ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വ്യക്തിത്വം പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രോഡ്കാസ്റ്റ് ഓഡിയോ റിസര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്) തയ്യാറാക്കിയ 2019-20 ലെ വാര്‍ഷിക ടിവി വ്യൂവര്‍ഷിപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മോദിയുടെ പൊതു അഭിസംബോധനകള്‍, കോവിഡ് വാക്സിന്റെ കയറ്റുമതി മുതല്‍ ഇടനിലക്കാരുടെ സമരം വരെയുള്ള വിഷയങ്ങളിലെ പ്രസംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
മോദിയുടെ അഭിമുഖങ്ങള്‍, അന്താരാഷ്ട്ര പരിപാടികളിലെ പ്രസംഗങ്ങള്‍, രാജ്യത്തോടുള്ള അഭിസംബോധനകള്‍, അല്ലെങ്കില്‍ വനത്തിലൂടെയുള്ള സാഹസിക യാത്ര തുടങ്ങി എന്തുതന്നെയായാലും, സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്ക് പ്രേക്ഷകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായി പുതിയ ഉയരങ്ങളിലേക്ക് എത്തുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഭാവം വിശദീകരിച്ച് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രധാനമന്ത്രിയുടെ രണ്ടു മണിക്കൂറിലേറെ നീണ്ട ചെങ്കോട്ട പ്രസംഗത്തിന് 133 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു.
2019-ലെ സ്വാതന്ത്ര്യദിന പ്രസംഗം കണ്ടവരില്‍നിന്ന് 40 ശതമാനം അധികമാണിത്. മാര്‍ച്ച് 24ന് ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്, മുന്‍പു നടത്തിയവയേക്കാളും പ്രേക്ഷകരുണ്ടായിരുന്നു. 2020 ഏപ്രിലില്‍ 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ 203 ദശലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ഓരോ തവണയും സംപ്രേഷണം ചെയ്തപ്പോള്‍, വിനോദ, സിനിമാ, കുട്ടികള്‍ക്കായുള്ള ചാനലുകളുടെ പ്രേക്ഷകരില്‍ കാര്യമായ കുറവുവന്നുവെന്നും റിപ്പോർട്ടിലുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് വിളക്കുകള്‍ അണച്ച് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ച ഒന്‍പത് മിനിറ്റില്‍ ടിവി പ്രേക്ഷകരില്‍ 60 ശതമാനത്തിന്റെ ഇടിവ് വന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: