അയോധ്യ: ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതിനായി കൂടുതല്‍ ഭൂമികള്‍ വാങ്ങി രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. പുതുതായി 7,285 ചതുരശ്ര അടി ഭൂമി കൂടി ട്രസ്റ്റ് വാങ്ങി. ക്ഷേത്രസമുച്ചയം 70 ഏക്കറില്‍ നിന്ന് 107 ഏക്കറിലേക്ക് വികസിപ്പിക്കാനാണ് പുതുതായി ഭൂമി വാങ്ങിയത്. ചതുരശ്ര അടിക്ക് 1,373 രൂപ വച്ചാണ് വില നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തിന് 5 ഏക്കര്‍ മതി. മ്യൂസിയം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനാണു ഒരു കോടി നല്‍കി ബാക്കി ഭൂമി വാങ്ങിയത്.
അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നത് പൗരാണിക ക്ഷേത്ര വാസ്തുശില്‍പ്പ ശൈലിയായ നാഗാര രീതിയിലാണ് മനോഹരമായ ശില്‍പ്പ ഭംഗിയിലുള്ള അഞ്ച് മണ്ഡപങ്ങളും 161 അടി പൊക്കത്തിലുള്ള ശിഖരവും (ഗോപുരം) ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വാസ്തുശാസ്ത്രമനുസരിച്ച് മൂന്ന് നിലകളിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷമെടുക്കും. 1990ല്‍ ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കി ജോലികള്‍ ആരംഭിക്കുമ്പോള്‍ രണ്ട് മണ്ഡപങ്ങളും 141 അടി പൊക്കത്തിലുള്ള ഒരു ശിഖരവുമായിരുന്നു.
ഗര്‍ഭഗൃഹം, കുടു മണ്ഡപം, നൃത്ത്യ മണ്ഡപം എന്നിങ്ങനെ മൂന്ന് മണ്ഡപങ്ങളായിരുന്നു ആദ്യത്തേതില്‍. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായി കീര്‍ത്തന മണ്ഡപവും പ്രാര്‍ത്ഥനാ മണ്ഡപവും ചേര്‍ത്ത് രംഗമണ്ഡപമാണ് പുതുതായി ചേര്‍ത്തിരിക്കുന്നതെന്ന് ക്ഷേത്രനിര്‍മാണത്തിന്റെ മുഖ്യശില്‍പ്പി ചന്ദ്രകാന്ത് സോംപുരയുടെ മകനും ശില്‍പ്പിയുമായ ആഷിഷ് സോംപുര പറഞ്ഞു. 212 തൂണുകളെന്നത് 360 ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: