പാരിസ്: ഫ്രാന്‍സിലെ ക്രൈസ്തവ പുരോഹിത സമൂഹം 1950ന് ശേഷം കുറഞ്ഞത് 10,000 പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍. ഫ്രാന്‍സിലെ ക്രൈസ്തവ സഭ തന്നെ ഏര്‍പ്പെടുത്തിയ അന്വേഷണ സംഘത്തിന്റേതാണ് ഈ വെളിപ്പെടുത്തല്‍.
ക്രൈസ്തവ പുരോഹിതരുടെ പീഡനത്തിനിരയായ കുറഞ്ഞത് 6,500 സാക്ഷിമൊഴികളെങ്കിലും കിട്ടിയിട്ടുണ്ടെന്നും ഇതില്‍ 3,000 ഇരകളെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പള്ളിയിലെ ലൈംഗികപീഢനത്തെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര കമ്മീഷന് (സിഐഎഎസ്ഇ) കണക്കാക്കുന്നു.എന്തായാലും കുറഞ്ഞത് പതിനായിരം പേരെങ്കിലും ലൈംഗിക.ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും സിഐഎഎസ്ഇ പറയുന്നു.
എത്രപേര്‍ ഇനിയും സാക്ഷിമൊഴികള്‍ നല്‍കിയിട്ടുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെന്ന് സിഐഎഎസ്ഇ പ്രസിഡന്റ് ജീന്‍ മാര്‍ക് സോവ് പറഞ്ഞു. തുടര്‍ച്ചയായി ലൈംഗിക ചൂഷണങ്ങളുടെ കഥകള്‍ വെളിപ്പെട്ടതോടെ 2018ലാണ് ക്രൈസ്തവ സഭ ഈ കമ്മീഷനെ നിയോഗിച്ചത്. ഫ്രഞ്ച് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സാണ് ഈ പഠനത്തിന് പണം മുടക്കുന്നത്. സഭകളുടെയും മത സ്ഥാപനങ്ങളുടെയും പഴയ രേഖകള്‍ പരിശോധിക്കാനുള്ള സ്വാതന്ത്ര്യവും കമ്മീഷന് നല്‍കിയിരുന്നു. കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് 2021 ആഗസ്തില്‍ പുറത്ത് വിടും.
2019ല്‍ പോപ് ഫ്രാന്‍സിസ് സഭകള്‍ക്കകത്ത് നടക്കുന്ന ലൈംഗികാതിക്രമത്തിന്റെ കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗോളതലത്തില്‍ തന്നെ ഒരു സംവിധാനം കൊണ്ടുവന്നിരുന്നു. പള്ളിമേടങ്ങള് രഹസ്യങ്ങളുടെ കൂടാരമാകാതിരിക്കാനായിരുന്നു മാര്‍പ്പാപ്പയുടെ ഈ നടപടി. പോപ്പിന്റെ ഈ നടപടി കുറച്ചൊക്കെ സഭാപ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ സഹായകരമായിട്ടുണ്ടെന്ന് സഭകളിലെ ലൈംഗികചൂഷണത്തിന്റെ പ്രധാന അന്വേഷകനായ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: