തൃശൂര്‍: ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ചേലക്കര നിയോജക മണ്ഡലം.
ഭാരതപുഴയെയും വടക്കന്‍ മലനിരകളേയും കിഴക്കു-പടിഞ്ഞാറ് ഭാഗങ്ങള്‍ പാലക്കാട് ജില്ലയേയും അതിരിടുന്ന മണ്ഡലത്തെ നിലവില്‍ എല്‍ഡിഎഫിലെ യു.ആര്‍ പ്രദീപാണ് പ്രതിനിധീകരിക്കുന്നത്. 1965-ല്‍ മണ്ഡലം രൂപീകൃതമായപ്പോള്‍ മുതല്‍ പട്ടികജാതി സംവരണ മണ്ഡലം. ഇതുവരെ നടന്ന 13 തെരഞ്ഞെടുപ്പില്‍ 7 തവണ എല്‍ഡിഎഫും 6 തവണ കോണ്‍ഗ്രസും വിജയിച്ചു.
കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണനും സിപിഎമ്മിലെ കെ.രാധാകൃഷ്ണനും 4 തവണ വീതം ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങളില്‍ ഇളകി മറിഞ്ഞ ചേലക്കരയുടെ മണ്ണില്‍ ഇത്തവണ ശക്തമായ പോരാട്ടമായിരിക്കും. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അട്ടിമറി വിജയം ലക്ഷ്യം വെച്ചാണ് എന്‍ഡിഎ രംഗത്തുള്ളത്.
മണ്ഡല വികസനം-ജനങ്ങള്‍ പറയുന്നത്…
ആരോഗ്യ മേഖല
ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന ചേലക്കര മണ്ഡലത്തില്‍ ചേലക്കര കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും പരിമിതം. മണ്ഡലത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എല്ലാം കുടുംബ ആരോഗ്യ കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും ഒരു കുടുംബ ആരോഗ്യ കേന്ദ്രം പോലും യഥാര്‍ത്ഥ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.
പൈങ്കുളം റയില്‍വേ മേല്‍പ്പാലം, ചേലക്കര ബൈപ്പാസ്
ഏറെ യാത്രാദുരിതം നേരിടുന്ന പൈങ്കുളം റയില്‍വേ ഗെയ്റ്റിനു മുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇപ്പോഴും പൊള്ളയായ് തുടരുന്നു. ചേലക്കര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമായ് മാറാവുന്ന ചേലക്കര ബൈപ്പാസ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ചേലക്കര ഉദുവടിയില്‍ നിന്ന് ആരംഭിച്ച് നാട്യാഞ്ചിറയിലേക്കുള്ളതാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡ്.
പട്ടിക ജാതി ക്ഷേമം
പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമം നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ എംഎല്‍എ മണ്ഡലത്തിലെ പല പട്ടികജാതി കോളനികളിലേക്കും വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. തിരുവില്വാമല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചോഴിയംകോട് കോളനിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ വകയിരുത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വികസനമെന്നത് സ്വപ്നമായി അവശേഷിക്കുന്നു.
വിദ്യാഭ്യാസ മേഖല
മണ്ഡലത്തിലെ മുഴുവന്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. മണ്ഡലത്തില്‍ പാമ്പാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെ നിരവധി സ്‌കൂളുകള്‍ ശോച്യാവസ്ഥയില്‍ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കുടിവെള്ള പ്രശ്‌നം പരിഹരിച്ചില്ല: ബിജെപി
ചേലക്കര മണ്ഡലത്തില്‍ നിരവധി ജലാശയങ്ങള്‍ ഉണ്ടെങ്കിലും പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നിലനില്‍ക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടാന്‍ പദ്ധതികളൊന്നും തന്നെ നടപ്പാക്കിയില്ല. മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലേയും കര്‍ഷകര്‍ക്ക് ജലസേചനം ഉറപ്പുവരുത്തുന്ന ചീരക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. പദ്ധതിയുടെ പുനരുദ്ധാരണം വേഗത്തിലാക്കാന്‍ നടപടിയുണ്ടായില്ല. മണ്ഡലത്തില്‍ പുതിയ ജലസേചന പദ്ധതികളൊന്നും തുടങ്ങിയിട്ടില്ല. മണല്‍ ചാക്കുകളാല്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ചതടക്കമുള്ള ജലസേചന പദ്ധതികളില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. മണ്ഡലത്തില്‍ പ്രളയക്കെടുതി നേരിട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കാന്‍ നടപടിയുണ്ടായില്ല. കൊട്ടിഘോഷിച്ചാണ് തിരുവില്വാമല- മായന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. കൈത്തറി ഗ്രാമത്തിന്റെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കാനായി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച തിരുവില്വാമല കുത്താമ്പുള്ളി -മായന്നൂര്‍ പാലം ജലരേഖയായി. മണ്ഡലത്തിലെ പല റോഡുകളും ഗതാഗതയോഗ്യമല്ല.
പി.എസ് കണ്ണന്‍ (ബിജെപി ചേലക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി)
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല: യുഡിഎഫ്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും തന്നെ എല്‍ഡിഎഫ് നടപ്പാക്കിയിട്ടില്ല. പട്ടികജാതി മണ്ഡലമായിട്ടും പട്ടികജാതി കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിച്ചില്ല. കോടികള്‍ ചെലവാക്കി സ്ഥാപിച്ച കേരപാര്‍ക്ക്, റൈസ് പാര്‍ക്ക് എന്നിവ പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. കാര്‍ഷിക മേഖലയില്‍ ജലസേചന സൗകര്യങ്ങളില്ല. ചെറുതുരുത്തി, നെടുമ്പുര മേഖലകളിലേക്കുള്ള എല്‍ഐസി കുടിവെള്ള പദ്ധതി നടപ്പായില്ല. 2018-ലെ പ്രളയത്തില്‍ തകര്‍ന്ന ചീരക്കുഴി ജലസേചന പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. പാഞ്ഞാള്‍, കൊണ്ടാഴി, തിരുവില്വാമല മേഖലകളില്‍ ഭാരതപ്പുഴ കാട്പിടിച്ചു കിടക്കുന്നു. പൈങ്കുളം, മുള്ളൂര്‍ക്കര റെയില്‍വേ മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. തിരുവില്വാമല മലാറയിലെ മാന്തോപ്പ് പദ്ധതി സംരക്ഷിക്കപ്പെടാതെ നശിച്ചു. 1992-ല്‍ ഉദ്ഘാടനം ചെയ്ത വടക്കാഞ്ചേരി ശുദ്ധജലപദ്ധതിയുടെ പുനരുദ്ധാരണം നടത്തിയില്ല. സ്‌കൂളുകളില്‍ ഹൈടെക്കാക്കുന്നിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഉയര്‍ന്നിട്ടില്ല.
ടി.എം കൃഷ്ണന്‍ (കോണ്‍ഗ്രസ് ചേലക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്)
മണ്ഡലത്തില്‍ സമഗ്ര വികസനം നടപ്പാക്കി: എല്‍ഡിഎഫ്
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 833 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക, പൊതുമരാമത്ത് മേഖലകള്‍ക്കാണ് മുന്‍ തൂക്കം നല്‍കിയത്. കാര്‍ഷിക മേഖലകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി. പ്രളയത്തില്‍ തകര്‍ന്ന ജലസേചന പദ്ധതികള്‍ 48 കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മ്മിച്ചു. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലായുള്ള 10 ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. കുടിവെള്ള പദ്ധതികളുടെ ഭാഗമായി ഭാരതപുഴയില്‍ ഷൊര്‍ണൂര്‍, ചെറുതുരുത്തി, കൊണ്ടയൂര്‍, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു. പൊതുമരാമത്ത് മേഖലയില്‍ മണ്ഡലത്തിലെ റോഡുകള്‍ നവീകരിച്ചിട്ടുണ്ട്. അകമല-ചെറുതുരുത്തി, ചേലക്കര-എളനാട്, തലശേരി-തളി, പാഞ്ഞാള്‍-മണലാടി എന്നീ റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മണ്ഡലത്തില്‍ വ്യാപകമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
കെ.കെ മുരളീധരന്‍ (സിപിഎം ചേലക്കര ഏരിയാ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക