പണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേല്‍ ചാഞ്ഞാല്‍ വെട്ടണമെന്ന ചൊല്ല് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നടപ്പാക്കാന്‍ തയാറാകുമോ എന്ന ചോദ്യമാണ് കേരളം ഉറ്റു നോക്കുന്നത്. പൊന്നാനിയിലും കുറ്റിയാടിയിലും സംഭവിച്ചത് സിപിഐയുടെ പിളര്‍പ്പിന്റെ കാലത്തോ സിപിഎമ്മില്‍നിന്ന് അണികള്‍ കൂട്ടമായി വിട്ടുപോയ വേളയിലോ ഉണ്ടാക്കാത്ത അമ്പരപ്പ് പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായി. പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വരുത്തി, നിലപാടുകളില്‍ അയവു വരുത്തി, അടവു നയത്തിന് പ്രാമുഖ്യം കൊടുത്ത് നടത്തിയ നീക്കങ്ങളോട് എക്കാലത്തും വിയോജിച്ചിരുന്നവര് പറയുന്നു, ‘അടയ്ക്കയായിരുന്നെങ്കില് ഒക്കത്ത് വെക്കാമായിരുന്നു, ഇത് അടയ്ക്കാമര’മായിപ്പോയി എന്ന്.
സംഭവിച്ചത് എന്താണെന്ന് ഇനിയും റീവൈന്‍ഡ് ചെയ്ത് പഠിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടിയിലെ ചിലര്‍. ഒരു വിഭാഗം, തല്ക്കാലം തെരഞ്ഞെടുപ്പുവിജയം മാത്രമാണ് ലക്ഷ്യം എന്ന വാദിച്ച് പൊന്നാനിയേയും കുറ്റിയാടിയേയും മറ്റും ഗൗരവം കുറച്ചുകാണിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, പാര്‍ട്ടിയെ ജിഹാദികള്‍ പിടിച്ചെടുത്തതിന്റെ തെളിവാണ് പ്രകടനങ്ങളും പരസ്യ ആവശ്യങ്ങളെന്നും വിലയിരുത്തുന്നവരും പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതില്ല.
പഴയ കഥകളും ചരിത്ര സംഭവങ്ങളും രാഷ്ട്രീയ വിശകലന വേളയില്‍ ആവര്‍ത്തിക്കേണ്ടിവരും. ഒറ്റ വാക്യത്തില്‍ ഒതുക്കിയാല്‍, വഴി വിട്ട ഇസ്ലാമിക മതപ്രീണനം എന്നു പറഞ്ഞാല്‍ തീരും. വിശദീകരിച്ചാല്‍ എത്രയെത്ര സംഭവങ്ങള്‍ പറയേണ്ടിയും വരും. മതേതരത്വം നയമാണെന്ന് പ്രസംഗിക്കുന്ന സിപിഎം, അതത്കാലത്ത് രൂപപ്പെട്ട ഇസ്ലാമിക മത-രാഷ്ട്രീയ സംഘടനകളോട്, സ്വീകരിച്ച നിലപാടാണ് ആ സംഭവങ്ങളത്രയും. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെ ഒപ്പം കൂട്ടിയ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ കാലത്തെ പാര്‍ട്ടി നയം മുതല്‍, ജമാ അത്തെ ഇസ്ലാമിയെ കൂടെകൂട്ടിയതും അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസിനും പിഡിപിക്കും മാന്യത നല്കിയതും ആ നിലപാടുകളുടെ ഭാഗമാണ്. ഐഎന്‍എല്ലിനെ തോളത്തുവെച്ചതും പോപ്പുലര്‍ ഫ്രണ്ടിന് ഒത്താശ ചെയ്തതും ചെയ്യുന്നതും എസ്ഡിപിഐയ്ക്ക് മാന്യപദവി നല്കിയതും നല്‍കുന്നതും ആ അടവു നയങ്ങളുടെ തുടര്‍ച്ചയാണ്.
ജിഹാദ്, അത് ഏതു രൂപത്തിലായാലും സമൂഹത്തിന് ഗുണകരമല്ലെന്ന് അറിയാമായിട്ടും അതിനെ വളരാനും പുരപ്പുറത്തേക്ക് ചായാനും അനുവദിച്ചതും അതിനു താങ്ങായി നിന്നതുമാണ് സിപിഎമ്മിന്റെ കൊടുംകുറ്റം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മറ്റൊരു വകഭേദ വിഭാഗവും ചെയ്യാത്ത അപരാധമാണ് അക്കാര്യത്തില്‍ സിപിഎം ചെയ്തത്. അയോധ്യയിലെ തര്‍ക്ക മന്ദിര വിവാദവും അത് തകര്‍ക്കപ്പെട്ടതിന്റെ പേരിലുള്ള പ്രചാരണവും നിയന്ത്രിച്ചതും പെരുപ്പിച്ചതും സിപിഎമ്മാണ്. സംഘപരിവാറിന്റെ വളര്‍ച്ചയെ തടയാനെന്ന വ്യാജേന, മുസ്ലിം വിഭാഗത്തിന്റെ സംരക്ഷകരെന്ന തെറ്റിദ്ധാരണ ജനിപ്പിച്ചായിരുന്നു അത്. വോട്ടിനുവേണ്ടിയായിരുന്നു ഹീനകൃത്യമെങ്കിലും അതിനപ്പുറം ഒരു ജനവിഭാഗത്തെ തികച്ചും അപകടകരമായ വഴിയില്‍ നടത്തുകയായിരുന്നു അതിലൂടെ. അങ്ങനെ, തീവ്രാവാദത്തിലേക്കും ഭീകര പ്രവര്‍ത്തനത്തിലേക്കും തള്ളിവിടുകയായിരുന്നു ആ മത വിഭാഗത്തെ. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി സിപിഎം നശിപ്പിച്ച ഒരു ജനവിഭാഗത്തെ അതേവഴിയില്‍ നടക്കാനും സംരക്ഷിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിയും കൂട്ടുനിന്നു. ആരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മിടുക്കര്‍ എന്ന മത്സരമായിരുന്നു അവര്‍ തമ്മില്‍.
ബിജെപിയെ ചെറുക്കാന്‍ മുസ്ലിം ജനതയെ സജ്ജരാക്കുന്നു, അവരെ സംരക്ഷിക്കുന്നു എന്ന പേരിലാണ് ഇവര്‍ ഇത് ചെയ്തത്. അതിന് സമുദായത്തെ തെരുവിലറിക്കി. അവര്‍ക്ക് മുദ്രാവാക്യങ്ങള്‍ നല്‍കിയും ഏറ്റുവിളിപ്പിച്ചും, അവരെ വഴിതെറ്റിച്ചു. പൗരത്വ നിയമഭേദഗതി വിഷയത്തില്‍ സ്ത്രീകളെ അടക്കം തെരുവില്‍ മുഷ്ടി ചുരുട്ടി രോഷം പ്രകടിപ്പിക്കാന്‍ സജ്ജരാക്കി. കത്വയിലേയും ഹാഥ്രസിലേയും സംഭവങ്ങളില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് പ്രചരിപ്പിച്ചു. ഇഷ്ടഭക്ഷണം കഴിക്കാനും ഇന്നാട്ടില് ജീവിക്കാനും കഴിയാത്ത സ്ഥിതി വരുന്നുവെന്ന് പ്രചരിപ്പിച്ചു, വിശ്വസിപ്പിച്ചു. മുത്തലാഖിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം സമുദായത്തിലെ സ്ത്രീകള്‍ക്കും സ്വീകാര്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതേക്കുറിച്ച് മിണ്ടാതിരുന്നു. ഇങ്ങനെ, ഹിന്ദു വിരുദ്ധ പ്രചാരണങ്ങളും മുസ്ലിം അനുകൂല നിലപാടുകളും വഴി, സമൂഹത്തില്‍ ഒരു വിഭാഗത്തിന്, അവര്‍ പ്രത്യേക ജനതയാണെന്ന തോന്നല്‍ ജനിപ്പിച്ചു. പക്ഷേ, അവര്‍ക്കു മേലുള്ള എല്ലാത്തരം നിയന്ത്രണങ്ങളും കൈവിട്ടു പോകുകായിരുന്നു.
ജിഹാദി മനസുകളാണ് സമുദായ ക്ഷേമ മനസ്ഥിതിക്കാരേക്കാള് സാഹചര്യം വിനിയോഗിച്ചത്. അവര്‍ സകല മേഖലയിലും അവസരം ദുരുപയോഗിച്ചു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കടക്കം സമുദായത്തിന് സര്‍ക്കാരിന്റെ ലൈസന്‍സുണ്ടെന്ന പ്രതീതി വളര്‍ത്തി. മത സ്വാതന്ത്ര്യം ദുരുപയോഗിച്ചു. എതിര്ക്കപ്പെടേണ്ടവരെന്ന് തോന്നിയവര്ക്കെതിരേ അക്രമങ്ങള്‍ ആഘോഷമാക്കി. സിപിഎം സര്‍ക്കാരിന്റെ ഭാഗമായതോടെ അതിന് സംരക്ഷണം കൂടി. പാര്‍ട്ടിയും ഈ വിഭാഗവും തമ്മിലുള്ള സഹകരണത്തിലെ വ്യാപ്തി മൂലം ആര്, എവിടെ, എങ്ങനെ എന്ന ധാരണപോലും ഇല്ലാതായി. പാര്‍ട്ടിയെ ജിഹാദികള്‍ വിഴുങ്ങി.
പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി നന്ദകുമാര്‍ വേണ്ട, സിറ്റിങ് എംഎല്‍എ പി. ശ്രീരാമകൃഷ്ണന് മതിയെന്നല്ല പ്രകടനം നടത്തിയവര്‍ ആവശ്യപ്പെട്ടത്. അവര്‍ക്ക് വേണ്ടത് സിദ്ദിഖിനെയാണ്. അത് നേരിട്ടുള്ള പ്രഖ്യാപനമാണ്, സിപിഎമ്മിനു മേലുള്ള സമ്മര്‍ദമാണ്.
കൊച്ചുകൊച്ചു സംസ്ഥാനങ്ങള്‍, ചെറിയ ചെറിയ സ്വയംഭരണ പ്രദേശങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്ത ഭരണക്രമം, സ്വന്തം ഭരണഘടന, പരിധിയില്ലാത്ത സ്വാതന്ത്ര്യം തുടങ്ങിയ അപകടകരമായ ആശയങ്ങള്‍ അവതരിപ്പിച്ചും അതിന് വാദിച്ചും സിപിഎം നല്കിയ വിചിത്രമായ വാഗ്ദത്ത ലോകമാണ് ഒരു വിഭാഗത്തെ പ്രലോഭിപ്പിക്കുന്നത്. 1921 ലെ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്കുമ്പോള്, ജിഹാദികള്‍ക്ക് പരോക്ഷമായി സൗകര്യവും സംവിധാനവും നല്കുമ്പോള്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വഴിവിട്ട് ലഭ്യമാക്കുമ്പോള്‍ അസാമാന്യരാണെന്ന് ചിലര്‍ക്ക് സ്വയം തോന്നിപ്പോകുന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്ന പ്രതികരണങ്ങളില്‍ പലതും. അതെ, അടയ്ക്ക അല്ല, അടയ്ക്കാമരമായി എന്നര്‍ഥം.
സിപിഎം കേഡര്പാര്ട്ടിയാണെന്നായിരുന്നു ധാരണയും പ്രചാരണവും. അത് പാടേ മാറി. അത് ജിഹാദികളുടെ കൂടാരമായി. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവം ഇങ്ങനെയായിരുന്നു. അത് പൊന്നാനിയിലേപ്പോലെ പ്രകടനമാകാഞ്ഞതിനാല് നാടാകെ അറിഞ്ഞില്ല. വടക്കേ വയനാട്ടില്‍ തൊണ്ടര്‍ നാട് പഞ്ചായത്തില്‍ യുഡിഎഫ് ക്രിസ്ത്യന്‍ സ്ഥാനാര്‍തഥിയെ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് ഹിന്ദുവിനെയും. എസ്ഡിപിഐ പറഞ്ഞു, മുസ്ലിം വോട്ടുകിട്ടുന്നത് മുസ്ലിമിനെ സ്ഥാനാര്‍ഥിയാക്കുന്ന പാര്‍ട്ടിക്കായിരിക്കും. അതായത്, താഴേത്തട്ടില്‍ ‘പൊന്നാനികള്’ നേരത്തേ സക്രിയമാണ്.
ചിലര്‍ വീരവാദം പറയും, സിപിഎം ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല. പൊന്നാനിയില്‍ പി. നന്ദകുമാറിനെത്തന്നെ സ്ഥാനാര്‍ഥിയാക്കി എന്ന്. പക്ഷേ, ആ തീരുമാനത്തിനും അതിന്റെ അംഗീകാരത്തിനും പിന്നില്‍ എന്തെല്ലാം ധാരണകള്‍ ഉണ്ടായിരിക്കം. അതിലാണ് ഇനിയും ഭയക്കേണ്ടത്. ഒത്തുതീര്‍പ്പിനു പിന്നിലെ കരാറുകള്‍, ഉയര്‍ത്തിയ പ്രശ്നത്തിനു പിന്നിലെ പുറത്തു പറയാത്ത ആവശ്യങ്ങള്‍. ഈ തെരഞ്ഞെടുപ്പോടെ തീരുന്നില്ല ഈ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: