ആര്‍പ്പൂക്കര: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് സമീപം പഞ്ചായത്ത് അംഗീകാരമില്ലാതെ ്രപവര്‍ത്തിച്ച ടാക്സിസ്റ്റാന്റ് മാറ്റി സ്ഥാപിക്കാനെത്തിയ ആര്‍പ്പുക്കര പഞ്ചായത്ത് അധികൃതരും പോലീസും തമ്മില്‍ തര്‍ക്കം. പഞ്ചായത്തിനെ സഹായിക്കേണ്ട പോലിസ് ടാക്സിക്കാര്ക്കനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു തര്‍ക്കം.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ടാക്സിസ്റ്റാന്റ് മാറ്റാന്‍ വന്നതെന്നും, ഇതുസംബന്ധിച്ച് പോലീസിന്റെ സഹായം ആവശ്യപ്പെട്ട് ജില്ലാ പോലീസ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചനും, മുന്‍ പ്രസിഡന്റ് ജസ്റ്റിന് ജോസഫും പറഞ്ഞു. എന്നാല്‍, ഒഴിപ്പിക്കുന്നതിനുള്ള തീയതി കോടതി പറഞ്ഞിട്ടില്ലെന്നും ഒഴിപ്പിക്കലിന് മുന്‍പ് എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കാതിരുന്നതെന്താണെന്നും പോലീസ് ചോദിച്ചു.
ഔദ്യോഗിക സ്റ്റാന്റ് അല്ലാത്തതിനാല്‍ നിയമപരമായി നോട്ടീസ് നല്കാന് കഴിയില്ലെന്നും എന്നാല്‍ ടാക്സി ഡ്രൈവര്‍മാരോട് വിവരം വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. തുടര്‍ന്ന് പോലീസ് പിന്‍വാങ്ങുകയും ടാക്സി ഡ്രൈവര്‍മാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തമ്മില്‍ സംസാരിച്ച് ധാരണ ആകുകയും ചെയ്തു. മെഡിക്കല്‍ കോളജ് മോര്‍ച്ചറി കവാടത്തിന് എതിര്‍വശത്തുള്ള ടാക്സി സ്റ്റാന്റാണ് ഇപ്പോള്‍ മാറ്റുന്നത്.
ആര്‍പ്പുക്കര പഞ്ചായത്ത് വക സ്ഥലത്താണ് ടാക്സി, ഓട്ടോറിക്ഷ, ആംബുലന്‍സ് സ്റ്റാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഔദ്യോഗിക അംഗീകാരം ഇല്ലാത്തതിനാല്‍ ഇവരില്‍ നിന്നും നികുതി ഈടാക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. അതിനാല്‍ ഇപ്പോള്‍ സ്റ്റാന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പുതിയ കെട്ടിട നിര്‍മ്മാണം നടത്തേണ്ടതിനാല്‍ ടാക്സിക്കാര്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്റില്‍ നിന്നും അല്പംമാറി വാഹനം പാര്‍ക്ക് ചെയ്യുവാന്‍ അവസരം നല്‍കാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശം ഡ്രൈവര്‍മാര്‍ അംഗീകരിച്ചു.
പിന്നീട് ടാക്സികാര്ക്കായി പ്രത്യേക പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിച്ചു തരാമെന്നും, നിലവിലുള്ള യൂണിയനുകള്‍ ടേണ്‍ അനുസരിച്ച് ടാക്സി വാഹനം പാര്‍ക്കു ചെയ്യാമെന്നും ധാരണയായി. എസ്ഐ ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ, അരുണ്‍ ഫിലിപ്പ്, ദീപാ ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: