Categories: Kerala

നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു

Published by

ചേര്‍ത്തല: നന്ദുകൃഷ്ണ വധക്കേസ് അന്വേഷണം ഇഴയുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ഇടപെടല്‍ മൂലം അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. ഇതാണ് മുഴുവന്‍ പ്രതികളെയും പിടികൂടുന്നതില്‍ കാലതാമസം നേരിടുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ 24 ന് വൈകിട്ടാണ് ആര്‍എസ്എസ് നാഗംകുളങ്ങര ശാഖാ ഗഡനായക് വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ തട്ടാപറമ്പ് വീട്ടില്‍ രാധാകൃഷ്ണന്റേയും രാജേശ്വരിയുടേയും മകന്‍ നന്ദു ആര്‍. കൃഷ്ണ(22) എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ട്  ദിവസങ്ങള്‍ പിന്നിടുമ്പോഴും 10 പ്രതികള്‍ മാത്രമാണ് അറസ്റ്റിലായത്. 

ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ സുനീര്‍ (39), അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാര്‍ഡ് ദാരുല്‍സിറ യാസര്‍ (32), വയലാര്‍ നാലാം വാര്‍ഡ് മുക്കത്ത് അബ്ദുല്‍ ഖാദര്‍ (52), എഴുപുന്ന ആറാം വാര്‍ഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ അന്‍സില്‍ (33), പാണാവള്ളി ആറാം വാര്‍ഡ് വെളിംപറമ്പില്‍ റിയാസ് (38), അരൂര്‍ 12-ാം വാര്‍ഡ് വരേകാട് നിഷാദ് (32), ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡ് വെളിചിറ ഷാബുദ്ദീന്‍ (49) വടുതല സഫീര്‍ മന്‍സിലില്‍ അബ്ദുല്‍ ഗഫാര്‍, ചേര്‍ത്തല നഗരസഭ 32-ാം വാര്‍ഡില്‍ നികര്‍ത്തില്‍ ബിന്‍ഷാദ്(26) എന്നിവരാണ് ഇതുവരെ പിടിയിലായത്. ആകെ 25 പ്രതികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയെന്ന് കരുതുന്നയാള്‍ ഇതുവരെ അറസ്റ്റിലായില്ലെന്നാണ് വിവരം. പോലീസ് സംഘം പ്രമുഖ പ്രതികളില്‍ ചിലരുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരില്‍ നിന്ന് സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികളില്‍ ചിലരുടെ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പളം സ്വദേശിയായ ഒരു സ്ത്രീയെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി.  

പക്ഷേ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ഇവരെ കൃത്യമായി ചോദ്യം ചെയ്യാതെ അന്വേഷണ സംഘത്തിന് വിട്ടയക്കേണ്ടി വന്നുവെന്നാണ് വിവരം. ഇവരെ വിട്ടയച്ചില്ലെങ്കില്‍ ദേശീയപാത ഉപരോധമുള്‍പ്പെടെ സമരമുണ്ടാകുമെന്ന ഭീഷണിയില്‍ ഉദ്യോഗസ്ഥര്‍ മുട്ടുമടക്കുകയായിരുന്നത്രേ. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പ്രതികള്‍ രക്ഷപെടുന്നതിന് വഴിയൊരുക്കുമെന്നും ആക്ഷേപമുണ്ട്. ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക