കൊല്‍ക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സമ്മതിദായകരെ ഭീഷണിപ്പെടുത്തി ബംഗാള്‍ കൃഷിമന്ത്രി തപന്‍ ദാസ്ഗുപ്ത. ഹൂഗ്ലിയില്‍ നടത്തിയ പൊതുയോഗത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തപന്‍ ദാസ്ഗുപ്ത തനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ വെള്ളവും വൈദ്യുതിയും ലഭിക്കില്ലെന്ന് പ്രദേശത്തെ വോട്ടമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സപ്തഗ്രാം നിയോജമണ്ഡലത്തില്നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. 2011-ലാണ് ഇടതു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി തപന്‍ ദാസ്ഗുപ്ത സപ്തഗ്രാമില്നിന്നുള്ള എംഎല്‍എയായത്.
2016-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മൂന്നാം തവണയാണ് മത്സരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വിവാദമായതോടെ സ്വയം പ്രതിരോധം തീര്‍ത്ത് തപന്‍ ദാസ്ഗുപ്ത രംഗത്തെത്തി. താന്‍ തമാശ പറഞ്ഞതാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ‘ഇതില്‍ കാര്യമായി ഒന്നുമില്ല. ഞാന്‍ തമാശ പറയുകയായിരുന്നു. ബിജെപി സമൂഹമാധ്യമങ്ങളില്‍ എനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു’ എന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: