പാരീസ്: ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ യുവന്റസിന് പിന്നാലെ ലണല്‍ മെസിയുടെ ബാഴ്സലോണയും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) ബാഴ്സലോണ സമനിലയില്‍ (1-1) തളച്ചെങ്കിലും ആദ്യപാദത്തിലെ വമ്പന്‍ തോല്‍വി തിരിച്ചടിയായി. രണ്ട് പാദങ്ങളിലുമായി പിഎസ്ജി 5-2 ന്റെ വിജയവുമായി ക്വാര്‍ട്ടറില്‍ കടന്നു. ന്യൂകാമ്പിലെ ആദപാദത്തില് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സ തോറ്റത്.
രണ്ടാം പാദത്തില്‍ ബാഴ്സ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ മികവ് കാട്ടി അവര്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ മത്സരഗതിക്കെതിരെ ഗോള്‍ നേടി പിഎസ്ജി ലീഡ് പിടിച്ചു. മുപ്പത്തിയൊന്നാം മിനിറ്റില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് പെനാല്‍റ്റി ഗോളാക്കി പിഎസ്ജിയെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ എംബാപ്പെ ഹാട്രിക്ക്് നേടിയിരുന്നു.
അപ്രതീക്ഷതമായി ഗോള്‍ വീണതോടെ ബാഴ്സ പോരാട്ടം മുറുക്കി. ആറു മിനിറ്റിനുള്ളില്‍ ഗോളും മടക്കി. ഇരുപത്തിയഞ്ച് മീറ്റര്‍ അകലെ നിന്ന് മെസി തൊടുത്തുവിട്ട് തകര്‍പ്പന്‍ ഷോട്ടാണ് പിഎസ്ജിയുടെ വലയില്‍ കയറിയത്. ആദ്യ പകുതിയില്‍ തന്നെ ബാഴ്സയെ മുന്നിലെത്തിക്കാന്‍ മെസിക്ക് അവസരം ലഭിച്ചു. എന്നാല്‍ മെസിക്ക്് അവസരം മുതലാക്കാനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തി. മെസിയുടെ കിക്ക്് പിഎസ്ജി ഗോളി കെയ്ലര് നവാസ് രക്ഷപ്പെടുത്തി. 2015 നു ശേഷം ഇതാദ്യമായാണ് മെസി ചാമ്പ്യന്‍സ് ലീഗില്‍ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തുന്നത്.
മെസിയുടെ പ്രധാന എതിരാളിയും സൂപ്പര്‍ സ്റ്റാറുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് ടീമായ പോര്‍ട്ടോയോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന്് പുറത്തായി. 2005 നു ശേഷം ഇതാദ്യമായാണ് മെസിക്കോ റൊണാള്‍ഡോയ്ക്കോ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ കഴിയാതെ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: