ശ്രീനഗര്‍: വിദേശികള്‍ക്കായുള്ള നിയമത്തിന് കീഴില്‍ കത്വയിലെ ഹിരാനഗര്‍ സബ് ജയിലില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയതിന് പിന്നാലെ ശനിയാഴ്ച 168 രോഹിംഗ്യന്‍ അഭയാര്‍ഥികളെ പിടികൂടി ഇവിടെയെത്തിച്ച് ജമ്മു കാശ്മീര്‍ ഭരണകൂടം. ജമ്മുവില്‍നിന്നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ തടങ്കല്‍ കേന്ദ്രങ്ങളിലെത്തിച്ചത്. ഫോറിനേഴ്സ് ആക്ടിലെ സെക്ഷന്‍ 3(2) ഇ പ്രകാരം ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനം അനുസരിച്ചാണ് 250 പേരെ പാര്‍പ്പിക്കാവുന്ന തടങ്കല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്.
പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ മൂന്ന് അനുസരിച്ച് ആവശ്യമായ സാധുവായ പാസ്പോര്‍ട്ട് ഈ കുടിയേറ്റക്കാരുടെ കയ്യിലുണ്ടായിരുന്നില്ലെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. അവരെ തടങ്കല്‍ കേന്ദ്രങ്ങളിലെത്തിച്ചശേഷം നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പ്രക്രിയയിലൂടെ ഇവരുടെ പൗരത്വ നിര്‍ണയം നടത്തും.
ഇതിന്റെ അടിസ്ഥാനത്തില്‍ നാടുകടത്താനുള്ള നടപടികള്‍ക്ക് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയഴ്ച വൈകിട്ടാണ് ജമ്മുവില്‍നിന്ന് ബസില്‍ അഭയാര്‍ഥികളെ സബ് ജയിലില്‍ എത്തിച്ചത്. ഇവരെ പാര്‍പ്പിക്കാനായി ഒരാഴ്ച മുന്‍പുതന്നെ സബ്ജയിലില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇവിടെ ശിക്ഷ അനുഭവിക്കുന്നവരെയും വിചാരണത്തടവുകാരെയും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: