ഞനും ജീവിതം മുഴുവന്‍ ജ്ഞാനസമ്പാദനവും, അതിനെ സര്‍വതോമുഖമായി സമാജത്തിനുവേണ്ടി നിവേദിച്ചുകൊണ്ടിരിക്കുന്നയാളുമായ ഹരിയേട്ടന് എഴുതിയിട്ടുള്ള പ്രബന്ധങ്ങള്‍ വായിക്കാന്‍ അവസരമുണ്ടായത് പ്രയോജനപ്പെടുത്തിവരികയായിരുന്നു.
മഹാഭാരതത്തെപ്പറ്റി ഒന്നാം ക്ലാസ്സിലെ ഭാഷാ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്ന പാഠമാണ് ആദ്യമായി ഗദ്യപാഠം. 115-ാമാണ്ട് (1940 ല്‍) പഠിച്ച അതു ഇപ്പോഴും മനസ്സിലുണ്ട്. പാണ്ഡവന്മാര്, കൗരവന്മാര്, അഞ്ച്, ശണ്ഠ, യുദ്ധം, രാജ്യം, പാര്ത്ഥന്, സിദ്ധിച്ചു എന്നീ വാക്കുകള്‍ക്കുശേഷം ”പാണ്ഡവന്മാര് അഞ്ചുപേരായിരുന്നു. കൗരവന്മാര് നൂറുപേരും. അവര്‍ തമ്മില്‍ എന്നും ശണ്ഠയായിരുന്നു. രാജ്യം ആരു ഭരിക്കണം എന്നായിരുന്നു തര്‍ക്കം. അവരുടെ ശണ്ഠ മൂത്ത് ഒടുവില്‍ ഒരു വലിയ യുദ്ധമുണ്ടായി. പാണ്ഡവന്മാരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ യുദ്ധവീരന് പാര്‍ത്ഥനായിരുന്നു. ശ്രീകൃഷ്ണന് പാണ്ഡവന്മാരുടെ ഭാഗത്തുചേര്‍ന്നു. അദ്ദേഹമാണ് പാര്‍ത്ഥന്റെ തേര് തെളിച്ചത്. യുദ്ധത്തില്‍ കൗരവന്മാര് മരിച്ചു രാജ്യം പാണ്ഡവന്മാര്‍ക്കു സിദ്ധിച്ചു.”
പിന്നീട് എത്രയോ തരത്തിലുള്ള മഹാഭാരതങ്ങള്‍ പഠിക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ടെന്നു പറയാന്‍ വിഷമമാണ്. സി.വി. കുഞ്ഞിരാമന് രചിച്ച നോവല്‍ പോലത്തെ വ്യാസഭാരതം ഹൈസ്കൂള്‍ ക്ലാസില്‍ മലയാളം ഉപപാഠപുസ്തകമായിരുന്നു. തുള്ളല്‍ കഥകള്‍, പതിനാലുവൃത്തം, ചാക്യാര്‍കൂത്ത്, മാവരതം പാട്ട് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പുസ്തകങ്ങളും സാഹിത്യകൃതികളും ഒക്കെ നമ്മില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോളജില്‍ പഠിച്ച കാലത്ത് ഡോ.കെ.എ. മുന്‍ഷിയുടെ ഭവന്‍സ് ജേര്‍ണലില്‍ രാജാജിയുടെ മഹാഭാരതകഥ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1952-53 കാലത്തായിരുന്നു അത്. ഞങ്ങളുടെ തിരുവനന്തപുരം പട്ടം ശാഖയുടെ മുഖ്യശിക്ഷകായിരുന്ന ജി. കൃഷ്ണമൂര്‍ത്തിയുടെ കൈവശമാണ് പുസ്തകങ്ങള്‍ കണ്ടത്. അതിന്റെ വൈശിഷ്ട്യം അദ്ദേഹം വിവരിച്ചത് കേട്ടാണത് വാങ്ങിയത്.
കോളജ് പഠനം കഴിഞ്ഞ് തൊടപുഴയില്‍ സംഘപ്രവര്‍ത്തനവുമായി കഴിഞ്ഞയവസരത്തില്‍ മറ്റൊരവസരം ലഭിച്ചു. അച്ഛന്റെ സുഹൃത്തായ ഒരു രാമന് നായര്‍ സാഹിത്യകുതുകിയും പണ്ഡിതനുമായിരുന്നു അദ്ദേഹം ധാരാളം സാഹിത്യകൃതികള്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നുതരുമായിരുന്നു. ആയിടെ വള്ളത്തോള്‍ ഗ്രന്ഥാലയക്കാര് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത വിവര്‍ത്തനം മാസികയായി പ്രസിദ്ധീകരിച്ചുവന്നു. രാമന് നായര്‍ സാര്‍ അത് വീട്ടില്‍ കൊണ്ടുവന്ന് എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ആദിപര്‍വം മുതല്‍ ഭാഷാ ഭാരതം വായിക്കാന്‍ അവസരം ലഭിച്ചു. അതൊരു വായനാ യജ്ഞമായി രണ്ടുകൊല്ലം തുടര്‍ന്നു. പക്ഷേ ശാന്തിപര്വമെത്തിയപ്പോഴേക്കും പ്രചാരകനായി നാടുവിട്ടു. പിന്നീട് മഹാഭാരതയുദ്ധം മുഴുവനും ഭാഷാ ഭാരതത്തില്‍ വായിക്കാനവസരം ലഭിച്ചു. അതില്‍നിന്ന് അന്നൊരു സംഗതി മനസ്സിലായി. സംഘത്തിലെ സംസ്കൃതത്തിലുള്ള പല പ്രയോഗങ്ങളും നേരിട്ട് മഹാഭാരതത്തില്‍ നിന്നെടുത്തതാണ്. ഗണ, പൃതന, വാഹിനി, അനികിനി, അക്ഷൗഹിണി മുതലായ സേനാഘടകങ്ങള്‍ മഹാഭാരത കാലത്തെതുപോലെ ഇന്നും സംഘസ്ഥാനിലും സജീവമായി നില്ക്കുന്നു. അവഡിനം, ഔഡ്യാണം, പ്രസീന സണ്ഡീനം മുതലായ ചുവടുവെപ്പുകളും മഹാഭാരതത്തിലുണ്ടായിരുന്നു. നമ്മുടെ സൈന്യത്തില്‍ ബ്രിട്ടീഷ് കമാന്‍ഡുകളും സമ്പ്രദായങ്ങളും ഇന്നു കുറേ തുടരുന്നുണ്ടല്ലോ.
കോളജില്‍ പഠിക്കുന്ന കാലത്ത് രണ്ട് മലയാളം അധ്യാപകരുമായി അടുത്തു പരിചയം വയ്ക്കേണ്ട അവസരമുണ്ടായി. ഒരാള്‍ യോഗാചാര്യന് വെണ്‍കുളം പരമേശ്വരന്. മറ്റെയാള്‍ പിന്നീട് ആത്മീയ സാഹിത്യത്തില്‍ പ്രശസ്തനായ ബാലകൃഷ്ണപിള്ള. ദേവസ്വം ബോര്‍ഡിന്റെ സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് വിദുരവാക്യവും ഭഗവദ്ഗീതയും വിഷയങ്ങളായിരുന്നു. വിദുരവാക്യം പറഞ്ഞു തരാന്‍ വെണ്‍കുളം സാറിനെയും, അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു ഗീത പഠിക്കാന്‍ ബാലകൃഷ്ണപിള്ള സാറിനെയും സമീപിച്ചു. മഹാഭാരതത്തിലെ സുപ്രധാനങ്ങളായ രണ്ടു ഭാഗങ്ങളാണല്ലൊ അവ. രണ്ടും ഇന്നും അതേപോലെ മനസ്സില്‍ നില്ക്കുന്നു.
തലശ്ശേരിയില്‍ പ്രചാരകനായിരുന്ന 1958-59 കാലത്ത് ആര്‍എസ്എസ് സര്‍കാര്യവാഹ് ഏകനാഥജി റാനഡേയുടെ സന്ദര്‍ശന സമയത്തു ഒരു ദിവസം അദ്ദേഹത്തെ പരിചരിക്കാന്‍ അവസരം ലഭിച്ചു. ധര്‍മ്മടത്തെ ചിന്നേട്ടന്‍ എന്ന സ്വയംസേവകന്റെ ഒഴിഞ്ഞുകിടന്ന ഒരു വീട്ടിലായിരുന്നു താമസം. തുടര്‍ച്ചയായ യാത്രമൂലം അദ്ദേഹത്തിന്റെ ചില മാംസപേശികള്‍ക്കുണ്ടായ വലിവ് ലഘൂകരിക്കാന്‍ മര്‍ദിക്കുകയായിരുന്നു കൃത്യം. അതുകഴിഞ്ഞ് അദ്ദേഹം വലിയൊരു സംസ്കൃത ഗ്രന്ഥം നിവര്‍ത്തി വായന തുടങ്ങി. ഗീതാ പ്രസ്സു പ്രസിദ്ധീകരിച്ച മഹാഭാരതമായിരുന്നു അത്. അതു പൂര്‍ണമായി വൃത്താനുവൃത്തത്തില് വിവര്‍ത്തനം ചെയ്തത് വായിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ സാന്ദര്‍ഭികമായി അറിയിച്ചപ്പോള്‍ മൂലകൃതി വായിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. സംസ്കൃതമറിയില്ലെന്നു പറഞ്ഞപ്പോള്‍ എന്നാലും കുറേ വായിക്കുമ്പോള്‍ മനസ്സിലാകുമെന്നദ്ദേഹം പറഞ്ഞു. എളമക്കരയിലെ പ്രാന്തകാര്യാലയമിരിക്കുന്ന സ്ഥലത്തിന്റെ ഉടമയായിരുന്ന ജ്ഞാനസ്വാറിന്റെ വിലപ്പെട്ട ഗ്രന്ഥശേഖരത്തില്‍ ആ ഭാരതമുണ്ടായിരുന്നു. (ആ ഗ്രന്ഥശേഖരമാണിപ്പോള് തിരുവനന്തപുരത്തെ വിചാരകേന്ദ്രത്തിലുള്ളത്). ആദിപര്‍വം ഞാന്‍ കൊണ്ടുപോയി ഒരു പ്രകാരത്തില്‍ വായിച്ചുതീര്‍ത്തു. പിന്നെ തുടരാന്‍ കഴിഞ്ഞില്ല. പക്ഷേ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാ ഭാരതം ഒരിക്കല്‍ കൂടി വായിച്ചുതീര്‍ക്കാന്‍ ജന്മഭൂമിയില് നിന്നു വിരമിച്ചശേഷം അവസരമുണ്ടായി മഹാഭാരതത്തില്‍ നിന്നു ആശയം സ്വീകരിച്ച് പ്രസിദ്ധീകൃതങ്ങളായ സാഹിത്യകൃതികള്‍ എണ്ണമറ്റവയാണല്ലൊ. മഹാഭാരത സന്ദര്‍ഭങ്ങളെ തന്റെ ധാരണയ്ക്കനുസരിച്ച് വിശദീകരിച്ചു രചിക്കപ്പെട്ട ഇനി ഞാന്‍ ഉറങ്ങട്ടെ, രണ്ടാമൂഴം എന്നീ മലയാള നോവലുകളും, യയാതി എന്ന ഹിന്ദി നോവലും ദേശീയതലത്തില്‍ തന്നെ ഖ്യാതി പിടിച്ചുപറ്റിയവയാണല്ലൊ.
തുറവൂര്‍ വിശ്വംഭരന് മാസ്റ്ററുടെ ”മഹാഭാരത പര്യടനം, ഒരു പുനര്‍വായന” എന്ന ബൃഹദ് ഗ്രന്ഥവും, അതിലെ ആശയങ്ങള്‍ തന്നെ സംവാദ വിശകലന രീതിയില്‍ അമൃത ടിവിയില്‍ അദ്ദേഹം അവതരിപ്പിച്ച പരിപാടിയും വ്യാപകമായി ജനശ്രദ്ധയെ ആകര്‍ഷിച്ചിരുന്നു. കേരളത്തിലെ ഒട്ടേറെ പ്രതിഭാശാലികള്‍ ആ ചര്‍ച്ചാപരിപാടിയുടെ വൈകാരിക ഉള്ളടക്കത്തെ കനപ്പെട്ടതാക്കാന് സഹായിച്ചിട്ടുണ്ട്. മഹാഭാരത കര്‍ത്താവിനെ ഖണ്ഡനപരമായി സമീപിക്കുന്ന മലയാള സാഹിത്യകാരന്മാരുടെ കൃതികളും കുറവല്ല എന്നതും ശ്രദ്ധേയമാണ്.
ഡോ. കെ.എസ്. രാധാകൃഷ്ണന് മാസ്റ്ററുടെ പഴയ കൃതിയായി മാര്‍ക്സിസവും അദൈ്വത വേദാന്തവും എന്ന തത്വചിന്താരമായ പുസ്തകം അതു പ്രസിദ്ധീകരിച്ച സമയത്തുതന്നെ വായിക്കാന്‍ എനിക്കു സാധിച്ചു. അതില്‍ അദ്ദേഹം പ്രകടിപ്പിച്ച ആദര്ശത്തെളിമയും ഭാരതീയ ദര്‍ശന ഗഹനതയും വളരെ ആകര്‍ഷിച്ചിരുന്നു. മാര്‍ക്സിസത്തിന്റെ മൗലിക ചിന്തകളോട് ദത്തോപന്ത് ഠേംഗ്ഡിജി, ദീനദയാല്‍ജി, പരമേശ്വര്‍ജി മുതലായ ചിന്തകന്മാര് പുലര്‍ത്തിവന്ന അതേ അന്തസ്സുറ്റ വിപരീത ഭാവത്തിന്റെ വേറൊരു വശം തന്നെയാണ് രാധാകൃഷ്ണന് മാസ്റ്ററുടെ വാക്കുകളിലും കാണാന്‍ കഴിഞ്ഞത്. അദ്ദേഹവുമായി എനിക്ക് നേരിട്ട് അടുപ്പം കുറവാണ്. എറണാകുളത്ത് നടന്നുവന്നിരുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കനപ്പെട്ട സഹകാരിയായി അദ്ദേഹത്തെ അതിന്റെ തുടക്കം മുതലേ കണ്ടിട്ടുണ്ട് എന്നു മാത്രം.
മഹാരണ്യത്തിലേക്കു ഒരു ജാലകമെന്ന പേരില്‍ പ്രസ്തുത പുസ്തകത്തിന് ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതിയ പ്രവേശകം അത്യന്തം ഹൃദ്യമായി. അത് ഒട്ടേറെ സുഖദസ്മരണകള് ഉണര്‍ത്തുകയും ചെയ്തു. ശ്രീകാന്തിന്റെ അഭിവന്ദ്യ പിതാവ് കെ.സി.കെ. രാജാ മാസ്റ്ററുമായുള്ള ദീര്‍ഘകാല സൗഹൃദത്തിലും കവിഞ്ഞ അടുപ്പമാണ് പെട്ടെന്ന് പൊന്തിവന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ഫോണ്‍ ചെയ്തിരുന്നു. കോഴിക്കോട്ടെ പഴയ സ്വയംസേവകനായിരുന്ന പി.സി.കെ. രാജാ മാസ്റ്ററുടെ സുഖ വിവരങ്ങള്‍ അറിയിക്കാനാണ് വിളിച്ചത്. വളരെ സമയം സംസാരിക്കുകയും ചെയ്തു.
ജന്മഭൂമി പത്രം എറണാകുളത്തുനിന്നാരംഭിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞിട്ടാണ്, വാര്‍ത്തകള്‍ക്കു പുറമെ പ്രതിവാര പംക്തി ആരംഭിക്കുന്നതിനെക്കുറിച്ചാലോചിച്ചത്. അതിനൊരു കാരണം ആശയപരമായും സാഹിത്യപരമായും മേന്മയുള്ള ചില ലേഖനങ്ങള്‍ തപാലില്‍ വന്നതായിരുന്നു. അവയില്‍ ഒന്നു ശ്രീകാന്ത് കോട്ടയ്ക്കലിന്റെതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കെസികെയുടെ കത്തും വന്നു. അദ്ദേഹത്തിന്റെ ഏതാനും ലേഖനങ്ങള്‍ കൂടി വന്നിരുന്നു. പിന്നീട് മാതൃഭൂമിയില്‍ ജോലിയായ വിവരവും അറിയിച്ചിരുന്നു. മഹാഭാരത വിചാരത്തിനു എഴുതിയ പ്രവേശകത്തില്നിന്നാണ് കെസികെയുടെ അമ്മയും, കേരള വ്യാസന്റെ കെട്ടിലമ്മയുമായുള്ള ബന്ധം മനസ്സിലായത്. അദ്ദേഹത്തിന്റെ ഭാരതവിവര്ത്തന രംഗം വായിച്ച ഓര്മ വന്നു.
പേരാമ്പ്രയിലെ അവിഞ്ഞാട്ട് നായര്‍ കുടുംബവും കേരളവര്‍മ പഴശ്ശിരാജാവുമായുള്ള ബന്ധത്തപ്പറ്റി പംക്തികളില്‍ വന്ന പരാമര്‍ശത്തെ കെസികെ തിരുത്തിക്കൊണ്ട് കത്തയച്ചിരുന്നു. പഴശ്ശിരാജാവിനെ തലശ്ശേരി സബ്കളക്ടറായിരുന്ന ടി.എച്ച്. ബാബറിന്റെ പാര്‍ട്ടി വയനാട്ടിലെ മാവിലത്തോട്ടിനടത്തുവെച്ച് വധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കെട്ടിലമ്മ അവിഞ്ഞാട്ട് നായരുടെ സഹോദരി അവശനിലയില്‍ കാണപ്പെട്ടതിനാല്‍ തന്റെ പല്ലക്കിലാണ് മാനന്തവാടിക്കു കൊണ്ടുവന്നതെന്നും ബാബര്‍ പറയുന്നുണ്ട്.
ആ കുടുംബത്തിലെയാണ് കെസികെയുടെ പത്നിയെന്നും, അവരുടെ അമ്മ അപ്പോള്‍ ആ കുടുംബത്തിലെ തലമൂത്ത സ്ത്രീ (എരവത്തെടത്ത് കെട്ടിലമ്മ) ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെസികെയുടെ ഫെറോക്കിലെ വസതിയില്‍ ഒരിക്കല്‍ പോയിട്ടുണ്ട്. പിന്നെ അവസരമുണ്ടായിട്ടില്ല. വിലയേറിയ ആ പരിചയത്തെക്കുറിച്ച് എന്നും അഭിമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: