ന്യൂദല്‍ഹി: 2019 ഓഗസ്റ്റില്‍ പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം ജമ്മു കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ക്രമാതീതമായി കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. 2019 വര്‍ഷവുമായി 2020-നെ താരതമ്യം ചെയ്യുമ്പോള്‍ കുറവു വന്നതായാണ് ചൂണ്ടിക്കാട്ടിയത്. പോയവര്‍ഷം ജമ്മു കാശ്മീരില്‍ 244 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി ചൂണ്ടിക്കാട്ടി. 2019-ല്‍ ഇത് 594 ആയിരുന്നു. 2020-ല്‍ 221 ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ മുന്‍വര്‍ഷം 157 പേരെ സുരക്ഷാ സേന വധിച്ചു. ഈ വര്‍ഷം ഫെബ്രുവരി വരെ 15 ഭീകരാക്രമണങ്ങള്‍ കേന്ദ്രഭരണ പ്രദേശത്തുണ്ടായി. എട്ടു ഭീകരരെ വധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020-ല്‍ 33 സുരക്ഷാ ഉദ്യോഗസ്ഥരും ആറു സാധാരണക്കാരും ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടു. 2019-ല്‍ 27 സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ച് സാധാരണക്കാരും മരിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കിഷന് റെഡ്ഡി കണക്കുകള്‍ നിരത്തി ലോക്സഭയില്‍ ചൂണ്ടാക്കാട്ടി. ഭീകരതയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സഹിഷ്ണുത പൂജ്യമാണെന്ന്(സീറോ ടോളറന്‍സ്) കിഷന് റെഡ്ഡി വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങളുടെ ശക്തിപ്പെടുത്തല്‍, ദേശവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരായ ശക്തമായ നടപടി, സുരക്ഷാ സേനകളുടെ വിന്യാസം വര്‍ധിപ്പിക്കല്‍, പരിശോധന തുടങ്ങി ഭീകര സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭീകര്‍ക്ക് സഹായം നല്‍കുന്നവരെ സുരക്ഷാ സേനകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും നടപടിയെടുക്കുന്നുമുണ്ടെന്നും കിഷന് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: