കൊല്ലം: കൊട്ടാരക്കര മണ്ഡലത്തില്‍ സീറ്റ് തര്‍ക്കം നിലനില്‍ക്കെ ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനുവേണ്ടി സൈബര്‍ ടീമുകള്‍ പ്രചാരണം ആരംഭിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം സംശയദൃഷ്ടിയില്‍ അകറ്റി നിര്‍ത്തിയ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
2019 മുതല്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ചന്ദ്രശേഖരനെ വേട്ടയാടുകയാണ്. ഇതിനിടെ ജില്ലാ പഞ്ചായത്തംഗം ആര്. രശ്മിയ്ക്കായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന് കെപിസിസി നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനില്‍ അംഗമായിരുന്ന രശ്മിയെ വിജയസാധ്യത കണക്കാക്കിയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. 26 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ലഭിച്ച മൂന്ന് സീറ്റുകളിലൊന്ന് കലയപുരമായിരുന്നു. കഴിഞ്ഞ തവണ കൊട്ടാരക്കരയിലേക്ക് രശ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രചാരണം തുടങ്ങിയ രശ്മിയെ അവസാമം മറ്റ് നേതാക്കള്‍ ഇടപെട്ട് നീക്കി. തുടര്‍ന്ന് സവിന്‍ സത്യനെ സ്ഥാനാര്‍ത്ഥിയാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖരനുള്ള ബന്ധം പരസ്യമാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ പോലും എല്‍ഡിഎഫ് മന്ത്രിസഭയില്‍ പല ശുപാര്‍ശകളും നടത്തുന്നത് ചന്ദ്രശേഖരന് വഴിയാണെന്നാണ് മറ്റൊരു ആരോപണം. യുഡിഎഫ് ഭരണകാലത്ത് കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നു ചന്ദ്രശേഖരന്. പക്ഷെ 2016ല്‍ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമായി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിട്ടും ചന്ദ്രശേഖരന് സീറ്റ് വാങ്ങിനല്‍കാന്‍ അദ്ദേഹം വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ലെന്നാണ് മുന്നണിയില്‍ ഉയര്‍ന്ന ആക്ഷേപം. എന്നാല്‍ ഇത്തവണ ഐഎന്‍ടിയുസിക്ക് 15 സീറ്റ് നല്കമെന്ന ആവശ്യം സംഘടന ഉന്നയിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സീറ്റെങ്കിലും സംഘടനാ നേതാക്കള്‍ ലക്ഷ്യം വയ്ക്കുന്നു.
ജില്ലാ ഭാരവാഹികള്‍ക്കും മറ്റ് നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ കിട്ടുന്ന പരിഗണന പോലും സംസ്ഥാന പ്രസിഡന്റിന് ലഭിക്കാത്തതില്‍ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവര്‍ക്ക് പരസ്യമായ പ്രതിഷേധമുണ്ട്. ചന്ദ്രശേഖരനായി സൈബര്‍വിഭാഗം പ്രചാരണം ആരംഭിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷിന് എതിര്‍പ്പ് ഉള്ളതായാണ് സൂചന. പേഴ്സണല്‍ സ്റ്റാഫുകൂടിയായ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരികുമാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ കൊടിക്കുന്നിലിന് താല്പര്യമുള്ളതായി നേരത്തെ തന്നെ എംപി കെപിസിസിയെ ധരിപ്പിച്ചതാണ്.
അന്തിമപട്ടിക വരുന്നതിന് മുന്‍പ് പ്രചാരണം ആരംഭിച്ചാല്‍ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് ആര്. ചന്ദ്രശേഖരന്റെ കണക്കുകൂട്ടല്‍. വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വേണ്ടത്ര തരത്തില്‍ സമരരംഗത്തിറങ്ങാന്‍ ഐഎന്‍ടിയുസി തയ്യാറാകാത്തതും സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാന്‍ പോലും മടിച്ചത് സിപിഎമ്മുമായുള്ള അവിശുദ്ധബന്ധം കാരണമാണെന്ന് എതിര്‍വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയ ചന്ദ്രശേഖരന് പിണറായി ഭരണത്തില്‍ അത്തരമൊരു ശ്രദ്ധേമായ സമരം നടത്തിയില്ലെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: