കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സെക്രട്ടറി അരവിന്ദ് ആനന്ദ് ജില്ലയില്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ബി. അബ്ദുല്‍ നാസറുമായി കൂടിക്കാഴ്ച നടത്തിയാണ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തിയത്.
തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പുരോഗിക്കുകയാണെന്ന് കളക്ടര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടരുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള ഉദ്യോഗസ്ഥ വിന്യാസത്തിനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. സ്വീപ് മുഖാന്തിരം ബോധവല്കരണം നടത്തി പരമാവധി വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തിക്കാനാകും. സുരക്ഷാക്രമീകരണങ്ങളും കുറ്റമറ്റ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയിലൂടെ വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എംസിസി വഴിയാണ് പ്രവര്‍ത്തനങ്ങള്‍. നാട്ടിലാകെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും പോസ്റ്റര്‍-ബാനര്‍ തുടങ്ങിയവയും നീക്കം ചെയ്തു. ഇവയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ക്ക് സത്വര പരിഹാരം കാണും. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും കളക്ടര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: