ലഖ്നൗ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ഉജ്ജ്വല ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 28.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ഥാന (80), പൂനം റാവുത്ത് (62) എന്നിവരുടെ അപരാജിത ഇന്നിങ്സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.
ജമീമ റോഡ്രിഗസിന്റെ (9) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഷബ്നിം ഇസ്മായിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് മന്ഥാന-റാവുത്ത് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 152 പന്തില്‍ 138 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. 64 പന്ത് മാത്രം നേരിട്ട മന്ഥാന മൂന്ന് സിക്സും പത്ത് ഫോറും പായിച്ചു. 89 പന്തില്‍ എട്ട് ഫോറുകളുടെ സഹായത്തോടെയാണ് പൂനം 62 റണ്‍സെടുത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ജുലന് ഗോസ്വാമിയുടെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. 49 റണ്‍സ് നേടി ലാറ ഗൂഡാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. സ്കോര്‍ബോര്‍ഡില്‍ 20 റണ്‍ മാത്രമുള്ളപ്പോള്‍ അവരുടെ ഓപ്പണര്‍മാരായ ലിസെല്ലേ ലീ (4), ലൗറ വോള്‍വാട്ട് (9) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന ലാറ-സുനെ ലുസ് (36) സഖ്യമാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇവര്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു.
പിന്നീടെത്തിയ ആര്‍ക്കും പിടിച്ചുനില്ക്കാന് സാധിച്ചില്ല. ഗോസ്വാമിക്ക് പുറമെ രാജേശ്വരി ഗെയ്കവാദ് മൂന്നും മാന്‍സി ജോഷി രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി. ജൂലന്‍ ഗോസ്വാമിയാണ് മത്സരത്തിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: