അവസാനം ആരെയും നടക്കുന്ന ആ വിവരവും പുറത്തുവന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ബന്ധമുണ്ട്. സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള കസ്റ്റംസിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കു പുറമെ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും, മറ്റ് മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ ബന്ധമുണ്ടെന്നും സ്വപ്നയുടെ രഹസ്യമൊഴിയിലുണ്ട്. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും, ഇരുവരും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള അതീവ ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്ന നടത്തിയിരിക്കുന്നു. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും, പല ഉന്നതര്‍ക്കും ഇതില്‍നിന്ന് കമ്മീഷന് കിട്ടിയിട്ടുണ്ടെന്ന കാര്യം തനിക്ക് അറിയാവുന്നതാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കിഫ്ബിയുടെ വിദേശ കടമെടുപ്പില്‍ ഭരണഘടനാ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തുന്നതിനെതിരെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കോലാഹലമുണ്ടാക്കുന്നതിനിടെയാണ് സര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന വിവരം കസ്റ്റംസ് പുറത്തുവിട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വെളിപ്പെടുത്തല്‍.
ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. സ്വപ്ന നല്കിയ രഹസ്യമൊഴിയില്‍ ഭരണഘടനാ പദവിയിലുള്ളയാളുടെ പേരു കണ്ട് കോടതി നടുക്കം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ അത് സ്പീക്കറാണെന്ന് കരുതിയിരിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്നെയാണ് അതെന്ന വെളിപ്പെടുത്തല്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. സ്വപ്ന സുരേഷും മറ്റും പ്രതികളായ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി ഇത്രയേറെ അസ്വസ്ഥനായതെന്നും, ആരോപണവിധേയരായവരെ രക്ഷിക്കാന്‍ അധികാര ദുരുപയോഗത്തിലൂടെ വഴിവിട്ട നടപടികളെടുത്തതെന്നും ഇപ്പോള്‍ വ്യക്തമാവുകയാണ്. അന്വേഷണം ഒടുവില്‍ തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഏതു വിധേനയും ഈ സാഹചര്യം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഡോളര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുള്ളതാണ് സ്പീക്കറുടെയും മറ്റു മന്ത്രിമാരുടെയും ഇക്കാര്യത്തിലുള്ള ധൈര്യമെന്ന് കരുതേണ്ടിയിരിക്കുന്നു. തരംതാണ ഭാഷയില്‍ അന്വേഷണ ഏജന്‍സികളെ വെല്ലുവിളിക്കുന്ന മന്ത്രി ജലീലിന്റെ ബലവും ഇതാണ്. തങ്ങളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ഇക്കൂട്ടര്‍ക്ക് നല്ലതുപോലെ അറിയാം.
കിഫ്ബിയിലെ ഇഡി അന്വേഷണത്തില്‍ മുഖ്യമന്ത്രി വല്ലാതെ പ്രകോപിതനായത് യഥാര്‍ത്ഥത്തില്‍ ഡോളര്‍ കടത്തില്‍ തനിക്കെതിരെ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ടാവണം. ഇഡിക്കെതിരായ വെല്ലുവിളിയും വീരവാദം മുഴക്കലും കസ്റ്റംസിനെതിരെകൂടിയായിരുന്നു. പാര്‍ട്ടിക്കാരെ രംഗത്തിറക്കി അന്വേഷണ ഏജന്‍സികളെ നേരിടാനുള്ള ശ്രമം കുറ്റം ചെയ്തിട്ടുള്ളതിന് തെളിവാണ്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ജീവനെടുക്കുമെന്ന് ജയിലില്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും, അതിനു പിന്നില്‍ ആരാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട, ദേശദ്രോഹക്കുറ്റം പോലും ചുമത്തപ്പെടാവുന്ന ഒരു കേസിലെ വമ്പന്‍ സ്രാവ് താന്‍ തന്നെയാണെന്ന് ജനങ്ങള്‍ അറിയുന്നതില്‍ മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ടാവുക സ്വാഭാവികം. ഇത് കേരളമാണെന്നും നേരിടുമെന്നുമൊക്കെയുള്ള വെല്ലുവിളികള്‍ ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രത്യാഘാതങ്ങള്‍ ഓര്‍ത്തുള്ള ഭയംകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവും. രാജ്യത്തെ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും ഉയര്‍ന്നിട്ടില്ലാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് പിണറായിക്കെതിരെയുള്ളത്. ഒരു നിമിഷംപോലും കളയാതെ രാജിവയ്ക്കുകയാണ് വേണ്ടത്. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും, അറസ്റ്റു ചെയ്യുന്നതുമൊക്കെ ഒഴിവാക്കാനുള്ള മാന്യത സംസ്ഥാനത്തിന്റെ ഭരണത്തലവന് കാണിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: