ചാത്തന്നൂര്‍: ‘എന്റെ മകന്റെ മരണത്തിന് കാരണക്കാരുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം…’ ചാത്തന്നൂര്‍ ശ്രീഭൂതനാഥക്ഷേത്രം ജംഗ്ഷനിലെ തയ്യല്കടയില് തയ്യല്‍ തൊഴിലാളിയായ ഷീജയുടെ അപേക്ഷയാണിത്. തൊഴുകൈകളോടെ പോലീസ് ഉദ്യോഗസ്ഥരോട് ഇതുപറയാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഷീജയുടെ മകന് അനന്തു തൂങ്ങിമരിച്ചത് ജനുവരി 9നാണ്. ഇതിന് കാരണക്കാരായവരെ കണ്ടെത്താന്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന് മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി കൊടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
സംഭവദിവസം അടുത്തുള്ള വീട്ടില്‍ തയ്യല്‍തൊഴിലാളി ക്ഷേമനിധിയുടെ മീറ്റിങ്ങിന് പോയിരുന്ന ഷീജ തിരിച്ചു വന്നപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മകന്റെ ഫോണ്‍ വീട്ടില്‍ നിന്നും കാണാതെ പോയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അടുത്ത വീട്ടിലെ സ്ത്രീ, ഇതു കൊണ്ടുവന്ന് ബന്ധുക്കളുടെ കൈയില്‍ കൊടുത്തു. ഇതിനകം തന്നെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. അതുകൊണ്ട് ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ എല്ലാം നശിപ്പിച്ചതായാണ് സംശയം. ഫോണ്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ വനിതാ നേതാവിനെയാണ് സംശയമെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തയ്യല്‍ തൊഴിലാളി ക്ഷേമനിധിയുടെ മീറ്റിംഗില്‍ പോയിരുന്ന സമയത്ത് ഫോണ്‍ ചെയ്ത ശേഷം അനന്തു, അലറികൊണ്ട് വീട്ടിനകത്ത് കയറി കതക് അടച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കേസ് അന്വേഷണം മെല്ലെപോകുകയാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചു മൊഴി എടുത്തുവെങ്കിലും നടപടികളിലേക്ക് നീങ്ങിയിട്ടില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതിസ്ഥാനത്ത് ഉള്ളവരെ കുറിച്ച് വ്യക്തമായ മൊഴി കൊടുത്തിട്ടും മൊബൈല്‍ഫോണ്‍ ഡീറ്റെയില്‍സ് എടുത്തിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കുന്നില്ല. അതേസമയം ഫോണിന്റെ ഡീറ്റയില്‍സും വാട്സ്ആപ്പ് ഡീറ്റെയില്‍സും എടുക്കുന്നതിന്റെ കാലതാമസമാണ് അന്വേഷണത്തെ ബാധിക്കുന്നതെന്നാണ് പോലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: