തിരുവനന്തപുരം: നേതൃത്വത്തെ വെല്ലുവിളിച്ച് അണികള്‍ തെരവുലിറങ്ങിയതോടെ സിപിഎമ്മില്‍ പ്രതിസന്ധ രൂക്ഷം. പൊന്നാനിയില്‍ പി. നന്ദകുമാറിനെ മാറ്റി ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കെ.പി. കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. കേന്ദ്രമന്ത്രി അമിത് ഷായെ വര്‍ഗീയവാദിയെന്നു വിളിച്ചും മുസ്ലിം എന്ന പേരുച്ചരിക്കുമ്പോള്‍ അമിത് ഷായുടെ ശബ്ദം കനക്കുന്നു എന്നു പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് പ്രസംഗിച്ചപ്പോള്‍ത്തന്നെയാണ് സിപിഎമ്മിലെ ഒരുവിഭാഗം പാര്‍ട്ടിക്കെതിരെ തെരുവിലിറങ്ങിയതെന്നതും ശ്രദ്ധേയം.
പൊന്നാനിയില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധവുമായാണു ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ, ജില്ലാ കമ്മിറ്റി അംഗം ടി. എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് ആയിരത്തോളം പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തില്‍ പ്രകടനം നടത്തിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം.
കെട്ടിയിറക്കിയ നേതാവിനെ പൊന്നാനിക്ക് വേണ്ടെന്ന മുദ്രാവാക്യങ്ങളുമായി പാര്‍ട്ടി പതാകയുയര്‍ത്തി സ്ത്രീകളടക്കമുള്ളവര്‍ തെരുവിലിറങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സിപിഎമ്മിന്റെ പരസ്യ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ച അതേ സമയത്താണ് പൊന്നാനിയിലെ പ്രതിഷേധവും. മലപ്പുറത്ത് സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ തന്നെ പരസ്യപ്രതിഷേധമുണ്ടായത് വന്‍ വീഴ്ചയായാണ് നേതൃത്വം കണക്കാക്കുന്നത്.
പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് സിഐടിയു ദേശീയ ഭാരവാഹിയായ നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതത്രേ. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സിദ്ദിഖിനായി പ്രാദേശിക ഘടകം രംഗത്തിറങ്ങിയിരുന്നു. ജില്ലാ നേതൃത്വവും സിദ്ദിഖിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയപ്പോള്‍ നന്ദകുമാറിന് അനുകൂലമാകുകയായിരുന്നു. നന്ദകുമാറിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് പ്രവര്‍ത്തകര്‍ കടക്കുമെന്ന് നേതൃത്വം കണക്കാക്കിയിരുന്നില്ല. രണ്ട് തവണ മത്സരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പകരമാണ് നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. പരസ്യ പ്രതിഷേധത്തിലേക്ക് പ്രവര്‍ത്തകര്‍ കടന്നതിലുള്ള അതൃപ്തി സംസ്ഥാന നേതാക്കള്‍ ജില്ലാ ഘടകത്തെ അറിയിച്ചെന്നാണ് സൂചന.
അതേസമയം, സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയാണ് കുറ്റ്യാടിയില്‍ തെരുവില്‍, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാത്തതാണ് കാരണം. പാര്‍ട്ടി നേതൃത്വം അണികളെ അവഗണിക്കുന്നതായും ചില നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നും ആരോപി
ച്ചാണ് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത്. പാര്‍ട്ടി ശക്തികേന്ദ്രമായ കുറ്റ്യാടിയില്‍ നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസി (എം)ന് നല്‍കിയത് നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തതിന് തുല്യമാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇന്നലെ വൈകിട്ട് കുറ്റ്യാടി ടൗണില്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നേതാക്കള്‍ക്ക് പാര്‍ട്ടിയെ വേണ്ടെങ്കില്‍ തങ്ങള്‍ക്ക് വേണമെന്നും ഞങ്ങള്‍ ചോരയും നീരും നല്‍കിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നതായും പ്രകടനത്തില്‍ മുദ്രാവാക്യം മുഴങ്ങിയത് നേത്യത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടത് യോഗത്തില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ വാദിച്ചെങ്കിലും സംസ്ഥാന നേതൃത്വവും കൈയൊഴിഞ്ഞിരുന്നു. ഇതാണ് പ്രത്യക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് പാര്‍ട്ടി അണികളെ നിര്‍ബന്ധിതരാക്കിയത്. അതേസമയം തൊട്ടടുത്ത മണ്ഡലമായ നാദാപുരത്തും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും കുറ്റ്യാടി പ്രശ്‌നം ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇടതു മുന്നണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: