ന്യൂദല്‍ഹി: ഗുണ്ടായിസവും അരാജകത്വവും കാരണമാണ് ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍.
ഇക്കണോമിക് ടൈംസില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സുനില്‍ അറോറ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസ് ലോക്സഭാ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.
ബംഗാളില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ബംഗാളില്‍ തെരഞ്ഞെടുപ്പ് ഏഴ്ഘട്ടങ്ങളിലായാണ് നടന്നത്.
ബിജെപിയുടെ നിര്‍ദേശമനുസരിച്ചാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് എട്ടുഘട്ടങ്ങളില് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതെന്നായിരുന്നു മമതയുടെയും തൃണമൂലിന്റെയും മറ്റൊരു ആരോപണം. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച ബംഗാളിലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ കൂടി പരിശോധിച്ചാണ് ഈ തീരുമാനമെന്നും സുനില്‍ അറോറ പറഞ്ഞു.
294 സീറ്റുകളിലേക്കുള്ള ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മാര്‍ച്ച് 27ന് ആരംഭിക്കും. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: