ന്യൂദല്‍ഹി: ഗ്രേറ്റര്‍ ടൊറണ്‍ടോ പ്രദേശത്ത്(ജിടിഎ) ഒരുകൂട്ടം ബില്‍ബോര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് ഇന്‍ഡോ-കനേഡിയന്‍ സമൂഹം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അഭ്യര്‍ഥന മാനിച്ച് കാനഡയ്‌ക്ക് കോവിഡ് വാക്‌സിനുകള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകളിലുള്ള നരേന്ദ്രമോദിയുടെ ചിത്രത്തിന് പിന്നിലായി ഇന്ത്യയുടെയും കാനഡയുടെയും പതാകകളും കാണാം.
‘ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി’ എന്ന് ബില്‍ ബോര്‍ഡുകളില്‍ വായിക്കാം. ‘ഇന്ത്യ-കാനഡ സൗഹൃദം നീണ്ടുനില്‍ക്കട്ടെ’ എന്നും എഴുതിയിട്ടുണ്ട്. ബുധനാഴ്ചയാണ് ജിടിഎയിലെ പ്രധാന റോഡുകളില്‍ ഒന്‍പത് ബില്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. ബ്രാംപ്ടണ്‍ നഗരത്തിലെ നാലിടങ്ങളില്‍ കൂടി തിങ്കളാഴ്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.
‘ഇന്ത്യയും കാനഡയും തമ്മിലുള്ള സാധാരണ സൗഹൃദം എടുത്തുകാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒപ്പം ഇന്ത്യ വാക്‌സിന്‍ നല്‍കിയതും’.-ബില്‍ബോര്‍ഡ് പ്രചാരണത്തിന് പിന്നിലുള്ള കൂട്ടായ്മയായ ഹിന്ദു ഫോറം കാനഡ അധ്യക്ഷന്‍ റാവു യെണ്ടമുരി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യബാച്ച് ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് വാക്‌സിന്‍ കാനഡയില്‍ എത്തിയത്. കാരാര്‍ അനുസരിച്ച് രണ്ടു ദശലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ മെയ് പകുതിയോടെ കയറ്റി അയയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: