കൊല്‍ക്കത്ത : ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച നാടാണ് ബംഗാള്‍. എന്നാല്‍ മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാന്മാരായ നേതാക്കളെയും ബംഗാളിനെ നശിപ്പിച്ചവരെയും ഒരുപോലെ കണ്ടുനിന്ന സ്ഥലമാണ് ബ്രിഗേഡ് പരേഡ് മൈതാന്‍. ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബംഗാള്‍ ജനതയെ മമതാ ബാനര്‍ജി പിന്നില്‍ നിന്നും കുത്തിയെന്നും സമാധാനവും സമൃദ്ധിയുമാണ് ബംഗാള്‍ ആഗ്രഹിക്കുന്നത്. സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതുമെന്നും മോദി പറഞ്ഞു.
ബംഗാള്‍ മാറ്റത്തിന്റെ പാതയിലാണ്. 75 വര്‍ഷത്തിനിടെ ബംഗാളിന് നഷ്ടമായത് തിരികെ കൊണ്ടുവരും. മമത ബംഗാളിലെ ജനാധിപത്യ സംവിധാനം തകര്‍ത്തെന്നും ഇത് പുനസ്ഥാപിക്കും. ഇന്ന് ബംഗാളിലെത്തിയത് വികസനത്തിന് വേണ്ടിയാണ്. സംസ്കാരം സംരക്ഷിച്ച് നിക്ഷേപം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
പൊലീസിലും ഭരണസംവിധാനത്തിലുമുള്ള വിശ്വാസ്യത വീണ്ടെടുക്കും. തൃണമൂലിനെതിരായ ബദലിനായുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍. ഇന്ത്യയെ വീണ്ടും നയിക്കുന്ന ബംഗാളാക്കി മാറ്റും. വോട്ട് വാങ്ക് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും. അടുത്ത 25 വര്‍ഷം ബംഗാളിന് നിര്‍ണായകമാണ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് 25 വര്‍ഷത്തെ വികസനത്തിന് അടിത്തറ പാകുക. ആഷോള്‍ പരിവര്‍ത്തന്‍ (യഥാര്‍ത്ഥ മാറ്റം) എന്ന മുദ്രവാക്യം മുന്നോട്ട് വെയ്ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോയുടെ മെഗാറാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മോദി മോദി വിളികളുടെയും ജയ്ശ്രീറാം വിളികളുടെയും നടുവിലേയ്ക്ക് പ്രധാനമന്ത്രി എത്തിയപ്പോള്‍ ബ്രിഗേഡ് മൈതാന്‍ അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി മാറി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബോളീവുഡ് നടന് മിഥുന് ചക്രവര്‍ത്തിയും മോദിക്കൊപ്പം വേദി പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: