ചങ്ങനാശ്ശേരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയില്‍ നിന്നും സ്വര്‍ണ്ണവും പണവും അപഹരിക്കുകയും മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി.
കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിന്‍(19) ആണ് അറസ്റ്റിലായത്. മെബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തില്‍ ചങ്ങനാശേരി നഗരത്തില്‍ നിന്നുമാണ് ജോസ്ബിനെ പിടികൂടിയത്. നഗരത്തിലെ ഒരു സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇന്‍സ്റ്റഗ്രാമില്‍ക്കൂടി പരിചയപ്പെട്ട ഇയാള്‍ അഞ്ചര പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കുകയും ചെയ്തു.
2020 ജൂണ്‍ മുതല്‍ പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയവഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ജോസ്ബിന്‍ ആദ്യം രണ്ടു ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കമ്മലും തുടര്‍ന്ന് പാദസരം, മാല തുടങ്ങി അഞ്ചര പവനോളം സ്വര്‍ണ്ണാഭരണം അപഹരിച്ചെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
രക്ഷിതാവ് നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് പോക്സോ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ആലപ്പുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായ യുവാവിനെ കൂടാതെ നിരവധി പേര് സംഘത്തിലുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലുള്ളവരും കൃത്യത്തില്‍ ഭാഗമായിട്ടുണ്ടെന്നും അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ലഹരി മരുന്നുള്‍പ്പെടെയുള്ളവ സ്കൂള്‍ കുട്ടികള്‍ക്ക് നല്കി വരുതിയിലാക്കുന്നതായും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ ഡിവൈഎസ്പി വി.ജെ. ജോഫിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആസാദ് അബുള്‍ കലാം ക്രൈം എസ്ഐ രമേശന്, ആന്റണി മൈക്കിള്‍, പി.കെ. അജേഷ് കുമാര്‍, ജീമോന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: