ബെംഗളൂരു: കോടിയേരി കുടുംബത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കാതിരിക്കാന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം വൈകിപ്പിക്കുന്നു. അതേസമയം, ഐ ഫോണ്‍ വിവാദത്തില്‍ കുടുംബനാഥയുടെ പേരു തന്നെ പ്രധാനതലക്കെട്ടായതോടെ കുടുംബം വെട്ടിലായി. കോടിയേരി ബാലകൃഷ്ണന്റെ രണ്ടു ആണ് മക്കളില്‍ മൂത്തമകന് ബിനോയ് കോടിയേരി പീഡനക്കേസിലും ഇളയ മകന് ബിനീഷ് കോടിയേരി മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
ബിനീഷ് കോടിയേരി കഴിഞ്ഞ 120 ദിവസമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെ ഒക്ടോബര്‍ 29നാണ് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) അറസ്റ്റു ചെയ്തത്. ബെംഗളൂരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതിയായ എറണാകുളം വെന്നല ആര്യാട്ട് വീട്ടില്‍ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് കോടിയേരി വലിയ തുക കൈമാറിയതായാണ് ഇ ഡി കണ്ടെത്തല്‍. ഡിസംബര്‍ 28ന് ബിനീഷിനെതിരെ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. ബിനീഷിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുക്കളും ഇ ഡി കണ്ടുകെട്ടി.
അറസ്റ്റു നടപടികളെ ചോദ്യം ചെയ്തും, ജാമ്യത്തിനായും കേസിന്റെ ആദ്യനാളുകളില്‍ ബിനീഷിന്റെ അഭിഭാഷകര്‍ സിറ്റി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയിട്ടും ജാമ്യത്തിനായി മേല്‍ക്കോടതികളെ ഇതുവരെ സമീപിച്ചിട്ടില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിനീഷ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജാമ്യത്തിനു ശ്രമിക്കാത്തത്.
ജാമ്യം ലഭിച്ച് കേരളത്തില്‍ എത്തിയാല്‍ തുടര്‍ ദിവസങ്ങളില്‍ ബിനീഷിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമെന്നും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുപ്പ് കഴിയും വരെ ബിനീഷിന്റെ ജാമ്യം വേണ്ടന്നു വയ്ക്കാന്‍ കുടംബം തീരുമാനിച്ചത്. പക്ഷെ, ലൈഫ് പദ്ധതിയില്‍ കോഴയായി നല്കിയ ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് പെട്ടതോടെ പാര്‍ട്ടിയും കുടുംബവും വെട്ടിലായി. ഇതുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്ണനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ഇതോടെ മക്കള്‍ക്കു പിന്നാലെ ഭാര്യയിലൂടെയും കോടിയേരി ബാലകൃഷ്ണന് കുരുക്കിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: