മുംബൈ: റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കാര്‍ കണ്ടെത്തിയ സംഭവത്തില്‍ മഹാ വികാസ് അഘാടി(എംവിഎ) സര്‍ക്കാരിനെതിരെ ബിജെപി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമ മന്‍സുക് ഹിരെണിനെ കഴിഞ്ഞ ദിവസം കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനും മുന്‍ ശിവസേന നേതാവുമായ സച്ചിന് വസെയ്ക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ് വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഹിരെണിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വസെയെ അറസ്റ്റ് ചെയ്യണമെന്ന് ഫട്നാവിസ് ആവശ്യപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കുന്നുവെന്ന കുറ്റത്തിന് എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഫട്നാവിസ് ചോദിച്ചു. ആരാണ് അദ്ദേഹത്തിനുവേണ്ടി പ്രതിരോധം തീര്‍ക്കുന്നത്. രാഷ്ട്രീയപാര്‍ട്ടിയില്‍ മുന്‍പ് അംഗമായിരുന്നതിനാലാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. വസെയ്ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമാണ് നല്‍കുന്നത്.
അദ്ദേഹത്തെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. വസെയെ സംരക്ഷിച്ചാല്‍ നിങ്ങള്‍ക്കെതിരെ(സംസ്ഥാന സര്‍ക്കാര്‍) സംശയങ്ങളുയരാമെന്നും ദേവേന്ദ്ര ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു. അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വസെയായിരുന്നു നാലുമാസം കാര്‍ കൈവശം വച്ചിരുന്നതെന്ന് മന്‍സുഖ് ഹിരെണിന്റെ ഭാര്യയുടെ മൊഴി ചൂണ്ടിക്കാട്ടി ഫട്നാവിസ് പറഞ്ഞു.
മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനെന്നാണ് ഒരിക്കല്‍ വസെയെ പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ജോലി രാജിവച്ച് ശിവസേനയിലെത്തി. 13 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചശേഷം അടുത്തിടെ വീണ്ടും തിരികെ സേനയിലെത്തി. മുംബൈ പൊലീസിന്റെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലയിലേക്കായിരുന്നു മടക്കം. സ്ഫോടകവസ്തു കണ്ടെടുത്ത വാഹനത്തില്‍നിന്ന് അംബാനിക്കെതിരായ ഭീഷണിക്കത്തും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: