പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ പി. നന്ദകുമാറിനു പകരം ടി.എം. സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് അകത്തുണ്ടായിരിക്കുന്ന പൊട്ടിത്തെറി പാര്‍ട്ടി നേതൃത്വം ചിത്രീകരിക്കുന്നതുപോലെ ലളിതമായ ഒന്നല്ല. പാര്‍ട്ടിയുടെ ലോക്കല്‍-ബ്രാഞ്ച് കമ്മിറ്റികളിലെ നിരവധി പേരാണ് രാജിവച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും പാര്‍ട്ടിയുടെ ഹിന്ദുവായ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ”നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും” എന്ന ബാനറിനു പിന്നില്‍ തെരുവില്‍ അണിനിരന്നവര്‍ സിപിഎം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നു. ഇത് നേതൃത്വം അവകാശപ്പെടുന്നപോലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പൊതുവികാരമല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. അതിനാല്‍ അണികളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നൊക്കെ ചില സിപിഎം നേതാക്കള്‍ പറയുന്നത് നിരര്‍ത്ഥകമാണെന്ന് അവര്‍ക്കു തന്നെ അറിയാം.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പ്രശ്നങ്ങളുണ്ടാവാറുണ്ട്. അതൊരു പുതിയ കാര്യമല്ല. 2006 ലും 2011 ലും വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ സിപിഎമ്മില്‍ തഴച്ചുവളര്‍ന്ന വിഭാഗീയതയുടെ അനിഷേധ്യമായ അധ്യായങ്ങളാണ്. ഇത്തരം ചേരിപ്പോരുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൊന്നാനിയിലെ പ്രതിഷേധം ഈ വിഭാഗത്തില്‍പ്പെടുത്താവുന്നതല്ല. അത് മതപരമാണ്. മതതീവ്രവാദികളുടെ അജണ്ടയുമായാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ തട്ടകത്തില്‍ അന്യമതസ്ഥനായ ഒരുവനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന തീവ്രവികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അപ്പോള്‍ ഒരു ചോദ്യമുയരാം. പൊന്നാനി മണ്ഡലത്തില്‍നിന്ന് പലതവണ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ശ്രീരാമകൃഷ്ണനാണല്ലോ. പേരുകൊണ്ട് മാത്രമായിരുന്നു ഇത്. പെരുമാറ്റത്തിലും പ്രവൃത്തിയിലും ഈ ജനപ്രതിനിധി എങ്ങനെയായിരുന്നുവെന്ന് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെയായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍നിന്ന് വ്യക്തമായതാണ്. പൊന്നാനിയിലെ തന്റെ ‘ജനസമ്മതി’യുടെ രഹസ്യം എന്താണെന്ന് ഈ മഹാശയന്റെ നാവില്‍നിന്നുതന്നെ കേട്ട് ജനങ്ങള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. അവസരം വന്നപ്പോള്‍ ഇനി അപരന് വേണ്ട, സ്വന്തം ആള് മതിയെന്ന് മതതീവ്രവാദികള്‍ തീരുമാനിച്ചതിന്റെ ഫലമാണ് പൊന്നാനിയിലെ പ്രതിഷേധം.
സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഹിന്ദുവായ സ്ഥാനാര്‍ത്ഥിക്കെതിരെ പൊന്നാനിയില്‍ നടന്ന പ്രകടനവും. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരന് സീറ്റു നല്‍കാതെ എസ്ഡിപിഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെയാണ്. സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്ന കോഴിക്കോട്ടെ കുറ്റിയാടി സീറ്റിലും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മുസ്ലിങ്ങള്‍ തന്നെയാവണം എന്ന അജണ്ടയാണ് തീവ്രവാദികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ രീതി പിന്തുടരണമെന്ന് ഇവര്‍ ശഠിക്കുന്നു. മതവിഭാഗീയതയുടെ ഈ രാഷ്ട്രീയത്തിന് സിപിഎം കീഴടങ്ങുകയാണ്. 1921 ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം നടക്കുമ്പോള്‍, അന്നത്തെ മതവിദ്വേഷത്തിന്റെയും മനുഷ്യക്കുരുതികളുടെയും സിരാകേന്ദ്രമായിരുന്ന പൊന്നാനിയില്‍ ‘വിജയം’ ആവര്‍ത്തിക്കാനാണ് തീവ്രവാദികള്‍ നോക്കുന്നത്. മാപ്പിളസ്ഥാന് മാതൃകയില്‍ മലബാര്‍ സംസ്ഥാനത്തിനുവേണ്ടിയുള്ള വാദം ഉയര്‍ന്നിരിക്കെ മതതീവ്രവാദികളുടെ പൊന്നാനി മോഡലിനെതിരെ കനത്ത ജാഗ്രതയും പ്രതിരോധവും ഉയര്‍ന്നു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: