തൃശൂര്‍: യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയും പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ എന്‍ഡിഎഫ് പ്രവര്ത്തകന് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും.
എന്‍.ഡി.എഫ് പ്രവര്ത്തകന് കടിക്കാട് പനന്തറ വലിയകത്ത് ഖലീലിനെയാണ് (39) തൃശൂര്‍ നാലാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ കീഴ്പാട്ട് വീട്ടില്‍ നസറുല്ല തങ്ങള്‍ (40) ഇപ്പോഴും ഒളിവിലാണ്. മൂന്നുമുതല്‍ ഒമ്പതുവരെ പ്രതികളെ കോടതി വെറുതെ വിട്ടു.
പേരാമംഗലത്ത് നടന്ന ആര്.എസ്.എസ് ശിബിരത്തിലേക്ക് അതിക്രമിച്ചുകയറി രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. 2004 ജൂണ്‍ 12നാണ് സംഭവം. സി.ഐമാരായിരുന്ന ബി. കൃഷ്ണകുമാര്‍, ഷാജു പോള്‍, മോഹനചന്ദ്രന് എന്നിവരാണ് കേസ് അന്വേഷിച്ചത്.
2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം ആവശ്യപ്പെട്ട് മണികണ്ഠന്റെ സഹോദരന് പി.വി. രാജന് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി. ലക്ഷ്മണ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: