Categories: Astrology

നാളും നാളെകളും… അനിഴം നാളിനെക്കുറിച്ച്

അനിഴത്തിന് അനുരാധ എന്നാണ് സംസ്‌കൃത നാമം. രാധയുടെ ഒപ്പം/ ചേര്‍ന്ന്, കാണപ്പെടുന്നത് എന്ന് സാരം.

Published by

ആദിത്യന്മാര്‍ അഥവാ സൂര്യന്മാര്‍ പന്ത്രണ്ടു പേര്‍. അതിനാല്‍ അവരെ ‘ദ്വാദശാദിത്യന്മാര്‍ ‘ എന്നു വിളിക്കുന്നു. സൂര്യന്‍, പൂഷാവ്, സവിതാവ്, ഭഗന്‍, മിത്രന്‍ എന്നിങ്ങനെ പേരുകള്‍. ഇവര്‍ ഓരോരുത്തര്‍ക്കാണ്  പന്ത്രണ്ടു മാസങ്ങളുടെ ചുമതല. ഒരുമാസം സൂര്യന്‍, ഒരുമാസം പൂഷാവ്, ഒരുമാസം മിത്രന്‍ എന്നിങ്ങനെ. പന്ത്രണ്ടു പേരല്ല, ഒരാളുടെ പന്ത്രണ്ടു ഭാവങ്ങള്‍ ആണ് എന്നും പക്ഷമുണ്ട്.  ഇതൊക്കെയാണ്  ഇവിടെ സംഗതമാകുന്ന പുരാണകഥാശകലം.  

ദ്വാദശാദിത്യന്മാരിലൊരാളായ മിത്രന്‍ ആണ് അനിഴം നാളിന്റെ ദേവത. അതിനാല്‍ മൈത്രിയും സമഭാവനയും ഇവരുടെ സഹജഭാവങ്ങളായി. മിത്രന് വരുണന്‍ എന്ന സഹോദരന്‍/ കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഇവര്‍ എപ്പോഴും ഒരുമിച്ചു നടന്നു. അതിനാല്‍ ഇവരെ ‘മൈത്രാവരുണന്മാര്‍ ‘എന്നിങ്ങനെ ഒറ്റപ്പേരില്‍ വിളിക്കുന്നു. ഏകാന്തതയിലും ഏകത്വത്തിലും അനിഴം നാളുകാര്‍ വിശ്വസിക്കുന്നില്ല.  

അനിഴം എട്ട് അല്ലെങ്കില്‍ ഒമ്പത് നക്ഷത്രങ്ങളുടെ സമൂഹമാണ്. അക്കാര്യവും കൂട്ടായ്മയിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യമാണ്. അനിഴത്തിന് അനുരാധ എന്നാണ് സംസ്‌കൃത നാമം. രാധയുടെ ഒപ്പം/ ചേര്‍ന്ന്, കാണപ്പെടുന്നത് എന്ന് സാരം. രാധ എന്നത് വിശാഖം നാളിന്റെ പേരാണ്.  ഇതെല്ലാം അനിഴത്തിന്റെ ഉള്ളില്‍ ആഴത്തില്‍ വേരോടിയ മൈത്രീഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരുമയുടെ, സൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് അനിഴം നാളുകാര്‍ പകരുന്നത്.  

എത്ര വലിയ പദവികളില്‍ എത്തിയാലും അനിഴം മനുഷ്യര്‍ക്ക് ദന്തഗോപുരനിവാസികളാവാന്‍ കഴിയില്ല. ജനകീയ മുഖമുള്ളവരാണ്. പലതരം മനുഷ്യരുമായി ഇവര്‍ ഇടപെടുന്നു. ആ മെയ് വഴക്കം വിസ്മയകരമാണ്. അതുകൊണ്ടു തന്നെ നല്ല രാഷ്‌ട്രീയക്കാരാണ് ഇവര്‍. തെരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ പരിഗണനാപ്പട്ടികയില്‍  ആദ്യം ഇടം പിടിക്കുന്നവരില്‍  അനിഴം നാളുകാര്‍ ഉണ്ടായിരിക്കും.  ചുറ്റുമുള്ള പൊതു സമൂഹവുമായി ഇവര്‍ പുലര്‍ത്തുന്ന കൂറിണക്കം മറ്റു നാളുകാര്‍ക്ക് സ്വപ്നം കാണാന്‍ കൂടി കഴിയാത്തതാണ്.   അനിഴം നാളുകാരുമായി സമൂഹവും  എപ്പോഴും നല്ല ബന്ധത്തിലായിരിക്കും. പിണക്കങ്ങളെ, പരിഭവങ്ങളെ, പരാതികളെ ആഗോളപ്രശ്‌നമാക്കാന്‍ അനിഴം നാളുകാര്‍ ഒരുമ്പെടുന്നില്ല. ചുരുക്കത്തില്‍ ഈ ചങ്ങാതിയുണ്ട് എങ്കില്‍ വേറെ കണ്ണാടിവേണ്ട !  

വൃശ്ചികക്കൂറിലാണ് അനിഴം വരുന്നത്. രാശിനാഥന്‍ ചൊവ്വയും. അധികാരം, പദവികള്‍ എന്നിവയുടെ വിത്ത് , മുളയ്‌ക്കാന്‍ പാകത്തില്‍ ഇവരുടെ ഉള്ളിലുണ്ടാവുന്നതിന് മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. പത്താം ഭാവം കര്‍മ്മരംഗത്തെ കുറിക്കുന്നു. അതിന്റെ നാഥന്‍ സൂര്യനും. ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍  സൂര്യന്‍ രാജാവാണ് , ചൊവ്വ സേനാനായകനും. സത്യത്തില്‍ ഈ രണ്ട്  ‘രാഷ്‌ട്രീയ ഗ്രഹങ്ങളാണ് ‘ അനിഴം നാളുകാരുടെ തലയിലെഴുത്ത് ഇങ്ങനെയാക്കിത്തീര്‍ക്കുന്നത്. കളത്തിലിറങ്ങിയാല്‍ വിജയ പരാജയങ്ങളെ സഹിഷ്ണുതയോടെ നേരിടാനും പിന്നെയും ക്ഷമയോടെ കാത്തിരിക്കാനും ഇവര്‍ക്കാവും. ഇങ്ങ്  നമ്മുടെ കൊച്ചു നാട്ടിന്‍പുറത്തെ രാഷ്‌ട്രീയമായാലും , അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്‌ട്രീയമായാലും ഇതാണ് സത്യം. ഇന്നലെയും അത് അങ്ങനെ തന്നെയായിരുന്നു: നാളെയും മറിച്ചാവില്ല.  

എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്(98460 23343)  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology