തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നു. ഓട്ടോറിക്ഷകളുടെ മുകള്‍ഭാഗം ചായം തേയ്ച്ച് ചുവപ്പ് കളറാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം എല്‍ഡിഎഫ് ഉറപ്പ് എന്ന വാചകവും എഴുതി.
മോട്ടോര്‍ വാഹന നിയമപ്രകാരം, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളില്‍ ബന്ധപ്പെട്ട ഓഫീസിന്റെ അനുമതി ഇല്ലാതെ ഒരു മാറ്റവും വരുത്താന്‍ പാടില്ല. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍വ്വീസ് ഓട്ടോറിക്ഷകള്‍ക്ക് താഴെ കറുപ്പും നടുവില്‍ മഞ്ഞവരയും മുകളില്‍ ബ്രൗണ്‍ നിറവുമാണ് അംഗീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫിന്റെ പരസ്യവാചകത്തിനു വേണ്ടി മധ്യഭാഗത്തിനു മുകളില്‍ ബ്രൗണ്‍ കളര്‍ മാറ്റി പൂര്‍ണ്ണമായും ചുവപ്പ് ചായം തേയ്ച്ചു.
ഇത്തരത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ അപേക്ഷ നല്‍കി ഫീസും ഒടുക്കി അനുമതി വാങ്ങണം. എന്നാല്‍, ഭരണത്തിന്റെ തണലില്‍ അനുമതിയൊന്നും വാങ്ങാതെയാണ് സര്‍ക്കാരിനു വേണ്ടി ഓട്ടോറിക്ഷകളുടെ നിയമ ലംഘനം. നിയമ ലംഘനം നടത്തിയ ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വെഹിക്കിള്‍ പരിശോധനാ വിഭാഗത്തിന്റെയും പോലീസിന്റെയും മുന്നില്‍ കൂടി നിരന്തരം പോകുന്നുണ്ടെങ്കിലും നടപടിയില്ല.
മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കിയപ്പോള്‍ വാഹനങ്ങളില്‍ നിയമപ്രകാരമല്ലാത്തവ എല്ലാം നീക്കം ചെയ്ത് പിഴ ഈടാക്കിയിരുന്നു. മന്ത്രിമാരുടെ വാഹനങ്ങളിലെ കര്‍ട്ടന്‍ വരെ നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: