Categories: Samskriti

പരിശ്രമത്തിന്റെ പ്രാധാന്യം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍  

ആദ്ധ്യാത്മികതയില്‍ പരിശ്രമത്തിന്റെ പ്രാധാന്യം കാണിക്കുവാനായി ശ്രീ രമാദേവി മാതാവു പറഞ്ഞ ഒരു കഥ ഇങ്ങനെ: ഭൂപദേവന്‍ എന്നു പേരായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ വിദ്യാഭ്യാസത്തിനായി ഗുരുകുലത്തില്‍ ചേര്‍ന്നു. അവന്‍ ബുദ്ധികുറഞ്ഞ ഒരു കുട്ടിയായിരുന്നു. ഗുരു പഠിപ്പിച്ചതൊന്നും അവനു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാ സഹപാഠികളും അവനെ പുച്ഛത്തോടെ വീക്ഷിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു. ഭൂപദേവനു ഇതുമൂലം മടുപ്പുതോന്നി. അവന്‍ ആരോടും പറയാതെ ഗുരുകുലത്തില്‍നിന്നും ഓടിപ്പോയി. ഒരുപാടുദൂരം അവന്‍ ഓടി.

ഓടി ഓടി ആ പാവം കുട്ടി തളര്‍ന്നു. കുറച്ചു വിശ്രമിക്കാനായി ഒരു പൊതു കിണറിന്റെ അരികത്തിരുന്നു. പുരുഷന്മാരും സ്ത്രീകളും കിണറില്‍നിന്നും വെള്ളം കോരുന്നുണ്ടായിരുന്നു. പെട്ടെന്ന് കിണറിനടുത്തു കിടന്നിരുന്ന ഒരു കരിങ്കല്ല് ഭൂപദേവന്‍ ശ്രദ്ധിച്ചു. ആ കരിങ്കല്ലിന്റെ മുകള്‍ഭാഗം ഏറെക്കാലമായി പാത്രങ്ങള്‍ വെക്കുകയും എടുക്കുകയും ചെയ്തതുകൊണ്ടുണ്ടായ ഉരസല്‍തുമൂലം തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാളുടെ മനസ്സിലൂടെ ഒരു സത്യത്തിന്റെ ഉള്‍വെളിച്ചം പെട്ടെന്നു മിന്നിമറഞ്ഞു. നിരന്തരമായ പാത്രങ്ങളുടെ സമ്പര്‍ക്കംമൂലം ഒരു കരിങ്കല്ലിനുപോലും തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാള്‍ വിചാരിച്ചു അതേ, തനിക്കു ബുദ്ധി തന്നിട്ടുണ്ട്. വിദ്യ സമ്പാദിക്കാന്‍ ഞാന്‍ വീണ്ടും പരിശ്രമിക്കണം. അസാദ്ധ്യമായി ഒന്നുമില്ല.  

ഭൂപദേവന്‍ നിശ്ചയിച്ചുറച്ചു. ഒരു പുതിയ പ്രതീക്ഷയും ഊര്‍ജ്ജവും അയാളില്‍ ആവേശിച്ചു. അയാള്‍ ഗുരുകുലത്തിലേക്കു തിരിച്ചു പോയി. അവിടെ വീണ്ടും ചേര്‍ന്നു. അയാള്‍ തന്റെ മനസ്സും ബുദ്ധിയും പഠനത്തില്‍ പ്രയോഗിച്ചു. പരിശ്രമത്തിന്റെ ഊക്കുകൊണ്ട് അയാള്‍ അതിശയകരമായ വിധത്തില്‍ ഏകാഗ്രത നേടിയെടുത്തു. ഒഴിവു സമയങ്ങളില്‍ അയാള്‍ സന്തോഷത്തോടെ ഗുരുവിനെ ശശ്രൂഷിച്ചു. മറ്റു സമയങ്ങള്‍ മുഴുവന്‍ അയാള്‍ മറ്റൊന്നും ആലോചിക്കാതെ പഠനത്തില്‍ മുഴുകി. അക്കൊല്ലം മറ്റു വിദ്യാര്‍ത്ഥികളെ മുഴുവന്‍ അതിശയിപ്പിച്ചുകൊണ്ട് അയാള്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബുദ്ധിശക്തി അയാളില്‍ തിളങ്ങി നിന്നു. കാലക്രമത്തില്‍ അയാള്‍ ശാസ്ത്രപ്രുരാണാദി ഗന്ഥങ്ങളിലും നിപുണനായി. ഏറെ താമസിയാതെ അയാള്‍ രാജകൊട്ടാരത്തിലെ പ്രധാന പണ്ഡിതന്റെ നിലയിലേക്കു ഉയര്‍ത്തപ്പെട്ടു. അയാളുടെ കീര്‍ത്തി പരദേശങ്ങളിലേക്കപോലും പരന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക