കശ്മീര്‍: ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തിയോട് മാര്‍ച്ച് 15ന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
സമന്‍സ് തരാന്‍ ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നതായി മകള്‍ സന മുഫ്തി പറഞ്ഞു. പക്ഷെ ആ സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അമ്മയുള്ളപ്പോള്‍ വീട്ടില്‍ വന്ന് സമന്‍സ് നേരിട്ട് നല്കാന് ഇഡിയോട് താന്‍ പറഞ്ഞതായി സന മുഫ്തി പറഞ്ഞു.
ദല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് മാര്‍ച്ച് 15ന് ഹാജരാകാനാണ് നിര്‍ദേശമെന്നും ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നുമറിയില്ലെന്നും സന മുഫ്തി പറഞ്ഞു.
ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ജമ്മുകശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്ന അമ്മയെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കുകയാണ് ലക്ഷ്യമെന്നും സന മുഫ്തി ആരോപിച്ചു.
ഇഡി ഉദ്യോഗസ്ഥര്‍ തനിക്ക് നോട്ടീസ് കാണിച്ചു തന്നതല്ലാതെ കൈമാറിയില്ലെന്നും സന മുഫ്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: