കൊട്ടാരക്കര: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഉള്‍പ്പെടെ വേനല്‍ ചൂട് കൂടുകയാണ്. ഇനിയും ചൂട് അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ജില്ലയില്‍ പലയിടത്തും ഇപ്പോള്‍ തന്നെ 35 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്.
പലയിടത്തും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. കനാല്‍ ജലം തുറന്നുവിട്ടിട്ടുണ്ടെങ്കിലും ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കിണറുകളില്‍ വെള്ളം ഇല്ലാത്ത സ്ഥിതിയാണുള്ളത്. അതിനിടെ, വൈദ്യുതി ഉപയോഗവും കുത്തനെ ഉയര്‍ന്നു. ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ ജലസ്രോതസുകളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ടാങ്കര്‍ലോറികളില്‍ വെള്ളം വില്‍ക്കുന്ന സംഘങ്ങള്‍ ഇതിനോടകം തന്നെ ജില്ലയില്‍ സജീവമാണ്. എന്നാല്‍, വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള പരിശോധന നടക്കുന്നില്ലെന്നും ആക്ഷേപവുമുണ്ട്. ചൂട് ക്രമാതീതമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശവുമായി എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും.
65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണമെന്നും നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: