ചങ്ങനാശ്ശേരി: ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ പ്രസ്താവനക്കെതിരെ എന്‍എസ്എസ്. മന്ത്രി ഇപ്പോള്‍ നടത്തുന്ന ഖേദപ്രകടനം നടത്താനുള്ള സാഹചര്യം എല്ലാവര്ക്കും അറിയാം. കടകംപള്ളിയും സര്‍ക്കാരും പശ്ചാത്തപിച്ചതുകൊണ്ട് ശബരിമല അവസാനിക്കുന്നതല്ല പ്രശ്നങ്ങള്‍ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് അനുകൂലമായാണ് 13 നവംബര്‍ 2007 ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കാണിച്ച് വീണ്ടും സത്യവാങ്മൂലം നല്കി. ഇതിനെ അടിസ്ഥാനമാക്കിയാണ് 2018 നവംബര്‍ 28ന് യുവതി പ്രവേശനത്തിന് അനുകൂലമായി വിധിവന്നതെന്നും സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ 2018 ല്‍ ശബരിമലയില്‍ നടന്നതിനെ പറ്റി മന്ത്രി കടകംപള്ളി ഖേദം പ്രകടിപ്പിക്കുന്നത് ഏത് സാഹചര്യം മുന്നില്‍ കണ്ടാണ് എന്ന് ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളു എന്നും പത്രക്കുറിപ്പില്‍ അദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഖേദം പ്രകടപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തുവന്നിരുന്നു. 2018ലെ സംഭവങ്ങളില്‍ വിഷമമുണ്ട്. അതുണ്ടാകാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതൊക്കെ അടഞ്ഞ അധ്യായമാണ്. വിവാദങ്ങള്‍ക്കില്ലെന്നും കടകംപള്ളി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: