ജ്ഞാനത്തിന്റെ മാത്രമല്ല, ഗുണത്തിന്റെയും കടലാണ് ഹനുമാന്. ഇത്രയൊക്കെ കഴിവുകളുണ്ടായിട്ടും ശ്രീരാമ സേവകനായി, സുഗ്രീവ ദാസനായിരിക്കാനുള്ള അദ്ദേഹത്തിന്റെ വിനയമാണ് ശ്രദ്ധേയമാകുന്നത്. ഗുണങ്ങളുടെ മാതാവാണ് കാര്യപ്രാപ്തി. അതും അദ്ദേഹത്തില്‍ നിറഞ്ഞു നിന്നു. എത്രപേരുണ്ടായിട്ടും സീതയെ കാണിക്കാനുള്ള മുദ്രമോതിരം ഭഗവാന് ഹനുമാനെ ഏല്‍പ്പിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടാവാം.
ജയ കപീശ തിഹു
ലോക ഉജാരക്
(കപീശനായ ഹനുമാന് ജയിക്കട്ടെ). ബാലിയേയോ സുഗ്രീവനേയോ ആണ് ‘രാജാവിന്റെ സിംഹാസനത്തില്‍’ നമ്മള് കണ്ടിരിക്കുക. എന്നാല്‍ കപികളുടെ ഹൃദയം നിയന്ത്രിച്ചിരുന്ന ഈശന് ഹനുമാനായിരുന്നു.
സുഗ്രീവനെ ‘രാജാവാക്കാ’ന് പ്രയത്നിച്ചതും ഹനുമാനായിരുന്നു. കപികളുടെ നായകനായി രാമയണം വായിച്ചവരും പഠിച്ചവരും ഓര്‍ക്കുക ഹനുമാനെയായിരിക്കും.
കപി എന്ന വാക്കിന് അര്‍ഥം എന്തെന്ന് പരിശോധിക്കുക. ക എന്നാല്‍ സുഖം (ബ്രഹ്മാനന്ദം), പി പിബതി (കുടിക്കുക). ആരാണോ, ആ ബ്രഹ്മാനന്ദം കുടിച്ചത് ആ ജീവന്മുക്തനാണ് കപി. ‘ക’ എന്നതിന് വിഷ്ണു എന്നും അര്‍ഥമുണ്ട്. ആരാണോ, വിഷ്ണുഭക്തിയില് നിറഞ്ഞത് അദ്ദേഹവും കപിയാണ്.
അങ്ങനെയുള്ള കപികളില്‍ ഈശനാണ് ഹനുമാന്. അതായത് ജീവന്മുക്തരില് രാജാവ് അല്ലെങ്കില്‍ ഭക്തരില്‍ രാജാവെന്ന് വിവക്ഷിക്കാം. ത്രിലോകങ്ങളിലും പ്രശസ്തനാണ് ഹനുമാന്.
രാമദൂത അതുലിത
ബലധാമ
അഞ്ജനി പുത്ര
പവനസുത നാമാ
(ശ്രീരാമദൂതനായി അവിടുന്ന് അളവറ്റ, ബലവീര്യങ്ങള്ക്ക് ഇരിപ്പിടമാകുന്നു. അഞ്ജനാപുത്രന്, പവനസുതന്‍ എന്നൊക്കെ അങ്ങേക്ക് പേരുകള്‍ ഉണ്ട്).
നമ്മുടെ സംസ്കാരത്തില്‍ പേരുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. തിരിച്ചറിയാന്‍ മാത്രമല്ല, പേരുകള്‍ ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ക്ക് നമ്മള് അര്‍ഥവത്തായ പേരുകളാണ് നല്‍കാറുള്ളത്. ആ പേരുകള്‍ സൂചിപ്പിക്കുന്ന മികവിലേക്ക് അല്ലെങ്കില്‍ ലക്ഷ്യത്തിലേക്ക് അവര്‍ എത്തിച്ചേരാനാണിത്. മഹാത്മാക്കള്‍ക്കും ഈശ്വനുമെല്ലാം നമ്മള് പലപേരുകള്‍ ചമയ്ക്കുന്നത് അവരുടെ വിഭൂതി സൂചിപ്പിക്കാനാണ്. അവര്‍ ആരെന്നതിലേക്കുള്ള ചൂണ്ടു പലകയാണ് ഈ പേരുകള്‍. ഈ ഭഗവത് നാമങ്ങള്‍ സാധനയ്ക്കായി നമുക്ക് എടുക്കാവുന്നതാണ്.
ഈ ചൗപ്പായിയില് ഹനുമാന്റെ വിവിധ നാമങ്ങളാണുള്ളത്. അദ്ദേഹം ആരെന്നും ചെയ്തത് എന്തൊക്കെയെന്നും ഈ പേരുകള്‍ സൂചിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: