Categories: Samskriti

പ്രാണഭയമുള്ളവന് പ്രാണദാനം

പ്രാണന്‍ പന്തയംവച്ചിരുന്ന വിരോചനന് ഇതുകേട്ടപ്പോഴാണ് പ്രാണഭയം തീര്‍ന്ന് ശ്വാസം നേരെ വന്നത്.

ഭാഗവതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പോഷണം എന്ന പുരാണധര്‍മം നിര്‍വഹിക്കുന്ന ഭാഗമാണ് ആറാം സ്‌കന്ദം. സൃഷ്ടിയും സൃഷ്ടിവ്യാപനവും സ്ഥാനവും വിവരിച്ച ശേഷം വളര്‍ച്ചയെയാണ് ഈ സ്‌കന്ദത്തില്‍ വര്‍ണിക്കുന്നത്. ശാരീരികമായ വളര്‍ച്ച മാത്രമല്ല, പോഷണം എന്നതു കൊണ്ടുള്ള  ഉദ്ദേശ്യം. ജ്ഞാനപ്രകാശം കൂടി വേദവ്യാസന്‍ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടാണ് അത്രി, അംഗിരസ് മുതലുള്ള മഹര്‍ഷിമാരെക്കുറിച്ച് ഈ സ്‌കന്ദത്തില്‍ വിവരിച്ചത്.  

വേദവ്യാസന്‍ തന്നെ രചിച്ച മഹാഭാരതം കൂടി ഇവിടെ സ്പര്‍ശിച്ചു പോകുന്നത് അംഗിരസു മഹര്‍ഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിന് സഹായകമാകും.  

മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ ശകുനിയുടെ കള്ളച്ചൂതുകളിയില്‍ പെട്ട് സ്വയം കൗരവരുടെ അടിമയായി നില്‍ക്കുന്ന സന്ദര്‍ഭം. ദുര്യോധനന്റെ ആജ്ഞയാല്‍ ദുശ്ശാസനന്‍, പാഞ്ചാലിയെ സഭയില്‍ വലിച്ചിഴച്ചു കൊണ്ടു വന്നു. പാഞ്ചാലി ഹസ്തിനപുരത്തിന്റെ മഹാസദസ്സിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. യുധിഷ്ഠിരന്‍ സ്വയം പണയം വച്ച ശേഷമാണോ പാഞ്ചാലിയെ പണയം വച്ചത്? ഒരു അടിമയ്‌ക്ക് അതിനെന്ത് അവകാശമാണുള്ളത്? അടിമയല്ലാത്ത ഒരാളെ അടിമ പണയപ്പെടുത്തുകയോ? ഏതു നീതിശാസ്ത്ര പ്രകാരമാണിത്? അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയായ എന്നെ പണയപ്പെടുത്താന്‍ അതില്‍ ഒരാള്‍ മാത്രമായ യുധിഷ്ഠിരന് എന്ത് അവകാശമാണുള്ളത്?  

നായാട്ട്, മദ്യപാനം, ചൂത്, ലൈംഗികാസക്തി ഇത്യാദികളില്‍പ്പെട്ട് നില്‍ക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് സാധുതയില്ലെന്നും ശാസ്ത്രം പറയുന്നു. ഇതെല്ലാം സദസ് വിലയിരുത്തണമെന്ന് പഞ്ചാലി ആവശ്യപ്പെട്ടപ്പോള്‍ സഭയിലാരും മറുപടി ഇല്ലാതെ വിഷമിച്ചു. ഇതുകണ്ട് വിദുരര്‍ സ്വയം സദസിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു.

ഈ രാജസദസ് വ്യക്തവും ന്യായവുമായ തീരുമാനം കൈക്കൊള്ളണം. തീരുമാനം ന്യായം അല്ലെങ്കില്‍ വംശനാശം നേരിടേണ്ടിവരും. ഇക്കാര്യത്തില്‍ പഴയൊരു ചരിത്രം ചൂണ്ടിക്കാട്ടട്ടെ എന്നുപറഞ്ഞ് വിദുരര്‍ ഒരു കഥ വിശദീകരിച്ചു.

ഒരിക്കല്‍ അംഗിരസിന്റെ പുത്രനായ സുധന്വാവും പ്രഹ്ലാദപുത്രനായ വിരോചനനും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ആരാണ് വലിയവന്‍ എന്ന തര്‍ക്കം മൂത്ത് സ്വപ്രാണനെ തന്നെ പന്തയം വച്ചു. വിഷയം രാജാവായ പ്രഹ്ലാദന്റെ മുമ്പിലെത്തി.

പക്ഷേ, സുധന്വാവിന് ഒരു സംശയം. പ്രഹ്ലാദന്‍ പുത്രനായ വിരോചനന് വേണ്ടി പക്ഷം പിടിക്കുമോ. സ്വന്തം മകന്റെ ജീവനുവേണ്ടി ഒരു കളവ് പറഞ്ഞാലോ? അതിനാല്‍ സുധന്വാവ് ചില ന്യായങ്ങള്‍ പ്രഹ്ലാദന്റെ മുമ്പില്‍ ചൂണ്ടിക്കാട്ടി. അങ്ങറിഞ്ഞുകൊണ്ട് അസത്യത്തിന് പക്ഷംപിടിക്കരുത്. ന്യായം പറയാതിരിക്കുകയും അരുത്. അങ്ങനെ അന്യായം പ്രവര്‍ത്തിച്ചാല്‍ അത് തലപൊട്ടിത്തെറിക്കാന്‍ കാരണമാകും.

പ്രഹ്ലാദന്‍ ചിന്താക്കുഴപ്പത്തിലായി. പ്രശ്‌നപരിഹാരത്തിന് അപ്പൂപ്പനായ കശ്യപ മഹര്‍ഷിയെ സമീപിച്ചു. അറിഞ്ഞുകൊണ്ട് മിണ്ടാതിരുന്നാല്‍ ആയിരം ശാപപാശങ്ങള്‍ ഏല്‍ക്കുമെന്ന് കശ്യപമഹര്‍ഷി വ്യക്തമാക്കി.

സത്യത്തിന് വിരുദ്ധമായി സംസാരിച്ചാല്‍ അതും അപരാധമാണ്. അതിനും തക്കതായ പാപം ഉള്ളതിനാല്‍ ശിക്ഷാര്‍ഹമാണ്.

പ്രഹ്ലാദന്‍ സുധന്വാവിനെയും വിരോചനനയേും സദസ്സില്‍ വിളിച്ചുവരുത്തി. തന്റെ വിശദീകരണം വ്യക്തമാക്കി.  

എന്നേക്കാള്‍ മഹത്വം അംഗിരസ് മഹര്‍ഷിക്കാണ്. വിരോചനന്റെ അമ്മയേക്കാള്‍ മഹത്വം സുധന്വാവിന്റെ അമ്മയ്‌ക്ക് തന്നെയാണ്. തീര്‍ച്ചയായും വിരോചനനേക്കാള്‍ മാഹാത്മ്യം സുധന്വാവിനായതിനാല്‍ സുധന്വാവിന്റെ മുന്നില്‍ വിരോചനന്‍ ചെറുത് തന്നെയാണ്. കുലം കൊണ്ടും ജ്ഞാനംകൊണ്ടും തപശക്തികൊണ്ടും സുധന്വാവ് തന്നെയാണ് വലിയവന്‍.

പ്രഹ്ലാദന്റെ സത്യസന്ധമായ മറുപടി കേട്ട് അംഗിരസിന്റെ പുത്രന്‍ സുധന്വാവ് ഏറെ സന്തുഷ്ടനായി. സുധന്വാവ് മറുപടി പറഞ്ഞു. ഹേ നാരായണ പ്രിയാ സത്യസന്ധ്യമായ അങ്ങയുടെ ഈ വിധി പ്രഖ്യാപനത്താല്‍ അങ്ങയുടെ മാഹാത്മ്യം ഏറെ വിപുലമായി. അതിനാല്‍ അങ്ങയുടെ പുത്രന്‍ വിരോചനന് 100 വര്‍ഷം കൂടുതല്‍ ആയുസ്സ് ലഭ്യമാകട്ടെ എന്ന് എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ അനുഗ്രഹിക്കുന്നു.

പ്രാണന്‍ പന്തയംവച്ചിരുന്ന വിരോചനന് ഇതുകേട്ടപ്പോഴാണ് പ്രാണഭയം തീര്‍ന്ന് ശ്വാസം നേരെ വന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക