ഇന്ന് മാര്‍ച്ച് 13. അഞ്ചുവര്‍ഷം മുന്‍പ് ഇതേദിവസമാണ് നിയമസഭയിലെ കയ്യാങ്കളി. കെ.എം. മാണിയെ ലക്ഷ്യം വച്ച അന്നത്തെ പ്രതിപക്ഷം കലിപ്പ് തീര്‍ത്തത് എങ്ങിനെയൊക്കെ എന്ന് മാലോകരെല്ലാം കണ്ടതല്ലേ. പിടിയും വലിയും കടിയുമൊക്കെ പരസ്പരം ഒരു പിശുക്കുമില്ലാതെ നടന്നു. അസഭ്യവര്‍ഷങ്ങള്‍ക്കും ഒരു കുറവും ഉണ്ടായില്ല.
പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ എന്നിവര്‍ നിയമസഭാ കയ്യാങ്കളിയില്‍ നല്ല പങ്കുവഹിച്ചവരാണ്. ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതിയും തള്ളി. ഇതോടെ വി.ശിവന്‍കുട്ടി, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന് എന്നിവരും വിചാരണ നേരിടണം. പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതിത്തള്ളാന്‍ സര്‍ക്കാരിനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.
നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കീഴ്ക്കോടതിയും സ്വീകരിച്ചത്.
ഹര്‍ജി പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും കോട്ടയം സ്വദേശികളുമായ എം ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. നിയമസഭയില്‍ നടന്ന കൈയാങ്കളി പരസ്യമായി ടിവി ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വി. ശിവന് കുട്ടി മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
കോഴ ആരോപണം മാത്രമല്ല, പാലയിലെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം വരെ ഉണ്ടെന്നും ആരോപിച്ചിരുന്നു. ബജറ്റ് പോലും വിറ്റ് കാശാക്കിയ ആളാണ് കെ.എം. മാണിയെന്നും ആക്ഷേപിച്ചിരുന്നു. അതിന് കെ.എം.മാണിയുടെ പാര്‍ട്ടിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ രഹസ്യ ചര്‍ച്ചവരെ നടത്തുകയും ചെയ്തു. മാണിയുടെ പാര്‍ട്ടി ഇപ്പോള്‍ സിപിഎമ്മിനൊപ്പമാണ്. ഇ.പി. ജയരാജന് ഇക്കുറി മത്സരത്തിനില്ല. പ്രതികളായ ശിവന്‍കുട്ടിയും ജലീലും സ്ഥാനാര്‍ത്ഥികളാണ്.
തന്തയെ തകര്‍ക്കാന്‍ ഒരുങ്ങി സഭയില്‍ കോപ്രായം കാണിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരെ മാണിയുടെ മകന് ജോസ് എന്തുചെയ്യും? ജയിപ്പിക്കുമോ? തോല്പിക്കുമോ? ജലീലിനും ശിവന്‍കുട്ടിക്കും വേണ്ടി ജോസ് മോന് പ്രചാരണത്തിനിറങ്ങിയാല്‍ അതില്‍പ്പരം കൗതുകവാര്‍ത്തയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: