കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങില്‍ മുപ്പത്തിമൂന്നുകാരിയായ പ്രിയ പ്രകാശ് യാഥാര്‍ത്ഥ്യമാക്കിയത് മിണ്ടാപ്രാണികള്‍ക്കായി സഞ്ചരിക്കുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം. എറണാകുളം ജില്ലയില്‍ മൃഗങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ വീട്ടുപടിക്കല്‍ ചികിത്സ എത്തുന്നതോടെ മൃഗസംരക്ഷണമേഖലയില്‍ വലിയൊരു മുന്നേറ്റത്തിനാണ് പ്രിയ തുടക്കം കുറിച്ചിരിക്കുന്നത്.
പതിനഞ്ചു വര്‍ഷത്തോളം വെറ്ററിനറി നഴ്സായി പ്രവര്‍ത്തിച്ച അനുഭവ ജ്ഞാനമാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന ആശയത്തിലേയ്ക്ക് പ്രിയയെ എത്തിച്ചത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. അന്നു കര്‍ഷകരുടെ സെന്‍സസ് എടുക്കുന്ന ജോലികളാണ് ചെയ്തിരുന്നത്. മൃഗസംരക്ഷണ മേഖലയില്‍ ഗ്രാമീണര്‍ക്ക് മതിയായ ചികിത്സാ സൗകര്യമില്ലെന്നും ഓപ്പറേഷന് ഉള്‍പ്പടെയുള്ള ചികിത്സയ്ക്ക് ജില്ലാ ആസ്ഥാനത്തേയ്ക്ക് ഗ്രാമീണ കര്‍ഷകര്‍ക്ക് പോകേണ്ടി വരുന്ന ദുരിതം മനസ്സിലാക്കിയിരുന്നു. ഒരു വെറ്ററിനറി ഡോക്ടര്‍ക്ക് വീടുകളില്‍ പോയി ചികിത്സിക്കാനാവുമെങ്കിലും വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. ആശുപത്രിയിലേയ്ക്ക് കന്നുകാലികളേയും മറ്റും എത്തിക്കുക എന്നത് കര്‍ഷകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ഇക്കാര്യങ്ങള്‍ അന്നുമുതലേ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തരത്തില്‍ കര്‍ഷകരുടെ വീട്ടിലെത്തി സേവനം നല്കുന്ന ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന ആശയം പ്രിയയുടെ മനസ്സിലുദിച്ചതും നടപ്പിലാക്കാനായി ശ്രമമാരംഭിച്ചതും.
മൃഗങ്ങള്‍ക്കായി സഞ്ചരിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലേയ്ക്ക് പ്രിയയെ കൊണ്ടുചെന്നെത്തിച്ചപ്പോള്‍ അതുവരെ അത്തരത്തില്‍ മാതൃകകള്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം പുതുതായി തന്നെ ആരംഭിക്കണമായിരുന്നു. അതിന് കൈത്താങ്ങായതോ കേന്ദ്രസര്‍ക്കാരും. രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ റഫ്താര്‍) നൂതനമായ സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈടൊന്നുമില്ലാതെ 25 ലക്ഷം രൂപ പദ്ധതിക്കായി നല്‍കിയത്.
മുപ്പതു ലക്ഷത്തിന് ഒരു മിനി ബസ് വാങ്ങിയാണ് ‘ശ്രദ്ധ’ എന്ന പേരില്‍ എയര്‍കണ്ടീഷന്റ് ഓപ്പറേഷന് തീയറ്റര്‍ ഉള്‍പ്പെടെ സൗകര്യങ്ങളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഒരുക്കിയത്. സ്ക്കാനിങ്ങും എക്സ്റേയും ലാബ് സൗകര്യങ്ങളോടെയാണ് സഞ്ചരിക്കുന്ന ഈ മൃഗാശുപത്രി ഒരു ഫോണ്‍ വിളിയില്‍ സേവനവുമായി വീടുകളില്‍ എത്തുന്നത്. വാക്സിനേഷന്, പശുക്കള്‍ക്കും ആടുകള്‍ക്കും കൃത്രിമ ബീജസങ്കലനം, വന്ധ്യംകരണ ശസ്ത്രക്രിയ, അത്യാഹിത ശസ്ത്രക്രിയ, രോഗ നിര്‍ണയ ലാബ് പരിശോധന, മൃഗങ്ങള്‍ക്കുള്ള സൗന്ദര്യ വര്‍ധന ചികിത്സ എന്നിവയും ‘ശ്രദ്ധ’യില്‍ ലഭ്യമാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രി ക്ലീനിക് ആന്‍ഡ് അഗ്രിബിസിനസ് ഇന്‍ക്യൂബേറ്റര്‍ പദ്ധതിയിലൂടെ എല്ലാ സഹായവും നല്‍കിയിരുന്നു. ഡോ. ഗിഗ്ഗിന് പദ്ധതിയുടെ ഏകോപന ചുമതലയും സര്‍വകലാശാല നല്കി. ഏതാണ്ട് ഒരു കോടിയോളം രൂപ ഈ സംരംഭത്തിനായിട്ടുണ്ട്. നബാര്‍ഡിന്റെ അഗ്രി ക്ലീനിക്ക് ആന്‍ഡ് അഗ്രി ബിസിനസ് സംരംഭകത്വ വികസനനിധിയില്‍ നിന്നും സബ്സിഡിയോടുകൂടിയ വായ്പ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും നല്കി. കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തായിരുന്നു തുടക്കം.
ഇപ്പോള്‍ തെരുവുനായ്കളെ വന്ധ്യംകരിക്കുന്ന എബിസി പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ 3170 നായകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. മിക്ക ജില്ലകളിലും എബിസി പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത് ഇതിനായി തയാറാക്കേണ്ടി വരുന്ന ഒരു സ്ഥിരം സംവിധാനത്തെ ജനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നം നേരിടുന്ന സ്ഥലങ്ങളില്‍ ഒരു താത്കാലിക ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കിയാല്‍ മറ്റുജില്ലകളിലേയ്ക്കും എബിസി പദ്ധതി നടത്താനാവുമെന്ന് പ്രിയ ചൂണ്ടിക്കാണിക്കുന്നു. പ്രിയ തന്നെ ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയതാണ് ഈ ആശുപത്രി. ഡിസൈനിങ്ങിലും പ്രവര്‍ത്തനങ്ങളിലും വേണ്ട ഉപദേശങ്ങള്‍ ഡോ. ഗിഗ്ഗിന് നല്‍കുന്നുണ്ട്. പേറ്റന്റിനായി അപേക്ഷിച്ചിട്ടുള്ളതിനാല്‍ വാഹനത്തിനുള്ളിലെ ഡിസൈനിങ് സംവിധാനങ്ങളുടെ പ്രത്യേകതകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ ഒമ്പതുപേര്‍ക്ക് തൊഴില്‍ നല്കാന് സാധിച്ചതിലുള്ള സന്തോഷവും പ്രിയക്കുണ്ട്.
മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ആറുമാസത്തെ സ്റ്റൈപെന്‍ഡറി നഴ്സിങ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന് കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്സെമിനേഷന്, ഡയറി മാനേജ്മെന്റ് എന്നിവയും ഊട്ടി ഇന്റര്‍നാഷണല്‍ ട്രെയ്നിങ് സെന്ററില്‍ നിന്നും എബിസി മാനേജ്മെന്റ് ട്രെയ്നിങ്ങും പൂര്‍ത്തിയാക്കി. ആലുവ ആലങ്ങാട് സ്വദേശിനിയായ പ്രിയക്കൊപ്പം ഭര്‍ത്താവ് സിജീഷും ശ്രദ്ധയില്‍ ജോലി ചെയ്യുന്നുണ്ട്. രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ സേവനം ശ്രദ്ധയില്‍ നിന്നും ലഭിക്കും. ഫോണ്‍: 9605255057
പ്രതികരിക്കാൻ ഇവിടെ എഴുതുക: