തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശംഖുമുഖത്തെ പൊതുറാലിയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമരണം സംബന്ധിച്ച പരാമര്‍ശം കൂടുതല്‍ ഗുരുതമാകുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് റാലിയില്‍ ഉയര്‍ത്തിയത്. അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണം കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമായി. ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി റസാഖ് രംഗത്തെത്തി. സഹോദരന്റേത് അപകട മരണമാണെന്നും ഒരു ദുരൂഹതയും ഇല്ലെന്നും റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടരവര്‍ഷമായി. അന്ന് എഫ്.ഐ.ആര് ഇടാന്‍ അല്പം വൈകി എന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല. ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാല്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും റസാഖ്.
കാരാട്ട് റസാഖിന്റെ സഹോദരന് അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചത് 2018 ഒക്ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകന് അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നില്‍ ഗൂഢാലോചന എന്തെങ്കിലും ഉണ്ടന്ന ആരോപണം അന്നുയര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. കൊടുവള്ളി മാഫിയയ്ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന ആക്ഷേപം അന്നുയര്‍ന്നിരുന്നു. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍ഐഎ വിശാദാംശങ്ങള്‍ തേടിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെയുള്ളവരുമായി കൈകോര്‍ത്തത്. ഇതാണ് സംശയങ്ങള്‍ക്ക് ഇടയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: